ബന്ദിപ്പുര്‍ വനമേഖലയിലെ മേല്‍പ്പാലനിര്‍മാണം; പകുതി തുക നല്‍കാന്‍ ഉത്തരവ്
കല്‍പ്പറ്റ: കോഴിക്കോട്-കൊല്ലഗല്‍ ദേശീയ പാതയില്‍ ബന്ദിപ്പുര്‍ വനമേഖലയില്‍ മേല്‍പ്പാലം നിര്‍മിക്കുന്നതിന് ആവശ്യമായ തുകയുടെ പകുതി തുക നല്‍കാനുള്ള ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പ് വെച്ചു. 458 കോടി രൂപയാണ് പദ്ധതിക്ക് ചെലവു വരുക. മേല്‍പ്പാലം നിര്‍മിക്കാന്‍ ആവശ്യമായി വരുന്ന തുകയുടെ പകുതി തുക വീതം കേരളവും കര്‍ണാടകവും തുല്യമായി വഹിക്കണമെന്ന കേന്ദ്ര സര്‍കാര്‍ നിര്‍ദേശം പരിഗണിച്ചാണ് സംസ്ഥാന സര്‍കാര്‍ പകുതി നീക്കി വെച്ച് ഉത്തരവിറക്കിയത്. പാതയിലെ രാത്രിയാത്ര നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് കേരളം സമര്‍പ്പിച്ച ഹരജി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കവേ ആണ് സംസ്ഥാന സര്‍കാര്‍ ഏറെ പ്രതീക്ഷ പകരുന്ന ഉത്തരവില്‍ ഒപ്പ് വെച്ചത്. 2009ലാണ് കോഴിക്കോട് കൊല്ലഗല്‍ ദേശീയപാത 766ല്‍ ബന്ദിപ്പുര്‍ വനമേഖലയില്‍ രാത്രിയാത്ര നിരോധിച്ച് കര്‍ണാടകം ഉത്തരവിറക്കിയത്. നിരോധനം നീക്കണമെന്ന് സംസ്ഥാനം ശക്തമായി വാദിച്ചതോടെ സുപ്രിംകോടതി ഉന്നതതലസമിതിയെ നിയോഗിച്ചു. ദേശീയ കടുവ സംരക്ഷണ അതോറിറ്റി ചെയര്‍മാനും കേരളത്തിന്റെയും കര്‍ണാടകയുടേയും ഗതാഗത സെക്രട്ടറിമാരും ഉള്‍പ്പെട്ട സമിതി നിരവധി തവണ തെളിവെടുപ്പ് നടത്തി. വന്യജീവികളുടെ രാത്രികാല വിഹാരത്തിന് തടസമാകാത്ത വിധത്തില്‍ മേല്‍പ്പാലം നിര്‍മിക്കണമെന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് കേരളം സമിതിക്ക് മുമ്പാകെ സമര്‍പ്പിച്ചത്. ഈ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് സുപ്രികോടതി നിയോഗിച്ച ഉന്നതതല സമിതി കേന്ദ്രഗതാഗത മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നിലവിലുള്ള പാതയില്‍ പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തി 24 മണികൂറും ഗതാഗതം സാധ്യമാക്കണമെന്നാണ് റിപ്പോട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രശ്‌ന പരിഹാരത്തിന് ബന്ദിപ്പൂര്‍ വനമേഖലയില്‍ മേല്‍പ്പാലം നിര്‍മിക്കാനുള്ള നിര്‍ദേശം കേന്ദ്ര ഗതാഗതമന്ത്രാലയം സുപ്രിംകോടതിയെ അറിയിച്ചത്. ബന്ദിപ്പുര്‍ വനത്തിലുടെയുള്ള 25 കിലോമീറ്റര്‍ ദൂരത്തിനിടെ അഞ്ചിടങ്ങളിലായി ഒരു കിലോമീറ്റര്‍ നീളമുള്ള എലവേറ്റഡ് റോഡ് നിര്‍മിക്കണമെന്നാണ് കേന്ദ്ര ഉപരിതല മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ളത്. നിലവില്‍ ഏഴു മീറ്റര്‍ വീതിയുള്ള ദേശീയ പാത 15 മീറ്ററായി വര്‍ധിപ്പിക്കണമെന്നും മേല്‍പ്പാലങ്ങളില്ലാത്ത വനപ്രദേശത്ത് എട്ടു മീറ്റര്‍ ഉയരത്തില്‍ സ്റ്റില്‍വേലി നിര്‍മിക്കണമെന്നും നിര്‍ദേശമുണ്ട്. കേന്ദ്ര നിര്‍ദേശത്തില്‍ അഭിപ്രായം അറിയിക്കാന്‍ കേരളം, കര്‍ണാടക സര്‍ക്കാരുകളോട് സുപ്രിം കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മേല്‍പ്പാലത്തിന് തുക നീക്കി വെച്ച് സംസ്ഥാന സര്‍കാര്‍ പ്രശ്‌നപരിഹാരത്തിനുള്ള നിര്‍ണായക തീരുമാനമെടുത്തത്. എന്നാല്‍ നിരോധനം ഒഴിവാക്കാനുള്ള കേന്ദ്ര നിര്‍ദേശത്തിനെതിരേ കര്‍ണാടകയിലെ പരിസ്ഥിതി വാദികള്‍ രംഗത്തുവന്നിട്ടുണ്ട്. പ്രതിഷേധം ഉയര്‍ന്നതോടെ കേന്ദ്ര നിര്‍ദേശം അംഗികരിക്കില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."