വെന്ത് മരിക്കു ന്നപെണ്‍കുട്ടികള്‍; സര്‍ക്കാര്‍ വിഭജനത്തിരക്കില്‍
പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധം വകവയ്ക്കാതെ ആഭ്യന്തര മന്ത്രി അമിത്ഷാ ഇന്നലെ പൗരത്വ നിയമ ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ബില്ലിന് അവതരണാനുമതി ലഭിക്കുകവഴി ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനത്തിനാണ് ഇന്നലെ ലോക്‌സഭ സാക്ഷ്യംവഹിച്ചത്. അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നെത്തിയ മുസ്‌ലിംകള്‍ ഒഴികെയുള്ളവര്‍ക്ക് പൗരത്വം നല്‍കുന്ന ബില്ലിനാണ് ഇന്നലെ സഭ 82നെതിരേ 293 വോട്ടുകള്‍ നേടിക്കൊണ്ട് അവതരണാനുമതി നേടിയത്.
മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കുന്ന ഈ ബില്ല് മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് ലോക്‌സഭ പാസാക്കുമെന്നതിന് സംശയമില്ല. മുസ്‌ലിംകളെയും ഹിന്ദുക്കളെയും വിഭജിക്കുന്നതാണ് ദേശീയ പൗരത്വ നിയമ ഭേദഗതി ബില്‍ എന്ന് ശിവസേനയുടെ മുഖപത്രമായ സാമ്‌നയില്‍ അവര്‍ കുറ്റപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ ബില്ലിന് അവതരണാനുമതി തേടിക്കൊണ്ടുള്ള വോട്ടെടുപ്പില്‍ അവര്‍ അനുകൂലമായി വോട്ട് ചെയ്തു. എന്‍.ഡി.എയില്‍നിന്ന് വിട്ട്‌പോന്നിട്ടും ബില്ലിന്റെ അവതരണാനുമതിക്ക് വോട്ട് നല്‍കിയ ശിവസേനയുടെ നിലപാടാണിത്. വിശദീകരണമായി അവര്‍ പറഞ്ഞത് ബില്ലിന് അവതരണാനുമതി നല്‍കുന്നതില്‍ കുഴപ്പമില്ലെന്നാണ്.
ഹിന്ദുക്കളെയും മുസ്‌ലിംകളെയും വിഭജിക്കുന്ന അതിക്രൂരമായ നിയമത്തിനെതിരേ മതനിരപേക്ഷ കക്ഷികളില്‍നിന്ന് ശക്തമായ എതിര്‍പ്പ് ഉയര്‍ന്നുവരേണ്ടതിന് പകരം കോണ്‍ഗ്രസ് അടക്കമുള്ള ചെറിയൊരു വിഭാഗം മാത്രമാണ് ഇപ്പോള്‍ മുസ്‌ലിം ന്യൂനപക്ഷത്തോട് അനുഭാവം പുലര്‍ത്തുന്നത്. ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തി ഒതുക്കുവാനാണ് ഈ മാരണബില്‍ എന്നതിന് സംശയമില്ല. പ്രതിഷേധിക്കുന്നതില്‍നിന്ന് അവരെ നിശബ്ദരാക്കാനുള്ള ബി.ജെ.പി സര്‍ക്കാരിന്റെ നിഗൂഢപദ്ധതിയുടെ ആവിഷ്‌ക്കാരമാണ് പൗരത്വ നിയമ ഭേദഗതി ബില്‍.
ഒരുശതമാനംപോലും ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ലെന്ന് അമിത്ഷാ പറയുന്നുണ്ടെങ്കിലും അത് വിശ്വാസത്തിലെടുക്കുവാന്‍ പറ്റുകയില്ല. കശ്മിരിലെ ജനങ്ങളുടെ പ്രത്യേകവകാശം എടുത്തുകളയുമ്പോള്‍ അമിത്ഷാ പറഞ്ഞിരുന്നത് കശ്മിരിന് വികസനവും യുവാക്കള്‍ക്ക് തൊഴിലും നല്‍കാനാണ് ഈ നിയമം കൊണ്ടുവരുന്നതെന്നും ഇന്ത്യാ മഹാരാജ്യത്തിന്റെ ഭാഗമാണ് അവരെന്ന് ബോധ്യപ്പെടുത്താനുമെന്നായിരുന്നു. എന്നാല്‍ കഴിഞ്ഞ ആറ് മാസമായി കശ്മിര്‍ ജനത ഒന്നടങ്കം തടങ്കലിലാണ്. കശ്മിരില്‍നിന്നുള്ള പാര്‍ലമെന്റ് അംഗമായ ഫാറൂഖ് അബ്ദുല്ല ഇപ്പോഴും വീട്ടുതടങ്കലിലാണ്. അദ്ദേഹത്തിന് പാര്‍ലമെന്റില്‍ പങ്കെടുക്കാന്‍ കഴിയുന്നില്ല. ഹേബിയസ് കോര്‍പ്പസ് ഹരജി സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചാല്‍ അതിന് പെട്ടെന്ന് ഉത്തരവും കിട്ടുന്നില്ല. ജന്മദേശത്ത് തടങ്കലിലാക്കപ്പെട്ടിരിക്കുകയാണ് കശ്മിര്‍ ജനത. അതിനാല്‍തന്നെ പൗരത്വ നിയമ ഭേദഗതി ഒരുശതമാനംപോലും ന്യൂനപക്ഷങ്ങള്‍ക്കെതിരല്ല എന്ന വാദഗതി അംഗീകരിക്കാനും പറ്റുകയില്ല.
