മാതാപിതാക്കളാണ് മക്കളുടെ യഥാര്‍ഥ അധ്യാപകര്‍: റിട്ട. ജസ്റ്റിസ് കെമാല്‍പാഷ
കഴക്കൂട്ടം: മാതാപിതാക്കളാണ് മക്കളുടെ യഥാര്‍ഥ അധ്യാപകരെന്നും അവരില്‍ നിന്നാകണം ആദ്യ വിദ്യാഭ്യാസം ലഭിക്കേണ്ടതെന്നും റിട്ട. ജസ്റ്റിസ് കെമാല്‍പാഷ.
രക്ഷിതാക്കള്‍ കൂട്ടുകാരെപോലെ മക്കളോട് പെരുമാറിയാല്‍ മാത്രമേ അവരെ നേര്വഴിയിക്ക് നയിക്കാന്‍ കഴിയു. കഴക്കൂട്ടം ജ്യോതിസ് സെന്‍ട്രല്‍ സ്കൂളിന്റെ 15-ാമത് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അച്ഛനും അമ്മയും തമ്മിലുള്ള അലോസരങ്ങള്‍ ഒരിക്കലും കുട്ടികള്‍ അറിയാന്‍ പാടില്ല. അറിഞ്ഞാല്‍ കുട്ടികളില്‍ ക്രിമിനല്‍ പശ്ചാത്തലമുണ്ടാകും. അതുപോലെ വിദ്യാഭ്യാസ കാര്യത്തില്‍ കുട്ടികളുടെ വാസന കള്‍ക്ക് എതിരാകാന്‍ രക്ഷിതാക്കള്‍ ശ്രമിക്കരുത്. ചെറിയ ക്ലാസ് മുതല്‍ അവരുടെ വാസന അനുസരിച്ച് വിടണം.
ദരിദ്ര സംസ്ഥാനങ്ങളായ ബീഹാര്‍, ആന്ധ്ര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ഇപ്പോഴും ധാരാളം പേര് സിവില്‍ സര്‍വിസില്‍ എത്തി ഉന്നത പദവികള്‍ വഹിക്കുന്നുണ്ട്. അവിടെ രക്ഷിതാക്കള്‍ കുട്ടികാലം മുതല്‍ അവരെ പ്രാപ്തരാക്കുന്നുണ്ട് ജസ്റ്റിസ് പറഞ്ഞു.പി.ടി.എ പ്രസിഡന്റ് പി. ഉണ്ണികൃഷ്ണന് അധ്യക്ഷനായി. അക്കാദമിക് ഡയരക്ടര്‍ എച്ച്. പി ശര്‍മ്മ, പ്രിന്‍സിപ്പല്‍ എല്‍.സലിത, വൈസ് പ്രിന്‍സിപ്പല്‍ എ.എസ് ശോഭനാബീഗം ചെയര്മാന് എസ്. ജ്യോതിസ് ചന്ദ്രന് പങ്കെടുത്തു. തുടര്‍ന്ന് 1918 മുതല്‍ 2018വരെയുള്ള ഇന്ത്യയുടെ സംസ്കാരം, കല, കായികം, സാഹിത്യം, സിനിമ എന്നിവ കോര്‍ത്തിണക്കി സ്കൂളിലെ രണ്ടായിരത്തോളം വിദ്യാര്‍ഥികളും അധ്യാപകരും പൂര്‍വവിദ്യാര്‍ഥികളും അവതരിപ്പിച്ച ശതാബ്ദ ഭാരതം പരിപാടിയും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."