കണ്ണീര്‍ക്കടലില്‍ മുങ്ങി തീരദേശം
കോവളം: കേരളക്കരയെ ഞെട്ടിച്ച ഓഖിദുരന്തം നടന്നിട്ട് വര്‍ഷം ഒന്ന് പൂര്‍ത്തിയായിട്ടും കണ്ണീര്‍ക്കടലില്‍ മുങ്ങി തീരദേശം. നിരാലംബരും പട്ടിണി പാവങ്ങളുമായ കുടുംബങ്ങളുടെ അത്താണികളായ നിരവധിപേരെയാണ് ഓഖി കൊടുങ്കാറ്റിനെ തുടര്‍ന്ന് സംഹാര താണ്ഡവമാടിയ കടല്‍ കവര്‍ന്നെടുത്തത്. ചിലരുടെ വിറങ്ങലിച്ച മൃതദേഹങ്ങള്‍ ദിവസങ്ങള്‍ക്ക് ശേഷം മടക്കി നല്‍കാന്‍ തയാറായ കടലമ്മ കാണാതയവരെ തന്റെ മടിത്തൊട്ടലിലൊളിപ്പിച്ച് അങ്കലാപ്പിന്റെയും ആശങ്കയുടെയും നിലക്കാത്ത ദു:ഖ കയത്തിലേക്ക് ഇവരുടെ ബന്ധുക്കളെ തള്ളി വിട്ടു. മരണത്തെ മുഖാമുഖം കാണിച്ച് പകുതി മരിച്ച ചിലരെ രക്ഷപ്പെടുത്തി കരക്ക് വിട്ടെങ്കിലും കിടക്കകളില്‍ നിന്നെണീക്കാന്‍ കഴിയതെ ദുരന്തത്തിന്റെ മൂക സാക്ഷികളായി ഇവര്‍ മാറി. കേരളത്തിന്റെ മത്സ്യ ബന്ധന ചരിത്രത്തില്‍ സമാനതകളില്ലാത്ത ദുരന്തമാണ് 2017 നവംമ്പര്‍ 30 ന് ഓഖി കൊടുങ്കാറ്റ് വിതച്ചത്. വര്‍ഷം ഒന്ന് പൂര്‍ത്തിയായിട്ടും ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്നും തീരദേശ ജനത ഇതുവരെ മുക്തരായിട്ടില്ല. എന്നും കടലമ്മയുടെ കനിവും കരുതലും ആവോളം നുകര്‍ന്ന മെയ് വഴക്കവും മനക്കരുത്തും കൈമുതലാക്കിയ മത്സ്യതൊഴിലാളികള്‍ക്കുപേലും ആത്മവിശ്വാസം നഷ്ടപ്പെട്ടു. അലറിയടിക്കുന്ന തിരമാലകളെയും വീശിയടിക്കുന്ന കാറ്റിനേയും കൈക്കരുത്തിന്റെയും ആത്മ വിശ്വാസത്തിന്റെയും പങ്കായം ഉപയോഗിച്ച് വകഞ്ഞ് മാറ്റി മുന്നോട്ട് കുതിച്ചിരുന്നവര്‍ക്ക് ചെറിയ കാറും കോളും ചങ്കിടിപ്പ് കൂട്ടിയതോടെ കടലിലിറങ്ങാനുള്ള ധൈര്യവും ചോര്‍ത്തി. ഓഖിക്ക് ശേഷം ദിനേനെയെത്തുന്ന മുന്നറിയിപ്പുകള്‍ തീരദേശത്തെ പട്ടിണിയിലുമാക്കി. കൊടും പട്ടിണിയായതോടെ പട്ടിണി മാറ്റാന്‍ കടലിലിറങ്ങിയവര്‍ക്ക് പേലും ഉള്‍ക്കടലിലേക്ക് പോകാനുള്ള ധൈര്യവും വന്നില്ല.ആഞ്ഞടിച്ച ഓഖി കൊടുങ്കാറ്റിലും ഭാവം മാറി രൌദ്രമായ കടലും തകര്‍ത്തെറിഞ്ഞത് ചെറിയ വള്ളങ്ങളില്‍ മത്സ്യബന്ധനത്തിനിറങ്ങിയവരെയാണ്. തകര്‍ന്ന വള്ളങ്ങളുടെ അവശിഷ്ടങ്ങളില്‍ ജീവനും കൈയില്‍ പിടിച്ച് ദിവസങ്ങളോളം കിടന്ന ശേഷമാണ് പലരും മരണത്തിന് കീഴടങ്ങിയത്. ഇങ്ങനെ കിടന്ന ശേഷം രക്ഷപ്പെട്ട് മടങ്ങി വന്നവരില്‍ പലരും കണ്‍മുന്നില്‍ നിന്നും സഹപ്രവര്‍ത്തകരെ കടലമ്മ കവര്‍ന്നെടുക്കുന്ന കാഴ്ചകള്‍ക്ക് മൂക സാക്ഷികളായ കഥ കണ്ണീരോടെയാണ് വിവരിച്ചത്. രക്ഷാപ്രവര്‍ത്തനത്തിലുണ്ടായ പാളിച്ചകളും ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. തങ്ങളുടെ എല്ലാമെല്ലാമായവരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങിയവര്‍ വിധിയെ പഴിച്ച് ജീവിത താളത്തിലേക്ക് മടങ്ങിയപ്പോള്‍ കാണാതായവര്‍ ഇനിയും മടങ്ങി വന്നേക്കാമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്ന കുടുംബങ്ങളും തീരങ്ങളിലുണ്ട്.
