ഹിന്ദു സമാജോത്സവത്തിന്റെ ലക്ഷ്യം ജനങ്ങള്‍ക്കിടയില്‍ ചേരിതിരിവ്: എം.സി ഖമറുദ്ദീന്‍
കാസര്‍കോട്: ഹിന്ദു സമാജോത്സവം കൊണ്ട് ബി.ജെ.പി, ആര്‍.എസ്.എസ് ലക്ഷ്യം വയ്ക്കുന്നത് ജനങ്ങള്‍ക്കിടയില്‍ ചേരിതിരിവുണ്ടാക്കലാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റും യു.ഡി.എഫ് ജില്ലാ ചെയര്‍മാനുമായ എം.സി ഖമറുദ്ദീന്‍ പറഞ്ഞു. യഥാര്‍ഥത്തില്‍ ഹിന്ദുമത വിശ്വാസികളുടെ ചടങ്ങാണ് കാസര്‍കോട്ട് നടക്കുന്നതെങ്കില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും രാഷ്ട്രീയ നേതാവുമായ യോഗി ആദിത്യനാഥിനെ കൊണ്ടുവരുന്നതിനു പകരം മതരംഗത്ത് പ്രവര്‍ത്തിക്കുന്നവരെയോ സന്യാസിമാരെയോ ആണ് പങ്കെടുപ്പിക്കേണ്ടത്.
ഇതിനു പകരം ഉത്തരേന്ത്യയില്‍ വര്‍ഗീയ കലാപങ്ങള്‍ക്ക് ഉള്‍പ്പെടെ നേതൃത്വം വഹിച്ചുവെന്ന ആരോപണം ഉയര്‍ന്നിട്ടുള്ള യോഗിയെ കൊണ്ടുവരുന്നതിനു പിന്നില്‍ വരാനിരിക്കുന്ന പാര്‍ലമെന്റ് ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പുകളില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് തങ്ങളുടെ ലക്ഷ്യം പൂര്‍ത്തിയാക്കലാണ് സംഘ്പരിവാര്‍ സംഘടനകള്‍ ഉന്നംവയ്ക്കുന്നത്.
ഇതിന് ഉദാഹരണമാണ് യോഗി ആദിത്യനാഥ് സംബന്ധിക്കുന്ന ചടങ്ങില്‍ മുസ്‌ലിം ലീഗ് ഭരിക്കുന്ന കുമ്പള പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍ പുണ്ഡരീകാക്ഷ, യു.ഡി.എഫ് ഭരണം നടത്തുന്ന ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് എല്‍.കെ കൃഷ്ണഭട്ട് എന്നിവര്‍ സംബന്ധിക്കുമെന്ന പ്രസ്താവനകളും പ്രചാരണങ്ങളും ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കള്‍ നടത്തുന്നത്. തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ യു.ഡി.എഫ്, മുസ്‌ലിം ലീഗ് നേതാക്കള്‍ സംബന്ധിക്കുമെന്നു പറഞ്ഞ് പ്രചാരണം നടത്തി ജനങ്ങള്‍ക്കിടയില്‍ യു.ഡി.എഫിനെ താറടിക്കാനുള്ള നീക്കമാണിതെന്നും ഖമറുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."