യുവാവിന്റെ കൊലപാതകം: മുഖ്യപ്രതി റിമാന്‍ഡില്‍
മാനന്തവാടി: പത്ത് മാസം മുന്‍പ് യുവാവിനെ പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 26നാണ് ഊര്‍പ്പള്ളിയില്‍ കബനി പുഴയോരത്ത് തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി സുലിലിനെ(33) മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ സുലില്‍ കൊയിലേരിയില്‍ താമസിച്ചുവന്നിരുന്ന വീടിന്റെ ഉടമസ്ഥയായ റിച്ചാര്‍ഡ് ഗാര്ഡന് ബിനി മധു ആണ് അറസ്റ്റിലായത്. ആദ്യം ആത്മഹത്യയെന്ന് എഴുതിത്തള്ളിയ പൊലിസ്, സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് തുടരന്വേഷണം നടത്തിയപ്പോഴാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
യുവതിയുടെ വീട്ടിലെ ജോലിക്കാരിയെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. തുടര്‍ന്ന് കഴിഞ്ഞദിവസം യുവതിയെ പൊലിസ് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. സഹോദരനെന്ന വ്യാജേനെ സുലിലിനെ കൂടെ താമസിപ്പിച്ചുപോന്നിരുന്ന ബിനി ഇയാളില്‍ നിന്നു ലക്ഷങ്ങള്‍ കൈവശപ്പെടുത്തുകയും പിന്നീട് ആ പണം തിരികെ നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളാണ് കൊലാപതകം ആസൂത്രണം ചെയ്യുന്നതിലേക്ക് നയിച്ചതെന്നുമാണ് സൂചന.
സുലിലിന്റെ കൈവശമുണ്ടായിരുന്ന 40 ലക്ഷത്തോളം രൂപ ഭര്‍തൃമതി കൂടിയായ യുവതി തട്ടിയെടുത്തതായി സുലിലിന്റെ സഹോദരന് സംഭവ ദിവസം പറഞ്ഞിരുന്നു. തുടര്‍ന്ന് ബാങ്ക് അക്കൗണ്ടുകള്‍ അന്വേഷണ സംഘം പരിശോധിച്ചിരുന്നു. എന്നാല്‍ അക്കൗണ്ട് മുഖേനെയല്ലാതെ പണം കൈപ്പറ്റിയിരുന്നതായി പൊലിസിന് സൂചന ലഭിച്ചിരുന്നു.
കൂടാതെ മരണ ദിവസം വൈകുന്നേരത്തോടെ യുവതി തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നു ഫോട്ടോകള്‍ നീക്കം ചെയ്തതും സംശയത്തിനിടയാക്കി.
സംഭവത്തില്‍ മൂന്ന് പേര് നേരത്തെ അറസ്റ്റിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ ചോദ്യം ചെയ്യലിന്റെ തുടര്‍ച്ചയായി സാഹചര്യ തെളിവുകളുടേയും കൂട്ടുപ്രതികളുടെ മൊഴികളുടേയും അടിസ്ഥാനത്തിലാണ് ബിനിയെ ഞായറാഴ്ച രാത്രി ഒന്‍പത് മണിയോടെ അറസ്റ്റ് ചെയ്തത്.
തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു വൈത്തിരി സബ് ജയിലിലേക്ക് അയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."