ഹര്‍ത്താലില്‍ നിന്നൊഴിഞ്ഞ് കണ്ണൂര്‍ സിറ്റി
കണ്ണൂര്‍: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഹര്‍ത്താല്‍ നടക്കുന്ന ജില്ലയെന്ന പേരുദോഷമുള്ളപ്പോഴും ഇതൊന്നും ബാധിക്കാത്ത ഒരിടമുണ്ട് കണ്ണൂരില്‍. കണ്ണൂര്‍ നഗരത്തിലെ പഴയ വ്യാപാര കേന്ദ്രമായ കണ്ണൂര്‍ സിറ്റി പ്രദേശത്തെയാണ് ഏതു ഹര്‍ത്താലും ബാധിക്കാത്തത്. പരസ്പരം പോരടിച്ച് രാഷ്ട്രീയപാര്‍ട്ടികള്‍ പലപ്പോഴും ഹര്‍ത്താല്‍ നടത്തുമ്പോഴും ഇതൊന്നും അറിഞ്ഞ ഭാവം നടിക്കാതെ കണ്ണൂര്‍ സിറ്റി രാവിലെ മുതല്‍ പതിവു തിരക്കിലമരും. ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താലിലും ഇന്നലെ കണ്ണൂര്‍ സിറ്റിയിലെ കടകളും റസ്റ്റോറന്റുകളും തട്ടുകടകളും വരെ തുറന്നു. ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള ടാക്സി വാഹനങ്ങളും സര്‍വിസ് നടത്തി. കണ്ണൂര്‍ സിറ്റിയില്‍ നൂറോളം കടകളാണുള്ളത്. വ്യാപാരികളില്‍ എല്ലാവരും നാട്ടുകാര്‍ തന്നെ. അപൂര്‍വം ചിലര്‍ മാത്രമേ പുറത്തുനിന്ന് ഇവിടെയെത്തി കച്ചവടം നടത്തുന്നുള്ളൂ. സാധാരണ നഗരങ്ങളിലടക്കം പുറമെ നിന്നുള്ളവരാണു വ്യാപാരികള്‍. എന്നാല്‍ കണ്ണൂര്‍ സിറ്റി പ്രദേശത്തുള്ളവര്‍ തന്നെ വ്യാപാരികളായതിനാല്‍ അവരുടെ കടകള്‍ അടയ്പ്പിക്കാന്‍ പുറത്തുനിന്ന് ആരും എത്താറില്ല. കണ്ണൂര്‍ സിറ്റിയുടെ ഭാഗമായ കണ്ണൂര്‍ സിറ്റി സെന്‍ട്രല്‍, തായത്തെരു, ആനയിടുക്ക്, ആയിക്കര, നീര്ച്ചാല്, തയ്യില്‍, മൈതാനപ്പള്ളി, വെറ്റിലപ്പള്ളി എന്നിവിടങ്ങളിലെല്ലാം ഇന്നലെയും കടകള്‍ തുറന്നു പ്രവര്‍ത്തിച്ചു. ഞായറാഴ്ചകളില്‍ അവധിയുള്ള കടകള്‍ മാത്രമാണ് ഇന്നലെ തുറക്കാതിരുന്നത്. കണ്ണൂര്‍ സിറ്റിയുടെ ചരിത്രത്തില്‍ നാലുതവണ മാത്രമേ ഹര്‍ത്താല്‍ നടന്നിട്ടുള്ളൂ. ഇന്ദിരാഗാന്ധി, സി.എച്ച് മുഹമ്മദ് കോയ, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍, ഇ. അഹ്മദ് എന്നിവരുടെ മരണങ്ങളെ തുടര്‍ന്നുള്ള ഹര്‍ത്താലില്‍ ഇവിടത്തെ വ്യാപാരികള്‍ ആഹ്വാനമൊന്നുമില്ലാതെ സ്വയം കടകള്‍ അടച്ചതിനാലാണ് അന്നു കണ്ണൂര്‍ സിറ്റിയെയും ഹര്‍ത്താല്‍ ബാധിച്ചത്. ഹര്‍ത്താലിനെതിരേ ജനരോഷം ഉയര്‍ന്നുവരുന്ന പുതിയ കാലഘട്ടത്തില്‍ കണ്ണൂര്‍ സിറ്റിയെ കേരളമാകെ മാതൃകയാക്കണമെന്നാണു പ്രായഭേദമന്യേ ഇവിടത്തുകാരുടെ അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."