ഉത്തര കൊറിയയുടെ ആണവപരീക്ഷണത്തിന് ഹിരോഷിമ സ്‌ഫോടനത്തെക്കാള്‍ 17 ഇരട്ടി ശക്തി
ന്യൂയോര്‍ക്ക്: 2017ല്‍ ഉത്തര കൊറിയ നടത്തിയ തെര്‍മോ ന്യൂക്ലിയര്‍ ബോംബ് പരീക്ഷണം ഹിരോഷിമയില്‍ പതിച്ച അണുബോംബിനെക്കാള്‍ 17 ഇരട്ടി ശക്തിയുള്ളതായിരുന്നുവെന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞര്‍. രണ്ടാം ലോകയുദ്ധത്തിനിടെ 1945ല്‍ ജപ്പാനില്‍ യു.എസ് അണുബോംബ് വര്‍ഷിച്ചതിനെ തുടര്‍ന്ന് ഒരുലക്ഷത്തിലേറെ മനുഷ്യരാണ് മരിച്ചത്.
2017 സെപ്റ്റംബര്‍ മൂന്നിന് ഉത്തര കൊറിയ പരീക്ഷിച്ച ഹൈഡ്രജന്‍ ബോംബിന്റെ (എച്ച്-ബോംബ്) ശക്തിയില്‍ അതു പതിച്ച പര്‍വതത്തിന്റെ ഉപരിഭാഗം തെന്നിനീങ്ങിയതായി ഇതുസംബന്ധിച്ച പഠന റിപ്പോര്‍ട്ട് തയാറാക്കിയ ഡോ. കെ.എം ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ഐ.എസ്.ആര്‍.ഒ സംഘം പറയുന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ പര്‍വതത്തിന്റെ ശിഖരം അരമീറ്റര്‍ ഉയര്‍ന്നു.
ഹിരോഷിമയില്‍ 15 കിലോ ടണ്‍ ടി.എന്‍.ടി സ്‌ഫോടനത്തിനു തുല്യമായ സ്‌ഫോടനമാണ് ലിറ്റില്‍ ബോയി നടത്തിയത്. എന്നാല്‍, ഉത്തര കൊറിയ രഹസ്യകേന്ദ്രത്തില്‍ നടത്തിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തില്‍ 245-271 കിലോ ടണ്‍ ടി.എന്‍.ടി സ്‌ഫോടനത്തിനു തുല്യമായ സ്‌ഫോടനമാണ് നടന്നത്. പര്‍വതത്തിന്റെ 540 മീറ്റര്‍ താഴെ വച്ചായിരുന്നു സ്‌ഫോടനം. സാധാരണയായി ഭൂകമ്പതീവ്രത മനസിലാക്കിയാണ് ബോംബുകളുടെ സ്‌ഫോടനശേഷി അളക്കുന്നത്. എന്നാല്‍, അവിടെയുള്ള സീസ്മിക് കേന്ദ്രങ്ങളിലെ വിവരം പുറംലോകത്തിനുനല്‍കാതെ ഉത്തര കൊറിയ തടഞ്ഞുവച്ചിരിക്കുകയായിരുന്നു. അതോടെയാണ് സാറ്റലൈറ്റ് ചിത്രങ്ങളും സീസ്മിക് ഡാറ്റകളും ഉപയോഗിച്ച് അന്നുണ്ടായ ഭൂമിശാസ്ത്രപരമായ മാറ്റങ്ങള്‍ പഠിച്ച് ഐ.എസ്.ആര്‍.ഒ സ്‌പേസ് അപ്ലിക്കേഷന്‍ സെന്ററിലെ ഡോ. ശ്രീജിത്ത്, റിതേഷ് അഗര്‍വാള്‍, എ.എസ് രജവത് എന്നീ ഗവേഷകര്‍ റിപ്പോര്‍ട്ട് തയാറാക്കിയത്.
യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ സെന്റിനല്‍-1, ജപ്പാന്റെ സാറ്റലൈറ്റായ അലോസ്-2 എന്നിവ നല്‍കിയ വിവരങ്ങളും ഇതിനായി ഉപയോഗപ്പെടുത്തി. റോയല്‍ ആസ്‌ട്രോണമിക്കല്‍ സൊസൈറ്റിയുടെ ജിയോഫിസിക്കല്‍ ജേണല്‍ ഇന്റര്‍നാഷനലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 2003ല്‍ ആണവനിര്‍വ്യാപന കരാറില്‍ നിന്ന് ഉത്തര കൊറിയ പിന്മാറിയതോടെയാണ് രാജ്യം ആണവായുധം വികസിപ്പിച്ചെടുത്തത്. ഈയിടെ ഉത്തര കൊറിയ പരീക്ഷിച്ച 10,000 കി.മീ ലക്ഷ്യത്തില്‍ വരെ ചെന്നെത്താന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈലില്‍ ഘടിപ്പിക്കാനാണ് എച്ച്-ബോംബ് വികസിപ്പിച്ചതെന്ന് അവരുടെ ദേശീയ ടെലിവിഷന്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."