നൈനാംകോണം കോളനി നിവാസികള്‍ ഇനി വഴിയാധാരമാവില്ല
കല്ലമ്പലം: അര നൂറ്റാണ്ടായി പട്ടയത്തിനായി കാത്തിരിക്കുന്ന നാവായിക്കുളം നൈാംകോണം കോളനിയിലെ ഇരുനൂറോളം കുടുംബങ്ങള്‍ക്ക് പട്ടയം ഉടന്‍ ലഭിക്കും.
നാവായിക്കുളം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലുള്‍പ്പെട്ടതാണ് ഈ കോളനി. രണ്ട് ഘട്ടമായാണ് പട്ടയം ലഭിക്കുക. 87 കുടുംബങ്ങള്‍ക്ക് പട്ടയം ലഭിക്കുന്നതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി വി. ജോയി എം.എല്‍.എ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ പട്ടയം വിതരണം ചെയ്യും.
87 കുടുംബങ്ങള്‍ കൈവശാവകാശം വച്ചിരിക്കുന്ന ഭൂമിയുടെ ലാന്‍ഡ് വാല്യൂ ഇനത്തില്‍ സര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ട തുക മുഴുവന്‍ കുടുംബങ്ങളും അടച്ചുകഴിഞ്ഞു. ശേഷിക്കുന്ന കുടുംബങ്ങള്‍ക്ക് ലാന്‍ഡ് ട്രൈബ്യൂണല്‍ ഉത്തരവ് മുഖേന താമസിക്കുന്ന ഭൂമി പതിച്ച് ലഭിക്കും.
വി. ജോയി എം.എല്‍.എയ്ക്ക് കോളനിക്കാര്‍ നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് പട്ടയം നല്‍കുന്ന നടപടികള്‍ക്ക് വീണ്ടും ജീവന്‍ വച്ചത്. എം.എല്‍.എ റവന്യുവകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും കലക്ടര്‍ ഉള്‍പ്പെടെ റവന്യു ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് സ്‌പെഷല്‍ സര്‍വേ ടീമിനെ നിയമിച്ചു.
ഈ റിപ്പോര്‍ട്ടിന്മേല്‍ താലൂക്ക് വില്ലേജ് തലത്തില്‍ താമസക്കാരുടെ അപേക്ഷ വാങ്ങി താമസ ഭൂമിക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.ഇപ്പോള്‍ കോളനിയില്‍ താമസിക്കുന്നത് 500 ഓളം കുടുംബങ്ങളാണ് ആദ്യഘട്ടത്തില്‍ പട്ടയം ലഭിക്കുന്നത് 87 കുടുംബങ്ങള്‍ക്ക്.
1970 ജനുവരി ഒന്നിന് എ.കെ ഗോപാലന്റെ നേതൃത്വത്തില്‍ നടന്ന മിച്ചഭൂമി സമരത്തോടനുബന്ധിച്ചാണ് നൈാംകോണം കോളനിയില്‍ കുടിയേറ്റവും കുടില്‍കെട്ടി സമരവും ആരംഭിച്ചത്. ഭൂപരിഷ്‌കരണ നിയമം നടപ്പിലായപ്പോള്‍ മിച്ച ഭൂമിയായി സര്‍ക്കാരിന് വിട്ടുകൊടുത്ത 13 ഏക്കര്‍ ഭൂമിയിലാണ് ഭൂരഹിതരായ പാവപ്പെട്ടവര്‍ കുടില്‍ കെട്ടി താമസം തുടങ്ങിയത്.
1971 ജനുവരിയില്‍ അന്നത്തെ നാവായിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കര്‍ഷകതൊഴിലാളി നേതാവുമായിരുന്ന എന്‍. ഗോപാലകൃഷ്ണ കുറുപ്പിന്റെ നേതൃത്വത്തിലാണ് ഭൂരഹിതര്‍ മിച്ചഭൂമിയില്‍ പ്രവേശിച്ച് കുടില്‍കെട്ടി താമസം തുടങ്ങിയത്. ഇന്ന് 500ഓളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.
തിരിച്ചറിയല്‍ രേഖകളും റേഷന്‍ കാര്‍ഡുമൊക്കെ കൈവശമുണ്ടെങ്കിലും പട്ടയം മാത്രം ഇവര്‍ക്ക് കിട്ടാക്കനിയായിരുന്നു. നൈാംകോണം കോളനി വാസികളുടെ അരനൂറ്റാണ്ടിന്റെ സ്വപ്നമാണ് സഫലമാകുന്നത്.
പട്ടയം ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് നല്ല സഹകരണമാണുണ്ടായതെന്നും മുഖ്യമന്ത്രിയെ കൊണ്ട് പട്ടയം വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും അഡ്വ. വി.ജോയി എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."