വിവരാവകാശ നിയമത്തിനൊപ്പം സുപ്രിംകോടതിയും
വിവരാവകാശം ദുര്‍ബലപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും പൊതുസമൂഹം ആശങ്കപ്പെട്ടിരിക്കുകയും സുപ്രിംകോടതിയിലെ നടപടികളെല്ലാം ഗോപ്യമാണെന്ന പരാതികള്‍ ജഡ്ജിമാര്‍തന്നെ ഉന്നയിക്കുകയും ചെയ്യുന്ന ഒരവസ്ഥയില്‍ ചീഫ് ജസ്റ്റിസിന്റെ ഓഫിസും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന സുപ്രിംകോടതി വിധി അതീവ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. സുപ്രിംകോടതിയിലെ നടപടിക്രമങ്ങള്‍ സുതാര്യത ഇല്ലാത്തതാണെന്നും മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തന്നിഷ്ടപ്രകാരമാണ് കേസുകള്‍ വീതിച്ച് നല്‍കുന്നതെന്നും ആക്ഷേപമുയര്‍ന്നിരുന്നു. ജസ്റ്റിസ് ജെ. ചെലമേശ്വറിന്റെ നേതൃത്വത്തില്‍ ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് മദന്‍ പി. ലാക്കൂര്‍ എന്നിവര്‍ കോടതിമുറി ബഹിഷ്‌കരിച്ച് കഴിഞ്ഞവര്‍ഷം വാര്‍ത്താസമ്മേളനം നടത്തിയതിന്റെ പശ്ചാത്തലത്തില്‍ വേണം കഴിഞ്ഞദിവസത്തെ സുപ്രിംകോടതി വിധിയെ വിലയിരുത്താന്‍.
അമിത് ഷാ പ്രതിയായ ജസ്റ്റിസ് ബി.എച്ച് ലോയയുടെ ദുരൂഹമരണം സംബന്ധിച്ച് കേസ് കേള്‍ക്കുന്നതില്‍നിന്ന് മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കി താരതമ്യേന ജൂനിയറായ ജഡ്ജിക്ക് കേസ് നല്‍കിയതില്‍ പ്രകോപിതരായാണ് 2018 ഫെബ്രുവരിയില്‍ മുതിര്‍ന്ന ജഡ്ജിമാര്‍ കോടതിമുറി ബഹിഷ്‌കരിച്ചത്. അതിനു മുന്‍പുതന്നെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ സുതാര്യമല്ലാത്ത നടപടികളില്‍ മുതിര്‍ന്ന ജസ്റ്റിസുമാര്‍ അസ്വസ്ഥരായിരുന്നു. കോടതി നടപടികളില്‍ സുതാര്യത വേണമെന്നും തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കാനുള്ളതല്ല ചീഫ് ജസ്റ്റിസ് സ്ഥാനമെന്നും ജഡ്ജിമാരില്‍ ഒന്നാമന്‍ എന്ന പരിഗണന മാത്രമേ ചീഫ് ജസ്റ്റിസിനുള്ളൂ എന്നൊക്കെയുള്ള ആക്ഷേപങ്ങളായിരുന്നു കോടതിമുറ്റത്ത് അന്നു ജഡ്ജിമാര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലൂടെ ആരോപിച്ചത്. ജഡ്ജിമാരുടെ അന്നത്തെ പരാതികള്‍ ഇപ്പോള്‍ സുപ്രിംകോടതി തന്നെ അംഗീകരിച്ചുവെന്നുവേണം വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ സുപ്രിംകോടതിയും വരുമെന്ന വിധിപ്രസ്താവത്തിലൂടെ മനസിലാക്കാന്‍.
സുഭാഷ്ചന്ദ്ര അഗര്‍വാള്‍ എന്ന വ്യക്തി സുപ്രിംകോടതിയില്‍ വിവരാവകാശ നിയമപ്രകാരം ജഡ്ജിമാരുടെ സ്വത്ത് വിവരം ആരാഞ്ഞതാണ് ഇപ്പോഴത്തെ വിധിക്ക് നിമിത്തമായത്. എങ്കിലും കൊളീജിയം സമ്പ്രദായത്തിലെ സുതാര്യതയില്ലായ്മയും നടപടിക്രമങ്ങളുടെ വ്യക്തതയില്ലായ്മയും സുപ്രിംകോടതിയും വിവരാവകാശ നിയമപരിധിയില്‍ വരേണ്ടതാണെന്ന ആവശ്യത്തെ ശക്തിപ്പെടുത്തുന്നതായിരുന്നു. ഇപ്പോഴത്തെ സുപ്രധാനമായ വിധിയിലൂടെ പൊതുസമൂഹത്തിന് ജുഡിഷ്യറിയിലുള്ള വിശ്വാസം ഊട്ടിയുറപ്പിക്കാനും കഴിയും. ജഡ്ജിമാരുടെ സ്വത്ത് വിവരം ആവശ്യപ്പെട്ടുള്ള സുഭാഷ്ചന്ദ്രയുടെ അപേക്ഷ സുപ്രിംകോടതി തള്ളിയപ്പോള്‍ അദ്ദേഹം പരാതിയുമായി വിവരാവകാശ കമ്മിഷണറെ സമീപിക്കുകയായിരുന്നു. സുപ്രിംകോടതിയും പൊതുഅധികാര സ്ഥാപനമാണെന്നും വിവരാവകാശ നിയമപരിധിയില്‍ വരുന്നതാണെന്നും കമ്മിഷണര്‍ ഉത്തരവ് നല്‍കി. ഈ ഉത്തരവിനെതിരേ സുപ്രിംകോടതി സെക്രട്ടറി ജനറല്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും സെക്രട്ടറി ജനറലിന്റെ ഹരജി തള്ളുകയും ചെയ്ത പശ്ചാത്തലത്തില്‍ സെക്രട്ടറി ജനറല്‍ 2010ല്‍ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ആ പരാതിക്കാണിപ്പോള്‍ സുപ്രധാനമായ വിധിയിലൂടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിസമാപ്തി കുറിച്ചിരിക്കുന്നത്.
