ഫുട്‌ബോള്‍ കളിക്കിടെ വിദ്യാര്‍ഥി കിണറ്റില്‍ വീണു
ഉരുവച്ചാല്‍: മാലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ വിദ്യാര്‍ഥി കിണറ്റില്‍ വീണു. പത്താം ക്ലാസ് വിദ്യാര്‍ഥി സി. ആദര്‍ശ് (16) ആണ് കിണറ്റില്‍ വീണത്. ഇന്നലെ വൈകിട്ട് 3.30നു കൂട്ടുകാരൊടൊപ്പം കളിക്കുന്നതിനിടെ ഫുട്‌ബോളിനു പിന്നാലെ ഓടുമ്പോള്‍ നേരെ ചെന്ന് കിണറ്റിലേക്ക് ഫുട്‌ബോളിനൊപ്പം വീഴുകയായിരുന്നു.
താഴെ പറമ്പിലെ 16 കോല്‍ ആഴമുള്ള കിണറിലേക്കാണ് വീണത്. എസ്.ഐ ടി.കെ ഷിജുവിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘവും പേരാവൂരില്‍ നിന്ന് അഗ്‌നിശമന സേനയും നിരവധി നാട്ടുകാരും സ്ഥലത്തെത്തിയാണ് വിദ്യാര്‍ഥിയെ രക്ഷിച്ചത്. വീഴ്ചയില്‍ ഗുരുതര പരുക്കേറ്റ ആദര്‍ശിനെ തലശ്ശേരി കൊടുവള്ളി സഹകരണ ആശുപത്രിയിലും രാത്രിയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
സ്‌കൂളിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തുള്ള ഉപയോഗശൂന്യമായ കിണറിലാണ് വിദ്യാര്‍ഥി വീണത്. കിണറിന് ആദ്യകാലത്തു ആഴമുണ്ടായിരുന്നെങ്കിലും അവശിഷ്ടങ്ങള്‍, കമ്പികള്‍,മണ്ണ്, തുടങ്ങിയവ നിറഞ്ഞ് ഇപ്പോള്‍ പഴയ ആഴമില്ല. ആള്‍മറക്കൊപ്പം സ്ഥാപിച്ച ഇരുമ്പ് ഗ്രില്ലും തകര്‍ന്ന് കിണറ്റില്‍ വീണിട്ടുണ്ട്. അടിയന്തരമായി കിണര്‍ നികത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മാലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. അശോകന്‍ പറഞ്ഞു. കിണറ്റില്‍ വീണ ഉടന്‍ ആദര്‍ശിനെ രക്ഷപ്പെടുത്താന്‍ കിണറ്റിലേക്ക് ചാടിയ പ്ലസ് വണ്‍ വിദ്യാര്‍ഥി പഴശ്ശിയിലെ അജ്മലിനും പരുക്കേറ്റു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."