ദുരന്തത്തില്‍ വിഴിഞ്ഞം തീരത്ത് നിന്നും അന്നത്തിന് വകതേടിപ്പോയ 36 പേരെയാണ് കടലമ്മ കവര്‍ന്നത്. 13 പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടു കിട്ടിയത്. ഇനിയും ഉല്‍ക്കൊള്ളാന്‍ കഴിയാത്ത വേര്‍പാടിന്റെയും കാത്തിരിപ്പിന്റെയും കദന കഥകള്‍ മറ്റ് തീരങ്ങളിലുള്ളവര്‍ക്കും പറയാനുണ്ട്. ഇനിയൊരു ദുരന്തം കൂടി താങ്ങാന്‍ കഴിയാത്ത തീരദേശ വാസികളുടെ സുരക്ഷക്കായി അധികൃതര്‍ കൊണ്ടുവന്ന നാവിക് ,സാഗര, പദ്ധതികള്‍ പലതും പരാജയമായി. ആധുനിക രീതിയിലുള്ളതെന്ന പേരില്‍ തയാറാക്കിയ ലൈഫ് ജാക്കറ്റും തഥൈവ. തദ്ദേശീയ ഭാഷയില്‍ മത്സ്യ തൊഴിലാളികള്‍ക്ക് മുന്നറിയിപ്പു നല്‍കുമെന്ന് പറഞ്ഞ് അവതരിപ്പിച്ച നാവികുമായി പരീക്ഷണാര്‍ത്ഥം പുറപ്പെട്ടവര്‍ തിരിച്ചെത്തിയത് ഭാഗ്യം കൊണ്ട് മാത്രമാണെന്നും ഇതിലൂടെ ലഭിച്ച സന്ദേശങ്ങള്‍ ആര്‍ക്കും മനസിലായതുമില്ല. കടലില്‍ പോകുന്നവരുടെയും തിരിച്ച് വരുന്നവരുടെയും കണക്കെടുപ്പിനായി അവതരിപ്പിച്ച സാഗര ആപ്‌ളിക്കേഷനും ലക്ഷ്യം കണ്ടില്ല. രണ്ട് മാസം മുന്‍പ് വിഴിഞ്ഞം കടലില്‍ ലൈഫ് ജാക്കറ്റ് പരീക്ഷാനിറങ്ങിയ ലൈഫ് ഗാര്‍ഡിനെ രക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കടലില്‍ ചാടേണ്ടിവന്നു. കടലില്‍ സുരക്ഷക്കും രക്ഷാപ്രവര്‍ത്തനത്തിനും ചുമതലയുള്ള സുരക്ഷാ ഏജന്‍സികള്‍ക്കും ഓഖിക്ക് മുന്നില്‍ കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. രക്ഷാപ്രവര്‍ത്തനത്തിന് കടലില്‍ ഇറക്കാന്‍ കഴിയുന്ന തരത്തിലുള്ള നല്ല ഒരു ബോട്ടു പോലും സുരക്ഷാ ഏജന്‍സികളായ തീരദേശ
പൊലിസിനോ , മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിനോ ഇല്ല. ഓഖി ദുരന്തത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ തങ്ങളെ വിട്ടുപിരിഞ്ഞവരുടെ നീറുന്ന ഓര്‍മകള്‍ക്ക് മുന്നില്‍ വിവിധ ഇടവകകളുടെ നേതൃത്വത്തില്‍ തീരദേശങ്ങളില്‍ സംഘടിപ്പിച്ച പ്രത്യേക പ്രാര്‍ത്ഥനകളിലും അനുസ്മരണ പരിപാടികളിലും തീരദേശ ജനത ഒന്നടങ്കം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."