ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിടില്ല; സിരിസേന അധികാരമൊഴിയുന്നു?
കൊളംബോ: പാര്‍ലമെന്റിന്റെ നിയന്ത്രണം പിടിച്ചടക്കാനുള്ള എല്ലാ അടവുകളും പാളിയതോടെ പുറത്തേക്കുള്ള സുരക്ഷിത വഴിതേടി ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന. പാര്‍ലമെന്റ് പിരിച്ചുവിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളിക്കൊണ്ടാണ് പ്രസിഡന്റുമായി അടുത്ത വൃത്തങ്ങള്‍ പുതിയ വാര്‍ത്ത പുറത്തുവിട്ടത്.
പാര്‍ലമെന്റ് പിരിച്ചുവിട്ട നടപടി റദ്ദാക്കിയ കോടതി വിധിക്കെതിരേ സിരിസേന ശ്രീലങ്കന്‍ സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇത് ഉടന്‍ കോടതിയുടെ പരിഗണനയില്‍ വന്നേക്കും. കേസില്‍ ഈ മാസം ഏഴിനു വിധി പ്രഖ്യാപിക്കാനുമിടയുണ്ട്. എന്നാല്‍, നടപടിക്കു ഭരണഘടനാ സാധുതയില്ലാത്തതുകൊണ്ടുതന്നെ തീരുമാനം പിന്‍വലിച്ചു മാന്യമായി അധികാരമൊഴിയാനാണ് സിരിസേന നീക്കം നടത്തുന്നതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി. പുതിയ രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്നു രാജ്യത്തെ നാണയത്തിന്റെ മൂല്യം ഇടിയുകയും നിക്ഷേപങ്ങള്‍ കുത്തനെ താഴുകയും ചെയ്തിട്ടുണ്ട്.
രാജപക്‌സെയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാംഗങ്ങള്‍ക്കു ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതു കഴിഞ്ഞ വെള്ളിയാഴ്ച ശ്രീലങ്കന്‍ പാര്‍ലമെന്റ് തടഞ്ഞിരുന്നു. പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പ് രാജപക്‌സെ പക്ഷ എം.പിമാര്‍ ബഹിഷ്‌കരിച്ചിരുന്നു.
കഴിഞ്ഞ ഒക്ടോബറില്‍ പ്രസിഡന്റ് സിരിസേന റെനില്‍ വിക്രമസിംഗെയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നു നീക്കി പകരം മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയെ സ്ഥാനത്ത് അവരോധിച്ചതോടെയാണ് ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രതിസന്ധിക്കു തുടക്കമായത്. ആദ്യം ഒരാഴ്ചത്തേയ്ക്കു പാര്‍ലമെന്റ് ചേരുന്നതു സിരിസേന തടഞ്ഞു. പിറകെ പാര്‍ലമെന്റ് പിരിച്ചുവിട്ടു പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, നടപടി കോടതി തടഞ്ഞതോടെ പാര്‍ലമെന്റില്‍ നടന്ന അവിശ്വാസ പ്രമേയം വിജയിച്ചു. ഇതോടെയാണ് സിരിസേനയ്ക്കു മുന്‍പിലുള്ള എല്ലാ വഴികളും അടഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."