മാധ്യമ വിലക്ക് നീക്കില്ലെന്നു സര്‍ക്കാര്‍, പോര്‍മുഖം തുറന്ന് മാധ്യമ പ്രവര്‍ത്തകര്‍
തിരുവനന്തപുരം: മാധ്യമ വിലക്കേര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാറുമായി പോര്‍ മുഖം തുറന്ന് മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ കെ.ഡബ്യൂ.ജെ. മാധ്യമ വിലക്കേര്‍പ്പെടുത്തിയ സര്‍ക്കുലര്‍ പിന്‍വലിക്കില്ലെന്നു മുഖ്യമന്ത്രി നിയമ സഭയില്‍ അറിയിച്ചതിനു പിന്നാലെയാണ് പോരാട്ടം കടുപ്പിക്കാന്‍ മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയും തീരുമാനിച്ചത്.
നിലപാടില്‍ പ്രതിഷേധിച്ച് ചാവ്വാഴ്ച രാവിലെ കേരളാ പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ സെക്രട്ടറിയറ്റിലേക്ക് മാധ്യമ പ്രവര്‍ത്തകര്‍ മാര്‍ച്ച് ചെയ്യും.
ഇക്കാര്യത്തില്‍ ചില മാനദണ്ഡങ്ങള്‍ നേരത്തെ നിലവിലുണ്ടായിരുന്നുവെന്നും ഇപ്പോള്‍ പുറപ്പെടുവിച്ച സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങളില്‍ ചിലര്‍ ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ടെന്നും നിലവിലുണ്ടായിരുന്ന മാനദണ്ഡങ്ങള്‍ കൂടി പരിഗണിച്ച് യുക്തമായ ഭേദഗതി വരുത്തുമെന്നുമാണ് കെ.സി. ജോസഫ് എം.എല്‍.എയുടെസബ്മിഷനുള്ള മുഖ്യമന്ത്രിയുടെ മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കിയത്.
മാധ്യമ സ്വാതന്ത്ര്യ വിരുദ്ധമായ സര്‍ക്കുലര്‍ പിന്‍വലിക്കുവാനാണ് സര്‍ക്കാര്‍ തയ്യാറാവേണ്ടതെന്ന് സംസ്ഥാന പ്രസിഡണ്ട് കമാല്‍ വരദൂര്‍, ജനറല്‍ സെക്രട്ടറി സി.നാരായണന്‍ എന്നിവര്‍ പ്രസ്താവിച്ചു. സര്‍ക്കാര്‍ നിയമസഭയില്‍ നല്‍കിയ മറുപടി യഥാര്‍ഥ പ്രശ്‌നങ്ങള്‍ സൂചിപ്പിക്കുകയോ അവ ഇല്ലാതാക്കുമെന്ന് പറയുകയോ ചെയ്യുന്നില്ല . മാത്രമല്ല പി.ആര്‍.ഡി. യെ ഉപയോഗിച്ചുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്ന സൂചനയാണുള്ളത്. ഇത് ഫലത്തില്‍ വിവാദ സര്‍ക്കുലറിന്റെ പ്രധാന ഉള്ളടക്കം മാറ്റമില്ലാതെ തുടരും എന്ന സംശയം ഉയര്‍ത്തുന്നതാണ്. ഈ സര്‍ക്കുലര്‍ പൂര്‍ണമായും പിന്‍വലിക്കുകയും യുക്തമായ കൂടിയാലോചനയിലൂടെ എല്ലാവര്‍ക്കും യോജ്യമായ രീതിയില്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് നയം രൂപപ്പെടുത്തുകയും വേണം.
കേരളത്തില്‍ ഇപ്പോള്‍ തന്നെ മതിയായ നിയന്ത്രണം മാധ്യമ പ്രവര്‍ത്തകരുടെ മേല്‍ ഉണ്ട്. ഇതില്‍ കൂടുതല്‍ ഏര്‍പ്പെടുത്തിയാല്‍ പിന്നെ സ്വതന്ത്രമാധ്യമ പ്രവര്‍ത്തനം എന്നൊന്ന് ഇല്ലാതാകും. അതിനാല്‍ വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കുന്ന തീരുമാനം മുഖ്യമന്ത്രിയില്‍ നിന്നും പ്രതീക്ഷിക്കുന്നുവെന്നും കെ.ഡബു.എ.ജെ ഭാരവാഹികള്‍ പറയുന്നു.
