വാഹന ഇന്‍ഷുറന്‍സ് പോളിസിയിലും വ്യാജന്‍
ഏറ്റുമാനൂര്‍: വാഹന ഇന്‍ഷുറന്‍സ് പോളിസികളിലും വ്യാജന്‍ വിലസുന്നു. കഴിഞ്ഞ ദിവസം ഏറ്റുമാനൂരിലെ ന്യൂ ഇന്ത്യാ അഷ്വറന്‍സ് ഓഫിസിലാണ് വ്യാജ പോളിസി രേഖയുമായി ഒരാള്‍ ഇന്‍ഷുറന്‍സ് ഇടപാടുകള്‍ക്ക് എത്തിയത്. മറ്റൊരാളില്‍നിന്നും വാങ്ങിയ വാഹനത്തിന്റെ പോളിസി തന്റെ പേരിലേക്ക് മാറ്റുവാനായി എത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടുവെന്ന് വാഹന ഉടമയും അറിയുന്നത്.
സംഭവം ഇങ്ങനെ, മലപ്പുറത്തുനിന്നും ഏറ്റുമാനൂര്‍ സ്വദേശി വാങ്ങിയ വാഹനത്തിന്റെ പോളിസിയാണ് വ്യാജമെന്ന് തെളിഞ്ഞത്. ഈരാറ്റുപേട്ട സ്വദേശിയായ ഇടപാടുകാരന്‍ മുഖേനയാണ് കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി ആഴ്ചകള്‍ക്ക് മുന്‍പ് ഐഷര്‍ വാഹനം വാങ്ങിയത്. തുടര്‍ന്ന് ആര്‍.ടി ഓഫിസിലെത്തി വാഹനം തന്റെ പേരിലേക്ക് മാറ്റുകയും ചെയ്തു.
വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറി 14 ദിവസത്തിനകം ഇന്‍ഷുറന്‍സും പുതിയ ഉടമയുടെ പേരിലേക്ക് മാറ്റണമെന്നുള്ളതുകൊണ്ടാണ് ഇദ്ദേഹം ന്യൂ ഇന്ത്യാ അഷ്വറന്‍സ് കമ്പനിയുടെ ഏറ്റുമാനൂര്‍ ശാഖയില്‍ എത്തിയത്.
പഴയ പോളിസി രേഖയുടെ പകര്‍പ്പുമായെത്തിയ ഇദ്ദേഹത്തിന്റെ പേരിലേക്ക് പോളിസി മാറ്റുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇങ്ങനെയൊരു പോളിസി കമ്പനി നല്‍കിയിട്ടില്ലെന്ന് വ്യക്തമാകുന്നത്.
ന്യൂ ഇന്ത്യാ അഷ്വറന്‍സ് ലിമിറ്റഡിന്റെ കട്ടപ്പന ശാഖയില്‍നിന്നും നല്‍കിയതെന്ന രീതിയില്‍ വ്യാജമായി നിര്‍മിച്ചതാണ് ഈ രേഖയെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. 48,000 രൂപ പ്രീമിയം അടച്ചതായാണ് പോളിസി രേഖയില്‍ കാണിച്ചിട്ടുള്ളത്.
ഇന്‍ഷുറന്‍സ് കമ്പനി അധികൃതര്‍ ഏറ്റുമാനൂര്‍ പൊലിസില്‍ പരാതി നല്‍കി എങ്കിലും സ്വീകരിക്കാന്‍ പൊലിസ് തയാറായില്ല.
വ്യാജ പോളിസി നല്‍കിയിരിക്കുന്നത് ന്യൂ ഇന്ത്യാ അഷ്വറന്‍സ് ലിമിറ്റഡിന്റെ കട്ടപ്പന ഓഫിസ് വിലാസത്തില്‍ ആയതിനാല്‍ പരാതി കട്ടപ്പന സ്റ്റേഷനില്‍ നല്‍കണമെന്നായിരുന്നു ഏറ്റുമാനൂര്‍ പൊലിസ് നിര്‍ദേശിച്ചത്.
ഇതനുസരിച്ച് കമ്പനിയുടെ ഏറ്റുമാനൂര്‍ ശാഖാ അധികൃതര്‍ കട്ടപ്പന ഓഫിസിലേക്ക് വിവരം അറിയിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."