മാവോയിസ്റ്റ് ഭീഷണിയുടെ മറവില്‍ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് ഒന്നരക്കോടി മുടക്കി കുഴി ബോംബ് വാഹനം വാങ്ങുന്നു
തിരുവനന്തപുരം: മാവോയിസ്റ്റ് ഭീഷണിയുള്ള മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാന്‍ പൊലിസിനു കുഴി ബോംബ് വാഹനം. മുഖ്യമന്ത്രിയുടെ മലബാറിലുള്ള പരിപാടികളില്‍ ശക്തമായ സുരക്ഷ ഒരുക്കാന്‍ വേണ്ടിയാണ് പൊലിസ് മൈന്‍ ആക്രമണങ്ങളെ പ്രതിരോധിക്കുന്ന മൈന്‍ ഡിറ്റക്ടര്‍ വാങ്ങാന്‍ ആലോചിക്കുന്നത്.
ഒന്നര കോടിയാണ് ഇത് വാങ്ങാനുള്ള ചെലവ്. സംസ്ഥാനത്ത് മാവോയിസ്റ്റ് ഭീഷണിക്കെതിരായ പോരാട്ടം ശക്തമാക്കുക എന്ന ലക്ഷ്യം വച്ചാണ് 'ആന്റി മൈന്‍ ഡിറ്റക്ടര്‍ ഫോര്‍ കൗണ്ടര്‍ ഇന്‍സര്‍ജന്‍സി ഓപ്പറേഷന്‍സ് ഫോര്‍ ആള്‍ റൗണ്ട് പ്രോട്ടക്ഷന്‍' എന്ന കവചിത വാഹനം വാങ്ങുന്നതെന്നാണ് പൊലിസ് ആസ്ഥാനത്ത് നിന്നുള്ള വിശദീകരണം.
പൊലിസിന്റെ പ്രത്യേക ഫണ്ടില്‍ നിന്നാണ് പണം ചെലവിടാന്‍ തീരുമാനം എന്നറിയുന്നു. സംസ്ഥാനത്ത് മാവോയിസ്റ്റ് സാന്നിധ്യം കൂടുതലാണെന്നും മാവോയിസ്റ്റ് ആക്രമണവും, തീവ്രവാദ ആക്രമണങ്ങളും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്തുമാണ് ഡിറ്റക്ടര്‍ വാങ്ങുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്. മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളും വനമേഖലകളുമായി അതിര്‍ത്തി പങ്കിടുന്ന മറ്റ് ജില്ലകളിലും മാവോയിസ്റ്റ് സാന്നിധ്യമുള്ളതായും ഇവര്‍ കുഴി ബോംബുകള്‍ സ്ഥാപിച്ച് ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നാണ് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയ്ക്ക് മാവോയിസ്റ്റ് ഭീഷണി ഉണ്ടെന്നും മലബാറില്‍ പങ്കെടുക്കുന്ന പരിപാടികളില്‍ കൂടുതല്‍ സുരക്ഷ ഒരുക്കേണ്ടതാണെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്നാണ് പൊലിസ് മേധാവി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കേന്ദ്ര മാവോയിസ്റ്റ് ഫണ്ടില്‍ നിന്നും കൂടുതല്‍ പണം കേരളത്തിലേയ്ക്ക് കൊണ്ടു വരികയാണ് പൊലിസ് ലക്ഷ്യം വയ്ക്കുന്നത്.
പത്തു സീറ്റുള്ള ബി.എസ് നാല് വെഹിക്കിള്‍ ആണ് മൈന്‍ ഡിറ്റക്ടര്‍. ഇതിന്റെ എന്‍ജിന്‍ കപ്പാസിറ്റി 6,000 സി.സിയാണ്. കുഴി ബോംബുകള്‍ കണ്ടെത്താനുള്ള സെന്‍സറുകളും സ്‌കാനറുമുള്‍പ്പെടെ ആധുനിക സംവിധാനങ്ങള്‍ ഇതിലുണ്ട്. ഏത് പ്രതികൂല സാഹചര്യങ്ങളെയും നേരിടാനുള്ള ശേഷിയുള്ള വാഹനത്തിന് 150 ലിറ്റര്‍ ഇന്ധന ശേഷിയുണ്ട്. 42 മില്ലി മീറ്റര്‍ കനമുള്ള ബുള്ളറ്റ് പ്രൂഫ് ഗ്‌ളാസുകൊണ്ട് നിര്‍മിച്ച വിന്‍ഡോകള്‍, ശത്രുക്കളെ തുരത്താന്‍ പത്ത് ഫയറിങ് പോയിന്റുകള്‍, നിരീക്ഷണത്തിന് അത്യാധുനിക കാമറകള്‍, തെര്‍മല്‍ ഇമേജിങ് കാമറ സംവിധാനം, വയര്‍ലസ് ഉള്‍പ്പെടെയുള്ള അത്യാധുനിക വാര്‍ത്താവിനിമയ സൗകര്യവും ഇതില്‍ ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."