ആത്മഹത്യാ ഭീഷണിയുമായി ഇരകള്‍: പ്രതിഷേധം ഭയന്ന് ഗെയില്‍ അധികൃതര്‍ മടങ്ങി
നടുവണ്ണൂര്‍: കോട്ടൂര്‍ വില്ലേജ് ഓഫിസര്‍ പോലുമറിയാതെ ഇരകളോട് വില്ലേജ് ഓഫിസില്‍ രേഖകളുമായി ഹാജരാവാന്‍ പോസ്റ്റ് കാര്‍ഡ് അയച്ച ഗെയില്‍ അധികൃതര്‍ ശക്തമായ പ്രതിഷേധവും ആത്മഹത്യയും ഭയന്ന് തിരിച്ചുപോയി.
ആധാരം, കൈവശ സര്‍ട്ടിഫിക്കറ്റ്, നികുതി ശീട്ട്, തിരിച്ചറിയല്‍ രേഖ എന്നിവയുമായി 31ന് 11ന് കോട്ടൂര്‍ വില്ലേജ് ഓഫിസില്‍ ഹാജരാവാനായിരുന്നു പോസ്റ്റ് കാര്‍ഡിലെ അറിയിപ്പ്. എന്നാല്‍ വില്ലേജ് ഓഫിസര്‍ ഇത് അറിഞ്ഞിരുന്നില്ല.
ഇരകളും കുടുംബാംഗങ്ങളും സംയുക്ത സമരസമിതിയുടെയും സംയുക്ത കര്‍ഷക വേദിയുടെയും ആഭിമുഖ്യത്തില്‍ കൂട്ട ആത്മഹത്യക്കൊരുങ്ങി മണ്ണെണ്ണ നിറച്ച കുപ്പികളുമായി ഗെയില്‍ അധികൃതരെ കാത്തു നില്‍ക്കുകയായിരുന്നു. ഇരകളില്‍ ചിലര്‍ അടുത്തുള്ള മരങ്ങളില്‍ കയറി ചാടി ആത്മഹത്യ ചെയ്യാനും ഒരുങ്ങിയിരുന്നു.
സാറ്റലൈറ്റ് സര്‍വേ വഴി സര്‍വെ നമ്പറുകള്‍ വെച്ച് ഉടമസ്ഥര്‍ ആരെന്നറിയാതെയാണ് നോട്ടിഫിക്കേഷന്‍ ഇറക്കിയത്. ഉടമസ്ഥര്‍ക്ക് ഒരറിയിപ്പും നല്‍കിയില്ല. പരാതിയുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ നോട്ടീസ് നല്‍കാത്തതു കൊണ്ട് ഇരകള്‍ക്ക് അവസരവും ലഭിച്ചിട്ടില്ല എന്ന ആക്ഷേപവും ഉണ്ട്.
കോട്ടൂര്‍ പഞ്ചായത്തിലെ വളരെ കൂടുതല്‍ കുടുംബങ്ങള്‍ താമസിക്കുന്ന ജനവാസ മേഖലകളിലൂടെ, വീടുകള്‍ തകര്‍ക്കുന്ന രീതിയിലും വീടുകളുടെ മുറ്റത്തു കൂടെയും തൊട്ടടുത്തു കുടെയും ഒട്ടേറെ കടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കിണറുകള്‍ നശിപ്പിച്ചു കൊണ്ടും കൃഷിയിടങ്ങളും വയലുകളും നശിപ്പിച്ചു കൊണ്ടുമാണ് പൈപ്പ് ലൈന്‍ കടന്നു പോകുന്നത്.
ആത്മഹത്യാ ഭീഷണിയുമായി എത്തിയ ജനങ്ങള്‍ വലിയ പ്രതിഷേധത്തിലായിരുന്നു. പൊലിസ് സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. സ്ത്രീകളും കുട്ടികളുമടക്കമുള്ള നാട്ടുകാര്‍ സംയുക്ത സമരസമിതിയുടെയും സംയുക്ത കര്‍ഷക വേദിയുടെയും ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രതിഷേധം പിടി വിട്ടു പോകുമെന്ന ആശങ്കയില്‍ പൊലിസ് അധികൃതര്‍ ഗെയില്‍ അധികൃതരുമായി സംസാരിച്ചു. ജനങ്ങളുടെ ആവശ്യങ്ങളും ഭയാശങ്കകളും പരിഹരിച്ചതിനു ശേഷം മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കുകയുള്ളൂ എന്ന ഉറപ്പ് ലഭിച്ചതിന് ശേഷമാണ് പിരിഞ്ഞുപോയത്.
പ്രതിരോധവും സമരപരിപാടികളും തുടരുമെന്ന് നേതാക്കള്‍ പറഞ്ഞു. ധര്‍ണ ലീഗല്‍ സെല്‍ ചെയര്‍മാന്‍ അഡ്വ.പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സംയുക്ത കര്‍ഷക സമിതി സെക്രട്ടറി പി. ഉണ്ണി നായര്‍ അച്യുത് വിഹാര്‍, വി.കെ ഉണ്ണി, സി.എച്ച് സുരേന്ദ്രന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."