ജില്ലയില്‍ നാല് ലക്ഷത്തിലധികം കുട്ടികള്‍ക്ക് ഗുളിക നല്‍കും
കാഞ്ഞങ്ങാട്: ദേശീയ വിര വിമുക്ത ദിനത്തിന്റെ ഭാഗമായി നാളെ ജില്ലയില്‍ നാല് ലക്ഷത്തിലധികം കുട്ടികള്‍ക്ക് ഗുളിക നല്‍കുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇതിന്റെ ജില്ലാ തല ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് ഒന്നിന് ചെര്‍ക്കള സെന്‍ട്രല്‍ സ്‌കൂളില്‍ വച്ച് നടക്കും. ജില്ലയില്‍ 4,11,943 കുട്ടികള്‍ക്കാണ് ആല്‍ബന്‍ഡസോള്‍ ഗുളിക വിതരണം നടത്തുക. ഇതിനായി ജില്ലയിലെ 1348 അങ്കണവാടികളും, 515 സ്‌കൂളുകളും, 69 അണ്‍ എയ്ഡഡ് സ്‌കൂളുകളും സജ്ജമാക്കിയിട്ടുണ്ട്. ഇതിനായി 876 ആശാ വര്‍ക്കര്‍മാര്‍, മുഴുവന്‍ അങ്കണവാടി പ്രവര്‍ത്തകര്‍, അധ്യാപകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, ആരോഗ്യം, സാമൂഹ്യ നീതി, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് ഗുളിക വിതരണ ചടങ്ങു നടത്തുന്നത്.
കേരളത്തില്‍ ആദ്യമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സ്‌കൂളിലും,അങ്കണവാടികളിലും രജിസ്റ്റര്‍ ചെയ്യാത്ത 1 വയസു മുതല്‍ 19 വയസു വരേയുള്ള എല്ലാ കുട്ടികള്‍ക്കും പ്രായ ഭേദമന്യേ ആശാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അങ്കണവാടികളില്‍ വച്ച് ഗുളിക വിതരണം നടത്തും.
1 മുതല്‍ രണ്ടു വയസു വരേയുള്ള കുട്ടികള്‍ക്ക് 200 മില്ലി ഗ്രാം,2 മുതല്‍ 19 വയസു വരെയുള്ളവര്‍ക്ക് 400 മില്ലി ഗ്രാം എന്ന തോതിലാണ് ഗുളിക വിതരണം. നാളെ ഗുളിക കഴിക്കാന്‍ സാധിക്കാത്തവര്‍ സമ്പൂര്‍ണ്ണ വിരവിമുക്ത ദിനമായ ആഗസ്ത് 17 നു നിര്‍ബന്ധമായും ഗുളിക കഴിക്കണമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. രോഗ ബാധിതരായി കടുത്ത മരുന്നുകള്‍ കഴിക്കുന്ന കുട്ടികള്‍ക്ക് ഇത് നല്‍കേണ്ടതില്ലെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ ആര്‍ സി.എച്ച് ഓഫിസര്‍ ഡോ.മുരളീധര നെല്ലൂരായ,ജില്ലാ മാസ് മീഡിയ ഓഫിസര്‍ എം.രാമചന്ദ്ര,കെ.വി.പുഷ്പ,ഇ.വി.ത്രേസ്യമ്മ,ഡോ.മുഹമ്മദ് അഷീല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."