രണ്ടു വർഷത്തിനിടെ സഊദിയിൽ പിടിയിലായ അനധികൃതർ 42.5 ലക്ഷം; നാട് കടത്തിയത് 10.7 ലക്ഷം പേരെ
റിയാദ്: അനധികൃത നിയമ ലംഘകരെ കണ്ടെത്തി നാട് കടത്തുന്ന സഊദി അധികൃതരുടെ നടപടി ശക്തമായി തുടരുന്നു. അനധികൃത താമസക്കാർക്ക് സ്വദേശങ്ങളിലേക്ക് മടങ്ങാനുള്ള അവസരം നൽകി പ്രഖ്യാപിച്ച പൊതു മാപ്പ് കാലാവധിക്ക് ശേഷം ആരംഭിച്ച അതിശക്തമായ നടപടിയെ തുടർന്ന് രണ്ടു വർഷത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പിടിയിലായ അനധികൃത വിദേശികളുടെ എണ്ണം നാല്പത്തി രണ്ടു ലക്ഷം കഴിഞ്ഞതായാണ് സഊദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്. നിയമ ലംഘകരില്ലാത്ത രാജ്യം എന്ന പേരിലായിരുന്നു സൽമാൻ രാജാവ് രാജ്യത്ത് രണ്ടു വര്ഷം മുൻപ് പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, ഇനിയൊരു പൊതുമാപ്പിന് അടുത്ത കാലത്തൊന്നും സാഹചര്യം ഉണ്ടാകാനിടയില്ലെന്നാണ് സൂചന.
2017 നവംബർ 14 നാണ് പൊതുമാപ്പ് അവസാനിച്ചത്. 2017 നവംബർ 15 മുതൽ കഴിഞ്ഞ ദിവസം വരെയുള്ള കാലാവധി വരെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്നും പിടികൂടിയ അനധികൃത വിദേശികളുടെ എണ്ണം 42,53,791 മാണ്. താമസ, തൊഴിൽ നിയമ ലംഘനം നടത്തിയവരും അതിർത്തി നുഴഞ്ഞു കയറാൻ ശ്രമം നടത്തിയവരും ഇവരിൽ ഉൾപ്പെടും. 33,25,878 പേർ ഇഖാമ നിയമ ലംഘകരും 6,53,674 പേർ തൊഴിൽ നിയമ ലംഘകരും 2,74,239 പേർ നുഴഞ്ഞുകയറ്റക്കാരുമാണ്. ഇവരിൽ 10,69,966 പേരെയാണ് ഇതിനകം സ്വന്തം നാടുകളിലേക്ക് നാടുകടത്തിയത്. യാത്രാ രേഖകളും തിരിച്ചറിയൽ രേഖകളുമില്ലാത്ത 5,38,290 പേർക്ക് താൽക്കാലിക യാത്രാ രേഖകൾ ലഭ്യമാക്കുന്നതിന് എംബസികളുമായും കോൺസുലേറ്റുകളുമായും സഹകരിച്ച് നടപടികളെടുത്തു. 7,15,200 പേർക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് നടപടികൾ സ്വീകരിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അനധികൃത താമസക്കാർക്ക് വിവിധ സഹായങ്ങൾ നൽകുന്ന വിദേശികളെയും സ്വദേശികളെയും അധികൃതർ പിടികൂടുന്നുണ്ട്. ഇത്തരം ആളുകൾക്ക് തടവും പിഴയുമാണ് ശിക്ഷ. വിദേശികളാണെങ്കിൽ തടവിന് ശേഷമെ അവരെ നാട് കടത്തുകയും ചെയ്യും. അതിർത്തി നുഴഞ്ഞു കയറാൻ ശ്രമം നടത്തിയ 75,864 പേരിൽ 43 ശതമാനം പേർ യെമനികളും 54 ശതമാനം പേർ എത്യോപ്യക്കാരും മൂന്നു ശതമാനം പേർ മറ്റു രാജ്യക്കാരുമാണ്. അതിർത്തികൾ വഴി അനധികൃത രീതിയിൽ വിദേശങ്ങളിലേക്ക് രക്ഷപ്പെടുന്നതിന് ശ്രമിച്ച 2945 പേരും സുരക്ഷാ വകുപ്പുകളുടെ പിടിയിലായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."