ദുരൂഹത വര്‍ധിപ്പിച്ച് യുവതിയുടെ മരണം: പരാതി നല്‍കിയ ഭര്‍ത്താവിനുമര്‍ദനമേറ്റതിനു പിന്നാലെ കൂട്ടുകാരിക്കും ഭീഷണിയെന്ന്, ആരോപണങ്ങളുടെ മുന സി.പി.എം ജില്ലാ സെക്രട്ടറിക്കുനേരെ, എല്ലാം നിഷേധിച്ച് പാര്‍ട്ടി നേതൃത്വം
വൈത്തിരി: ഭാര്യ സക്കീനയുടെ മരണത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറിയുടെ പങ്ക് അന്വേഷിക്കണമെന്ന് പരാതി നല്‍കിയ യുവാവിന് മര്‍ദനമേറ്റതിനു പിന്നാലെ മരിച്ച സക്കീനയുടെ കൂട്ടുകാരി തുളസിയും ജീവനില്‍ ഭീഷണിയുണ്ടെന്ന് കാണിച്ച് പൊലിസില്‍ പരാതി നല്‍കി. സി.പി.എം വയനാട് ജില്ലാ സെക്രട്ടറി പി.ഗഗാറിനെതിരേയായിരുന്നു വൈത്തിരി സ്വദേശി സക്കീനയുടെ ഭര്‍ത്താവ് ജോണ്‍ പരാതി നല്‍കിയത്. തുടര്‍ന്നാണ് മനപൂര്‍വം പ്രശ്നമുണ്ടാക്കി ജില്ലാ സെക്രട്ടറിയുടെ മകനും സംഘവും തന്നെ മര്‍ദ്ദിച്ചുവെന്നാരോപിച്ച് ജോണ്‍ പൊലിസില്‍ പരാതി നല്‍കിയത്. ഭാര്യയുടെ മരണം കൊലപാതകമാണെന്നും അയല്‍വാസികളായ നാലുപേരെ സംശയമുണ്ടെന്നും ജോണിന്റെ പരാതിയില്‍ പറയുന്നു.
എന്നാല്‍ ഇവരെ സംരക്ഷിക്കാന്‍ ശ്രമമുണ്ടെന്നാണ് ആക്ഷേപം. അതിനു ജില്ലാ സെക്രട്ടറിയുടെ സഹായമുണ്ടെന്നും ജോണ്‍ ആരോപിക്കുന്നു. ഇതിനെക്കുറിച്ചുള്ള വിവരങ്ങളും പരാതിയിലുണ്ട്. സംഭവത്തില്‍ പൊലിസ് അന്വേഷണം തുടങ്ങിയിരുന്നുവെങ്കിലും നടപടികളൊന്നുമുണ്ടായിരുന്നില്ല. ജോണിന്റെ ഭാര്യ സക്കീനയെ കഴിഞ്ഞ ഒക്ടോബര്‍ 21ന് വൈത്തിരിയിലെ വാടകവീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇപ്പോള്‍ ജീവന് ഭീഷണിയുണ്ടെന്നാണ് സക്കീനയുടെ കൂട്ടുകാരിയായിരുന്ന തുളസി ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കിയിരിക്കുന്നത്. ഗഗാറിന്‍ ഭീഷണിപ്പെടുത്തിയതായി സക്കീന തുളസിയോട് വെളിപ്പെടുത്തിയിരുന്നുവെന്ന് ജോണ്‍ നല്‍കിയ പരാതിയിലും പറഞ്ഞിരുന്നു.
അതേ സമയം മരിച്ച സക്കീനയുടെ ശരീരത്തില്‍ മുറിവുകളുള്ളതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ചുണ്ടിലും കഴുത്തിലും മുറിവേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ചുണ്ടിലെ മുറിവിന്റെ കാരണം വ്യക്തമല്ല. ഈ മുറിവ് ഇതുവരെ അന്വേഷണസംഘത്തിന്റെ ശ്രദ്ധയിലും പെട്ടിരുന്നില്ല. ഒരാഴ്ച മുമ്പ് പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുറിവിനെകുറിച്ച് വ്യക്തമായി പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തെകുറിച്ച് ഇനി പരിശോധിക്കുമെന്ന് മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന മറുപടി.
വൈത്തിരി പഞ്ചായത്തംഗം എല്‍സിയും സി.പി.എം പ്രവര്‍ത്തകരും മര്‍ദിച്ച സംഘത്തില്‍ ഉണ്ടായിരുന്നു എന്നും ജോണ്‍ ആരോപിക്കുന്നു. മര്‍ദനമേറ്റ ജോണ്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതേസമയം ജോണിനെതിരെ പഞ്ചായത്തംഗം എല്‍സിയും പരാതി നല്‍കിയിട്ടുണ്ട്. ഇപ്പോഴും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് സി.പി.എം ജില്ലാ നേതൃത്വം ആവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."