പഞ്ചായത്ത് അവഗണിച്ചു; ധനമന്ത്രി എത്തും മുന്‍പേ റോഡ് ഉദ്ഘാടനം ചെയ്തു കെ.സി വേണുഗോപാല്‍ എം.പി
ആലപ്പുഴ: റോഡ് ഉദ്ഘാടനം നടത്താന്‍ ധനമന്ത്രി എത്തും മുന്‍പേ എം.പിയുടെ നേതൃത്വത്തില്‍ ഉദ്ഘാടനം നടത്തി.
കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗ്ഗരേഖയ്ക്ക് വിരുദ്ധമായി എം.പിയെ അവഗണിച്ച് മന്ത്രിയെ കൊണ്ട് റോഡ് ഉദ്ഘാടനം ചെയ്യിക്കാനുളള പഞ്ചായത്ത് അധികൃതരുടെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് കെ.സി വേണുഗോപാല്‍ എം.പി ഉദ്ഘാടനം നിര്‍വഹിച്ചത്. മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ ഓമനപ്പുഴയില്‍ പി.എം.ജി.വൈ.എസ് പദ്ധതിയില്‍പ്പെടുത്തി നിര്‍മ്മിച്ച റോഡിന്റെ ഉദ്ഘാടനത്തിലാണ് കെ.സി വേണുഗോപാല്‍ എം.പിയ്ക്ക് അര്‍ഹമായ പരിഗണന നല്‍കാതെ മന്ത്രി തോമസ് ഐസക്കിനെ ഉദ്ഘാടകനാക്കിയതെന്നാണ് കോണ്‍ഗ്രസുകാരുടെ ആരോപണം.
എല്‍.ഡി.എഫ് ആണ് ഇവിടെ പഞ്ചായത്ത് ഭരിക്കുന്നത്. ഇന്നലെ രാവിലെ 11 ന് മന്ത്രി ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിച്ച് രാവിലെ തന്നെ കെ.സി വേണുഗോപാല്‍ എം.പിയെ കൊണ്ട് റോഡിന്റെ ഉദ്ഘാടനം നടത്തിക്കുകയായിരുന്നു. ഉദ്ഘാടനം എം.പി നടത്തിയെന്ന് അറിഞ്ഞതോടെ മന്ത്രി സ്ഥലത്തെത്തിയില്ല.
പി.എം.ജി.വൈ.എസ് പദ്ധതിയില്‍പ്പെടുത്തിയുളള പദ്ധതികളുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി, അല്ലെങ്കില്‍ എം.പി നടത്തണമെന്നാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും നല്‍കിയിട്ടുള്ള സര്‍ക്കുലറില്‍ വ്യക്തമാക്കിയിരിക്കുന്നതെന്നാണ് എം.പിയെ അനുകൂലിക്കുന്നവര്‍ പറയുന്നത്.
ഈ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് നാളുകള്‍ കഴിഞ്ഞെങ്കിലും ഉദ്ഘാടനത്തിന് പഞ്ചയത്ത് തയ്യാറായില്ലെന്ന് ഇവര്‍ ആരോപിക്കുന്നു.
എം.പിയുടെ ഓഫിസില്‍ നിന്നു തന്നെ പലതവണ ബന്ധപ്പെട്ടെങ്കിലും ഉദ്ഘാടനം നീട്ടിക്കൊണ്ടു പോകുകയായിരുന്നു. എം.പിയെ അവഗണിച്ച് നോട്ടീസ് ഇറക്കിയതിനെതിരേ കഴിഞ്ഞ ദിവസം പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ സെക്രട്ടറിയെ ഉപരോധിച്ചിരുന്നു.
ഇതിന് പിന്നലെയാണ് ഇന്നലെ രാവിലെ കോണ്‍ഗ്രസ് പഞ്ചായത്തംഗങ്ങളും പ്രവര്‍ത്തകരും ചേര്‍ന്ന് കെ.സി വേണുഗോപാല്‍ എം.പിയെ കൊണ്ടു ഉദ്ഘാടനം നടത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."