ഉദ്ഘാടനം കഴിഞ്ഞ കെട്ടിടം തുറക്കുന്നില്ല; പുതിയ ബ്ലോക്കിന്റെ നിര്‍മാണം തകൃതി
അരീക്കോട്: ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ പൂവത്തിക്കല്‍ പി.എച്ച്.സിയുടെ ഉദ്ഘാടനം കഴിഞ്ഞ കെട്ടിടം പ്രവര്‍ത്തിക്കാനുള്ള നടപടികളായില്ല. എല്‍.ഡി.എഫ് നിയന്ത്രണത്തിലുള്ള പഞ്ചായത്ത് ഭരണസമിതിക്ക് എം.എല്‍.എയോടുള്ള വിരോധമാണ് കെട്ടിടം അടഞ്ഞുകിടക്കാന്‍ കാരണമെന്നാണ് ആരോപണം. കഴിഞ്ഞ ജനുവരി നാലിന് ഉദ്ഘാടനം ചെയ്ത നാല് മുറികളടങ്ങിയ കെട്ടിടമാണ് അടഞ്ഞുകിടക്കുന്നത്. പി.കെ ബഷീര്‍ എം.എല്‍.എയുടെ വികസന ആസ്തി ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപ വകയിരുത്തിയാണ് കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. കെട്ടിടം വൈദ്യുതീകരിക്കാത്തതാണ് ആശുപത്രിയുടെ പ്രവര്‍ത്തനം ഇതിലേക്ക് മാറാന്‍ തടസമായിരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ ഷൗക്കത്തലി പറഞ്ഞു.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ചുമതല പഞ്ചായത്തിനാണ്. എന്നാല്‍ കെട്ടിടം വൈദ്യുതീകരിക്കുന്നതിനുള്ള യാതൊരു നടപടിയും പഞ്ചായത്ത് അധികൃതര്‍ കൈകൊണ്ടിട്ടില്ല. വാര്‍ഷിക പദ്ധതിയില്‍ പി.എച്ച്.സിയുടെ കെട്ടിടം വൈദ്യുതീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു നിര്‍ദേശവും മുന്നോട്ട് വച്ചിട്ടുമില്ല.
കെട്ടിടം വൈദ്യുതീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പുതിയ ഒ.പി ബ്ലോക്കിന്റെ നിര്‍മാണം ആരംഭിക്കുകയാണ് പഞ്ചായത്ത് ചെയ്തത്.
അധികൃതര്‍ ഇടപെട്ടാല്‍ കെട്ടിടത്തില്‍ വൈദ്യുതി എത്തിക്കാന്‍ നിശ്പ്രയാസം സാധിക്കുമെന്നിരിക്കെ 30 ലക്ഷം വിനിയോഗിച്ച് പണി കഴിപ്പിച്ച കെട്ടിടം അടച്ചിട്ട് 56 ലക്ഷം മുടക്കിയാണ് പഞ്ചായത്ത് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. എം.എല്‍.എയുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടത്തില്‍ ആശുപത്രി പ്രവര്‍ത്തിക്കരുതെന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ വാശിയാണ് ഉദ്ഘാടനം കഴിഞ്ഞ് ഏഴ് മാസമായിട്ടും കെട്ടിടം അടഞ്ഞുകിടക്കാന്‍ കാരണമെന്ന് പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് സി.ടി അബ്ദുറഹ്മാന്‍ പറഞ്ഞു.
എന്നാല്‍ പഞ്ചായത്ത് ആശുപത്രിക്ക് പുതിയ കെട്ടിടം നിര്‍മിക്കുമെന്നറിഞ്ഞത് കൊണ്ടാണ് എം.എല്‍.എ പുതിയ കെട്ടിടം പണികഴിപ്പിച്ചതെന്ന് ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. എം.എല്‍.എ ഉദ്ഘാടനം ചെയ്ത കെട്ടിടത്തില്‍ വൈദ്യുതി ഇല്ലെന്ന് ആരോപിച്ച് ലക്ഷങ്ങള്‍ മുടക്കി പുതിയ കെട്ടിടം നിര്‍മിക്കുന്നത് പഞ്ചായത്തിന്റെ രാഷ്ട്രീയ വാശിയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."