വനാതിര്‍ത്തി മേഖലകളില്‍ വന്യമൃഗശല്യം രൂക്ഷം
പെരിക്കല്ലൂര്‍: വനാതിര്‍ത്തി പ്രദേശങ്ങളില്‍ കാട്ടാനശല്യം രൂക്ഷമായതോടെ ജനങ്ങള്‍ ദുരിതത്തില്‍. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ കണ്ടാമല, വേലിയമ്പം, മാരപ്പന്‍മൂല, പാക്കം, ചീയമ്പം, ചേകാടി തുടങ്ങിയ പ്രദേശങ്ങളില്‍ വന്യമൃഗങ്ങള്‍ കൂട്ടത്തോടെ കൃഷിയിടത്തിലിറങ്ങാന്‍ തുടങ്ങിയതോടെ വിളകള്‍ വ്യാപകമായി നശിപ്പിക്കപ്പെടുകയാണ്.
വനാതിര്‍ത്തികളില്‍ നിന്ന് ആനക്കൂട്ടങ്ങള്‍ പകല്‍സമയത്ത് പോലും ഇറങ്ങുന്നത് പതിവായതോടെ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. ചക്കയും മാങ്ങയുള്ള സീസണിലായിരുന്നു സാധാരണ കാട്ടാനശല്യം രൂക്ഷമായിരുന്നത്. കാട്ടാനശല്യത്തിന് പരിഹാരം കാണാന്‍ വനം വകുപ്പ് ഒരു നടപടിയും സ്വീകരിക്കുന്നില്ല. വന്യമൃഗശല്യത്തിന് പരിഹാരം കാണുന്നതിനായി കോടികള്‍ ചെലവഴിക്കുമ്പോഴും കര്‍ഷകര്‍ക്ക് യാതൊരു പ്രയോജനവുമില്ലാത്ത അവസ്ഥയാണ്.
ചെതലയം റേഞ്ചിലെ വനാതിര്‍ത്തി മേഖലകളില്‍ റെയില്‍വെ ഫെന്‍സിങ് ഉള്‍പ്പടെ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും വനം മന്ത്രി ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ നടപടിക്രമങ്ങള്‍ എങ്ങുമെത്തിയില്ല. കഴിഞ്ഞ ദിവസം കണ്ടാമലയില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം നിരവധി കര്‍ഷകരുടെ ഞാറുകള്‍ നശിപ്പിച്ചു. വന്യമൃഗശല്യം ഉണ്ടാകുമ്പോള്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കാനോ നഷ്ടപരിഹാരം നല്‍കാനോ തയാറാകുന്നില്ല.
പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകളുടെയും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. ദിനംപ്രതി വര്‍ധിച്ചുവരുന്ന വന്യമൃഗശല്യത്തിനെതിരെ കര്‍ഷകരുടെ നേതൃത്വത്തില്‍ നിരവധി പ്രക്ഷോഭങ്ങള്‍ നടത്തിയെങ്കിലും ജനപ്രതിനിധികളും രാഷ്ട്രീയ കക്ഷികളും ഇടപെട്ട് പ്രശ്‌നം പരിഹരിക്കാമെന്നു പറയുന്നതല്ലാതെ ശാശ്വത പരിഹാരം ഉണ്ടാക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."