വിളപ്പില്‍ശാലയില്‍ കുടിവെള്ള പൈപ്പുകള്‍ പൊട്ടിയൊഴുകുന്നു
കാട്ടാക്കട : പൊതുമരാമത്തും ജലവിഭവ വകുപ്പും ശീതസമരം പ്രഖ്യാപിച്ചതോടെ പൊട്ടിയ പൈപ്പുകള്‍ ശരിയാക്കാതെ വാട്ടര്‍ അതോറിറ്റി കരാറുകാര്‍. റോഡ് കുഴിക്കുന്നതിന് പി.ഡബ്ല്യു.ഡി അനുമതി നല്‍കാത്തതാണ് പ്രശ്നം. അനുമതിയില്ലാതെ റോഡ് കുഴിച്ചാല്‍ വന്‍ തുകയാണ് പിഴ ചുമത്തുന്നത്. ഇത് ഭയന്നാണ് പൈപ്പ് പൊട്ടിയൊഴുകുന്നത് ശ്രദ്ധയില്‍ പെട്ടിട്ടും കരാറുകാര്‍ തിരിഞ്ഞു നോക്കാത്തത്.
ഇതോടെ പൊട്ടിയ പൈപ്പുകള്‍ വഴി ലക്ഷക്കണക്കിന് ലിറ്റര്‍ കുടിവെള്ളമാണ് പാഴാകുന്നത്. വിളപ്പില്‍ശാലയില്‍ കഴിഞ്ഞ ഒരാഴ്ചയായി പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥയാണ്. ഒട്ടുമിക്ക റോഡുകളും പുഴകള്‍ പോലായി. കൊല്ലംകോണം, വാഴവിളാകം, വിളപ്പില്‍ശാല ക്ഷേത്ര ജങ്ഷന്, വടക്കേ ജങ്ഷന് എന്നിവിടങ്ങളിലെല്ലാം പൈപ്പുകള്‍ പൊട്ടി റോഡിലൂടെ വെള്ളം ഒഴുകുകയാണ്. പൈപ്പ് പൊട്ടല്‍ വാട്ടര്‍ അതോറിറ്റി അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയാല്‍ സമീപത്തെ വാല്‍വടച്ച് ആ പ്രദേശത്തേക്കുള്ള ജലവിതരണം നിര്‍ത്തിവയ്ക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇതുകാരണം വിളപ്പില്‍ശാലയില്‍ പല പ്രദേശങ്ങളിലും ദിവസങ്ങളായി കുടിവെള്ളമെത്തുന്നില്ലെന്ന് പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."