ജുഡിഷ്യറിയിലെ നടപടിക്രമങ്ങളെക്കുറിച്ച് പൊതുസമൂഹത്തില്‍ സംശയങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു വിധിപ്രസ്താവം സുപ്രിംകോടതിയുടെ നടപടിക്രമങ്ങളിലെ സുതാര്യത ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയും. കോടതി നടപടിക്രമങ്ങളില്‍ സുതാര്യത വേണമെന്ന് പ്രധാനമായും ആവശ്യപ്പെട്ടത് ജസ്റ്റിസ് കുര്യന്‍ ജോസഫായിരുന്നു. ഇക്കാരണത്താല്‍ ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങള്‍ പൊങ്ങി. അതോടൊപ്പം കൊളീജിയം സമ്പ്രദായം പരിഷ്‌കരിക്കണമെന്ന ആവശ്യവും ഉയര്‍ന്നു. ജഡ്ജിമാരെ നിയമിക്കുന്നതില്‍ സര്‍ക്കാരിന് ഇടപെടാനാകുംവിധമുള്ള ദേശീയ ന്യായാധിപ നിയമന കമ്മിഷന്‍ ഭരണഘടനാ വിരുദ്ധമെന്ന് പറഞ്ഞ് സുപ്രിംകോടതി തള്ളിയതിനെ തുടര്‍ന്നായിരുന്നു കൊളീജിയം പരിഷ്‌കരണ ആവശ്യം ഉയര്‍ന്നത്.
സുപ്രിംകോടതിയും വിവരാവകാശ നിയമപരിധിയില്‍ വരുമ്പോള്‍ നിയമസാക്ഷരതയില്‍ പിന്നാക്കം നില്‍ക്കുന്ന ജനതയ്ക്കു ഭാവിയില്‍ സഹായകരമാകും. വിവരാവകാശ നിയമത്തിനും കൂടുതല്‍ ഊര്‍ജസ്വലത ലഭിക്കുകയും ചെയ്യും. ഒന്നാം യു.പി.എ സര്‍ക്കാരാണ് 2005ല്‍ വിവരാവകാശ നിയമം പാസാക്കിയത്. നിയമം പാസായെങ്കിലും പൗരനു വിവരങ്ങള്‍ നല്‍കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തികഞ്ഞ അലംഭാവമാണ് വച്ചുപുലര്‍ത്തുന്നത്. പൗരന്റെ അറിയാനുള്ള അവകാശത്തിന്മേലാണ് സര്‍ക്കാര്‍തന്നെ തടയിട്ടുകൊണ്ടിരിക്കുന്നത്. വിവരാവകാശ നിയമപ്രകാരം ചോദിക്കുന്ന പല ചോദ്യങ്ങള്‍ക്കും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഫലപ്രദമായ ഉത്തരങ്ങളല്ല നല്‍കുന്നത്. കേന്ദ്ര, സംസ്ഥാനങ്ങളിലെ മുഖ്യവിവരാവകാശ കമ്മിഷണര്‍മാരുടെ കാലാവധിയും സേവന വേതന വ്യവസ്ഥകളും നിശ്ചയിക്കുന്നതിനുള്ള അധികാരം കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തമാക്കി കമ്മിഷന്റെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനായിരുന്നു നിയമഭേദഗതി പാസാക്കിയത്.
രാജ്യത്തിന്റെ സുരക്ഷയെയോ അഖണ്ഡതയെയോ പരമാധികാരത്തെയോ ബാധിക്കുന്ന ചോദ്യങ്ങള്‍ക്കൊഴികെയുള്ള ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കാന്‍ ഭരണകൂടങ്ങള്‍ ബാധ്യസ്ഥമാണ്. വിവരാവകാശ നിയമപ്രകാരം പൗരന് ഉത്തരങ്ങള്‍ നല്‍കുന്നതിലൂടെ രാജ്യത്തെ ജനാധിപത്യ ഭരണസംവിധാനത്തെ ശക്തിപ്പെടുത്തുകയും സുതാര്യമാക്കുകയുമാണ് ചെയ്യുന്നതെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മനസിലാക്കണം. ജനാധിപത്യ ഭരണസംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസം ഉറപ്പിച്ചു നിര്‍ത്താനും ഭരണം അഴിമതിമുക്തമാക്കാനും ഉപകരിക്കുന്ന വിവരാവകാശ നിയമം പൗരന്റെ അറിയാനുള്ള അവകാശത്തിന്റെ മറുവാക്കാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."