ഇന്ത്യക്കാരെ രണ്ട് വിഭാഗമായി തരംതിരിക്കുന്ന ഈ ബില്‍ മുസ്‌ലിം ന്യൂനപക്ഷത്തിനെതിരല്ലെന്ന അമിത്ഷായുടെ വാക്കുകളെ എങ്ങനെയാണ് വിശ്വസിക്കുക. രാജ്യത്ത് നിത്യേന പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയാവുകയും തെരുവുകളില്‍ കത്തിച്ചാമ്പലാവുകയും ചെയ്യുന്ന ഒരവസ്ഥയെ അഭിസംബോധനം ചെയ്യുവാന്‍ ഇതുവരെ പ്രധാനമന്ത്രി നരേന്ദ്രമോദിയോ ആഭ്യന്തര മന്ത്രി അമിത്ഷായോ തയാറായിട്ടില്ല. ലോകത്തിന്റെ മുമ്പില്‍ രാജ്യം നാണംകെട്ട് നില്‍ക്കുന്നതൊന്നും ഭരണകൂടത്തിന് പ്രശ്‌നമല്ലെന്നും മുസ്‌ലിംകളുടെ വ്യക്തിത്വം അവസാനിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും ഈ കുടിലനീക്കങ്ങള്‍ വ്യക്തമാക്കുന്നു.
ഉന്നാവോ സംഭവത്തിന് ശേഷം പിന്നെയും രാജ്യത്ത് ബലാത്സംഗങ്ങളും ശേഷം തീവച്ചുള്ള കൊലപാതകങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. ബിഹാറില്‍ 23കാരിയുടെ വീട്ടില്‍കയറി അയല്‍വാസി ബലാത്സംഗത്തിന് മുതിര്‍ന്നത് കഴിഞ്ഞദിവസമാണ്. തടഞ്ഞപ്പോള്‍ ക്രൂരനായ കൊലയാളി കുട്ടിയെ അഗ്നിക്കിരയാക്കുകയായിരുന്നു. തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ കുട്ടി പാറ്റ്‌ന ശ്രീകൃഷ്ണ മെഡിക്കല്‍ കോളജില്‍ അത്യാസന്ന നിലയിലാണ്.
ഉന്നാവോയിലെ പെണ്‍കുട്ടിയുടെ ചിതയിലെ പുകയടങ്ങും മുമ്പാണ് വീണ്ടും രാജ്യത്തെ ലജ്ജിപ്പിച്ചുകൊണ്ട് ബലാത്സംഗങ്ങളും ശേഷം തീവച്ചുള്ള കൊലപാതകങ്ങളും അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇതിലൊന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്കോ അമിത്ഷാക്കോ യാതൊരു വ്യാകുലതയുമില്ല. പൗരത്വ നിയമ ഭേദഗതി നിയമമായാല്‍ രാജ്യത്തൊട്ടാകെ ഈ നിയമം ഉപയോഗിച്ച് മുസ്‌ലിംകളെ വേട്ടയാടാന്‍ കഴിയും. നിയമം പാസായാല്‍ മുസ്‌ലിം സംഘടനകള്‍ നിയമവഴി സ്വീകരിക്കുമെന്ന് പറയുന്നു. എന്നാല്‍ മുസ് ലിംകളുടെ ആവശ്യം കോടതി നിറവേറ്റുമോ എന്നത് ഒരു പ്രതീക്ഷ മാത്രമാണ്.
കശ്മിര്‍ വിഷയത്തിലും ബാബരി മസ്ജിദിന്റെ കാര്യത്തിലും മുസ്‌ലിം മനഃസാക്ഷിയെ വേദനിപ്പിക്കുന്ന വിധിന്യായങ്ങളാണ് വന്നത്. ഭരണഘടനയിലെ 14-ാം അനുഛേദത്തിന്റെ നഗ്നമായ ലംഘനത്തിനാണ് ഇന്നലെ ലോക്‌സഭയില്‍ അമിത്ഷാ നാന്ദികുറിച്ചിരിക്കുന്നത്. നിയമപരമായ തുല്യത എല്ലാ വ്യക്തികള്‍ക്കും തുല്യമായിരിക്കുമെന്ന ഭരണഘടനയിലെ 14-ാം അനുഛേദത്തില്‍ പറയുന്നത് ബാധകമാകുക പൗരന്മാരല്ലാത്ത വ്യക്തികള്‍ക്കും കൂടിയാണെന്നോര്‍ക്കണം. എല്ലാ വ്യക്തികളും നിയമത്തിന്റെ മുന്നില്‍ തുല്യരായിരിക്കുമെന്നും എല്ലാവര്‍ക്കും നിയമ സംരക്ഷണം സമമായിരിക്കുമെന്നും ഭരണഘടന പറയുമ്പോള്‍ അതിനെയെല്ലാം പിച്ചിച്ചീന്തുകയായിരുന്നു ഇന്നലെ ബില്‍ അവതരണത്തിലൂടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."