ഹരിതകര്‍മസേന ഇന്ന് എല്ലാ പഞ്ചായത്തുകളിലും മാലിന്യശേഖരണം തുടങ്ങും
കല്‍പ്പറ്റ: ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും ഹരിതകര്‍മസേന ഇന്ന് മാലിന്യശേഖരണം തുടങ്ങും.
ഹരിതകര്‍മസേനയ്ക്ക് ഏകീകൃത യൂസര്‍ ഫീ നിശ്ചയിക്കുന്നതിനു ഡിസംബര്‍ അഞ്ചിന് ഉച്ചകഴിഞ്ഞു തദ്ദേശസ്ഥാപന അധ്യക്ഷരുടെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളുടെയും യോഗം കലക്ടറേറ്റിലെ എ.പി.ജെ ഹാളില്‍ ചേരും. ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി കലക്ടറേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചതാണ് വിവരം. ജനകീയ മുന്നേറ്റമുണ്ടായാല്‍ മാത്രമേ ജില്ലയെ മാലിന്യമുക്തമാക്കാന്‍ കഴിയൂവെന്നും ഇതിന് രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളുടെ പിന്തുണയുണ്ടാകണമെന്നും യോഗത്തിനിടെ കലക്ടര്‍ അഭ്യര്‍ഥിച്ചു.
മാലിന്യം സൂക്ഷിക്കുന്ന മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി(എം.സി.എഫ്)നെക്കുറിച്ച് ജനങ്ങളെ ബോധവല്‍കരിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ശാസ്ത്രീയരീതിയിലാണ് എല്ലാ പഞ്ചായത്തുകളിലും എം.സി.എഫ് സ്ഥാപിച്ചിരിക്കുന്നത്. ഇതിനായി വ്യാപക പ്രചാരണം ആസൂത്രണം ചെയ്യണം. ഈ പ്രവര്‍ത്തനങ്ങള്‍ ജില്ലാ ശുചിത്വമിഷന്‍ ഏറ്റെടുക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. പ്ലാസ്റ്റിക് ഷ്രഡിങ് യൂണിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ നടപടികള്‍ പൂര്‍ത്തിയായതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. കല്‍പ്പറ്റ ബ്ലോക്കില്‍ മാത്രം ആറു യന്ത്രങ്ങളാണുള്ളത്.
വാര്‍ഡുതല ശുചിത്വ ജാഗ്രതാസമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനം. സമിതികളില്‍ പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകരുടെ പങ്കാളിത്തം ഉറപ്പാക്കും. ടൂറിസം രംഗത്ത് കുതിച്ചുചാട്ടത്തിനും മാലിന്യമുക്ത വയനാട് കാംപയിന്‍ സഹായിക്കും. ജില്ലാ കലക്ടറുടെ നിര്‍ദേശങ്ങള്‍ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ സ്വാഗതം ചെയ്തു. വയനാടിനെ മാലിന്യമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരാന്‍ മുന്നിട്ടിറങ്ങണമെന്നു പ്രവര്‍ത്തകരോട് ആവശ്യപ്പെടുമെന്ന് അവര്‍ അറിയിച്ചു.
തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് അനിഷ സുരേന്ദ്രന്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ബി.കെ സുധീര്‍ കിഷന്‍, ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോഡിനേറ്റര്‍ എം.പി രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ജി വിജയകുമാര്‍, എ.ഡി.സി ജനറല്‍ പി.സി മജീദ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജോയ് ജോണ്‍, വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളായ പി. ഗഗാറിന്‍, മൊയ്തീന്‍കുട്ടി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."