പാക് പ്രധാനമന്ത്രിയായി അബ്ബാസിയെ തെരഞ്ഞെടുത്തു
ഇസ്‌ലാമാബാദ്: പാകിസ്താനിലെ പുതിയ പ്രധാനമന്ത്രിയായി ശാഹിദ് ഖാഖന്‍ അബ്ബാസിയെ തെരഞ്ഞെടുത്തു. പാനമ ആരോപണങ്ങളുമായി ബന്ധപ്പെട്ട് സുപ്രിംകോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്ന് നവാസ് ശരീഫ് രാജിവച്ച ഒഴിവിലാണ് ശാഹിദ് ഖാഖന്‍ അബ്ബാസി പുതിയ പ്രധാനമന്ത്രിയാകുന്നത്. മുന്‍ പെട്രോളിയം മന്ത്രിയാണ് അബ്ബാസി.
നവാസ് ശരീഫിന്റെ പിന്‍ഗാമിയായ ശഹബാസ് ശരീഫ് തെരഞ്ഞെടുക്കപ്പെടുന്നതുവരെയാണ് അബ്ബാസി പ്രധാനമന്ത്രി സ്ഥാനത്ത് തുടരുക. സെപ്റ്റംബറില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ നവാസ് ശരീഫിന്റെ ഇളയ സഹോദരനായ ശഹബാസ് ശരീഫ് പ്രധാനമന്ത്രി സ്ഥാനത്തിനായി മത്സരിക്കും. നിലവില്‍ പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രിയാണ് ശഹബാസ് ശരീഫ്. അദ്ദേഹം പാര്‍ലമെന്റ് അംഗമല്ലാത്തതിനാല്‍ നേരിട്ട് പ്രധാനമന്ത്രിയായി അവരോധിക്കാന്‍ സാധിക്കാത്തതിനാലാണ് അബ്ബാസി പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരുന്നത്. സെപ്റ്റംബര്‍ 17ന് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ച സാഹചര്യത്തില്‍ രണ്ടുമാസത്തിനകം അധികാരക്കൈമാറ്റം ഉണ്ടാകാനാണ് സാധ്യത.
പാകിസ്താന്റെ സ്ഥിരതയാണ് ലക്ഷ്യമിടുന്നതെന്നും അതുകൊണ്ടാണ് അബ്ബാസിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതെന്നും പാകിസ്താന്‍ മുസ്‌ലിം ലീഗ് (പി.എം.എല്‍-എന്‍) നിയമോപദേഷ്ടാവ് റാണാ മുഹമ്മദ് അഫ്‌സല്‍ വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി. നവാസ് ശരീഫുമായി ദീര്‍ഘകാലത്തെ ബന്ധമാണ് അബ്ബാസിക്കുള്ളത്. 1999ല്‍ പട്ടാളം നവാസ് ശരീഫ് ഭരണകൂടത്തെ അട്ടിമറിച്ച സമയത്ത് രണ്ടുവര്‍ഷം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."