ബുലന്ദ്ഷഹറില്‍ സുബോദ് കുമാറിനെ വെടിവച്ച സൈനികന്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ഇന്‍സ്‌പെക്ടര്‍ സുബോദ് കുമാറിനെ വെടിവച്ച സൈനികന്‍ അറസ്റ്റില്‍. ജിത്തു ഫൗജി എന്ന സെനികനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഇതിനകം പുറത്തുവന്ന കലാപസമയത്തെ ദൃശ്യങ്ങളില്‍ നിന്നാണ് ജിത്തു ഫൗജിയാണ് സുബോദിനെ വെടിവച്ചതെന്നു പൊലിസിനു സൂചനലഭിച്ചത്. കലാപശേഷം ഇയാള്‍ ശ്രീനഗറിലേക്കു തന്നെ മടങ്ങുകയായിരുന്നു. ഇയാളെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തത്.
കൊലപാതകത്തില്‍ കലാശിച്ച കലാപത്തിനു പിന്നില്‍ വന്‍ഗൂഢാലോചനയുണ്ടെന്നും തബ്ലീഗ് ജമാഅത്ത് സമ്മേളനത്തോടനുബന്ധിച്ച് വര്‍ഗീയസംഘര്‍ഷം സൃഷ്ടിക്കലായിരുന്നു അതിന്റെ ലക്ഷ്യമെന്നും പൊലിസിന്റെ അന്വേഷണ റിപ്പോര്‍ട്ടും പുറത്തു വന്നു കഴിഞ്ഞു. ഉത്തര്‍പ്രദേശ് എ.ഡി.ജി.പി (ഇന്റലിജന്റ്‌സ്) എസ്.ബി ശിരോദ്കര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍, കലാപമുണ്ടായ സയാനയിലെ വയലില്‍ കണ്ടെത്തിയ പശുവിന്റെ അവശിഷ്ടം രണ്ടുദിവസം പഴക്കമുള്ളതാണെന്നും വ്യക്തമാക്കി. റിപ്പോര്‍ട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു കൈമാറി.
തിങ്കളാഴ്ച രാവിലെ സയാനയിലെ ദേശീയപാതക്കു സമീപത്തുള്ള വയലില്‍ മുസ്ലിംകള്‍ പശുവിനെ അറുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ബജ്‌രംഗ്ദള്‍ ജില്ലാ കണ്‍വീനര്‍ യോഗേഷ് രാജ് പരാതിനല്‍കിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. പശുവിന്റെ അവശിഷ്ടത്തിനു രണ്ടുദിവസമെങ്കിലും പഴക്കമുണ്ടെന്ന റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. തിങ്കളാഴ്ച രാവിലെ മുസ്ലിംകള്‍ പശുവിനെ അറുക്കുന്നത് കണ്ടുവെന്ന സുബോദ് കുമാറിന്റെ കൊലപാതക കേസിലെ മുഖ്യപ്രതിയായ യോഗേഷ് രാജിന്റെ മൊഴിക്കു വിരുദ്ധമാണ്.
കൂടാതെ കലാപത്തിനു പിന്നില്‍ വന്‍ ആസൂത്രണം നടന്നുവെന്ന വ്യക്തമാക്കുന്ന റിപ്പോര്‍ട്ട്, രണ്ടുദിവസം പഴക്കമുള്ള പശുവിന്റെ അവശിഷ്ടം തബ്ലീഗ് സമ്മേളനം കഴിഞ്ഞു പവര്‍ത്തകര്‍ മടങ്ങുന്ന ദേശീയപാതക്കു സമീപം കൊണ്ടിട്ടത് ആസൂത്രണത്തിന്റെ തെളിവായി ചൂണ്ടിക്കാണിക്കുന്നു.
പശുവിന്റെ അവശിഷ്ടത്തിന്റെ പേരില്‍ പൊലിസ് സ്റ്റേഷനു മുന്‍പില്‍ തടിച്ചുകൂടിയ ജനക്കൂട്ടം മനപ്പൂര്‍വം വലിയ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചു. യോഗേഷ് രാജിന്റെ പരാതിയില്‍ ഗോഹത്യാ നിയമപ്രകാരം കേസെടുത്ത് കുറ്റവാളികളെ പിടികൂടുമെന്ന് ഉറപ്പുനല്‍കിയിട്ടും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോവുകയോ ദേശീയപാതയിലെ തടസ്സങ്ങള്‍ നീക്കുകയോ ചെയ്തില്ല. ചില പ്രതിഷേധക്കാര്‍ കൂടുതല്‍ ചത്ത മൃഗത്തിന്റെ അവശിഷ്ടങ്ങള്‍ ട്രാക്ടറില്‍ കൊണ്ടുവന്ന് റോഡിലിട്ടു. സംഭവത്തില്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്കു വീഴ്ച പറ്റിയിട്ടുണ്ട്. പശുവിന്റെ അവശിഷ്ടം കണ്ടെത്തിയ ഉടന്‍ ഗോഹത്യ നടന്നുവെന്ന് പ്രചരിക്കാനും സംഘര്‍ഷം ഉണ്ടാവാനുമുള്ള സാധ്യത ഇന്റലിജന്റ്‌സ് മുന്നില്‍ കണ്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."