കെ.സി. ജോസഫ് എം.എല്‍.എയുടെസബ്മിഷനുള്ള മുഖ്യമന്ത്രിയുടെ മറുപടി
അച്ചടിദൃശ്യ മാധ്യമങ്ങള്‍ക്ക് ഫലപ്രദമായി അവരുടെ ധര്‍മ്മം നിര്‍വ്വഹിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങളും സംവിധാനങ്ങളും സെക്രട്ടേറിയറ്റിലുള്‍പ്പെടെ ഒരുക്കുന്നതിന് ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പിനെ ചുമതലപ്പെടുത്തിക്കൊണ്ട് പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനല്ല, മറിച്ച്, മാധ്യമങ്ങള്‍ക്ക് കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതിന് സാഹചര്യമൊരുക്കുകയാണ് ഉദ്ദേശ്യം.
മുഖ്യമന്ത്രിയും മന്ത്രിമാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും സംസ്ഥാനജില്ലാതലങ്ങളില്‍ നടത്തുന്ന പത്രസമ്മേളനങ്ങള്‍, പ്രതികരണങ്ങള്‍ എന്നിവയെല്ലാം എല്ലാ മാധ്യമങ്ങള്‍ക്കും ഒരുപോലെ ലഭിക്കുന്നതിനുള്ള ക്രമീകരണമാണ് ലക്ഷ്യം വച്ചത്. അതിന് നിലവിലുള്ള തടസ്സം ഒഴിവാക്കുന്നതിനായി എല്ലാ മാധ്യമങ്ങള്‍ക്കും കൃത്യമായ അറിയിപ്പ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഐ & പി.ആര്‍.ഡി വഴി സംവിധാനമൊരുക്കും. ഇതിനായി ഒരു മൊബൈല്‍ ആപ്പ് തയ്യാറാക്കാന്‍ സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ട്.
ഔദ്യോഗിക പരിപാടികളിലും മറ്റും അക്രഡിറ്റേഷനോ എന്‍ട്രി പാസ്സോ ഉള്ള എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും പ്രവേശനം നല്‍കും. യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇക്കാര്യത്തില്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല.
ദൃശ്യ മാധ്യമങ്ങളും ഓണ്‍ലൈന്‍ മാധ്യമങ്ങളും കൂടുതല്‍ സജീവമായ ഇക്കാലത്ത് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതികരണങ്ങള്‍ക്കായി മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏതു സമയത്തും അവരെ സമീപിക്കേണ്ടിവരുന്നുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ ഇത് സുരക്ഷാ പ്രശ്‌നങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. ഇത്തരം പ്രതികരണങ്ങള്‍ എല്ലാവര്‍ക്കും സുഗമമായി ലഭിക്കുന്നതിന് മുന്‍കൂട്ടി എല്ലാവര്‍ക്കും അറിയിപ്പ് ലഭ്യമാക്കുക എന്ന ഒരു നിര്‍ദ്ദേശവും മുന്നോട്ടുവച്ചിട്ടുണ്ട്.
പത്രസമ്മേളനങ്ങള്‍ക്ക് പുറമേ സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും കൃത്യതയോടെയും ഫലപ്രദമായും മാധ്യമങ്ങളെ അറിയിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പി.ആര്‍.ഡി മുഖേന ഏകോപിപ്പിക്കുന്നതിനുള്ള പൊതു നിര്‍ദ്ദേശമാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ളത്.
ഇക്കാര്യത്തില്‍ ചില മാനദണ്ഡങ്ങള്‍ നേരത്തെ നിലവിലുണ്ടായിരുന്നു. ഇപ്പോള്‍ പുറപ്പെടുവിച്ച സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങളില്‍ ചിലര്‍ ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്. നിലവിലുണ്ടായിരുന്ന മാനദണ്ഡങ്ങള്‍ കൂടി പരിഗണിച്ച് യുക്തമായ ഭേദഗതി വരുത്തുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."