വീരപ്പമൊയ്‌ലിക്കെതിരേ മന്‍മോഹന്‍ സിങ്
ന്യൂഡല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയതു സംബന്ധിച്ച കൃഷിമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയ ധനകാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ വീരപ്പമൊയ്‌ലിയുടെ നടപടിയെ പരസ്യമായി വിമര്‍ശിച്ചു മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്.
റിപ്പോര്‍ട്ട് മൊയ്‌ലിതന്നെ ട്വിറ്ററില്‍ പരസ്യപ്പെടുത്തിയ സാഹചര്യത്തിലാണ് സമിതിയില്‍ അംഗമായ മന്‍മോഹന്റെ വിമര്‍ശനം. പാര്‍ലമെന്ററി സമിതിയുടെ അന്തസ് എല്ലാ അംഗങ്ങളും കാത്തുസൂക്ഷിക്കേണ്ടതാണെന്നും ചട്ടങ്ങള്‍ പാലിക്കണമെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു. റിപ്പോര്‍ട്ട് സംബന്ധിച്ചു തന്നോടു പലരും വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചിരുന്നു. താന്‍ അതേക്കുറിച്ചു മറുപടി പറഞ്ഞില്ല. കമ്മിറ്റിയുടെ വിശുദ്ധി കാത്തുസൂക്ഷിക്കണമെന്നും ചട്ടങ്ങള്‍ പാലിക്കണമെന്നുമുള്ള നിലപാടാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വീരപ്പമൊയ്‌ലിയുടെ നടപടിക്കെതിരേ ജാര്‍ഖണ്ഡില്‍നിന്നുള്ള ബി.ജെ.പി എം.പി നിഷികാന്ത് ദുബെ ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ മുന്‍പാകെ അവകാശ ലംഘനത്തിനു നോട്ടിസ് നല്‍കിയതിനു പിന്നാലെയാണ് മന്‍മോഹന്‍ സിങ്ങിന്റെ വിമര്‍ശനം. പാര്‍ലമെന്ററി സമിതിയെ വീരപ്പമൊയ്‌ലി രാഷ്ട്രീയവല്‍കരിക്കുകയാണെന്നു സമിതി അംഗംകൂടിയായ ദുബെ ആരോപിച്ചിട്ടുണ്ട്.
നോട്ട് നിരോധനം രാജ്യത്തെ കാര്‍ഷികമേഖലക്കു കനത്ത തിരിച്ചടിയായെന്ന കൃഷിമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് ചോര്‍ന്നതു കേന്ദ്രസര്‍ക്കാരിനു കനത്ത പ്രഹരമായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളില്‍ നോട്ട് നിരോധനത്തിന്റെ നേട്ടങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള ബി.ജെ.പി നേതാക്കള്‍ വിശദീകരിക്കുന്നതിനിടെയായിരുന്നു, പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന വിധത്തിലുള്ള റിപ്പോര്‍ട്ട് പുറത്തായത്.
എന്നാല്‍, റിപ്പോര്‍ട്ടിന്റെ ഉള്ളടക്കങ്ങള്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ ബി.ജെ.പിയുടെ സമ്മര്‍ദത്തെ തുടര്‍ന്നു കൃഷിമന്ത്രാലയം റിപ്പോര്‍ട്ട് തിരുത്തുകയും ചെയ്തു. നോട്ട് നിരോധനം കര്‍ഷകര്‍ക്കു ഗുണകരമായെന്നും അതു കാര്‍ഷികമേഖലയെ ചിട്ടപ്പെടുത്തിയെന്നുമാണ് തിരുത്തിയ റിപ്പോര്‍ട്ടിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."