ബുലന്ദ്ഷഹര്‍: മുഖ്യപ്രതിയായ സൈനികനെ യു.പിയിലെത്തിച്ചു
ന്യൂഡല്‍ഹി: ബുലന്ദ്ഷഹറില്‍ പശുവിന്റെ അവശിഷ്ടത്തിന്റെ പേരില്‍ ജനങ്ങളെ കലാപത്തിന് പ്രേരിപ്പിച്ചത് അറസ്റ്റിലായ സൈനികന്‍ ജീത്തു ഫൗജി എന്ന ജിതേന്ദ്രമല്ലിക് ആണെന്ന് ഉത്തര്‍പ്രദേശ് പൊലിസ്. ആള്‍ക്കൂട്ടത്തെ ജിതേന്ദ്രമല്ലിക്ക് ഇളക്കിവിടുന്നത് വീഡിയോകളില്‍ വ്യക്തമായി കാണാമെന്ന് ഉത്തര്‍പ്രദേശ് എ.ഡി.ജി.പി (രഹസ്യാന്വേഷണവിഭാഗം) അനന്ത്കുമാര്‍ പറഞ്ഞു. കല്ലേറ് തുടങ്ങിവച്ചതില്‍ സൈനികനു പങ്കുണ്ടെന്ന് സൂചനലഭിച്ചിട്ടുണ്ട്. ജിതേന്ദ്രമല്ലിക്ക് സംഭവസ്ഥലത്തുണ്ടായിരുന്നുവെന്നതിനു വീഡിയോകളും മൊഴികളും ഉണ്ട്. എന്തിനാണ് ഒരുസൈനികന്‍ ഇതുപോലെ ജനങ്ങളെ ഇളക്കിവിടുന്നത് ? എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള മുദ്രാവാക്യങ്ങള്‍ അദ്ദേഹം ഉയര്‍ത്തുന്നത്? അനന്ത്കുമാര്‍ ചോദിച്ചു.
കേസിലെ മുഖ്യപ്രതികളിലൊരാളായ ബജ്‌രംഗ്ദള്‍ നേതാവ് യോഗേഷ് രാജിനെ ഉടന്‍ പിടികൂടും. ദാദ്രിയില്‍ ബീഫ് കൈവശംവച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാകിന്റെ കേസുമായി ഈ സംഭവത്തിനു ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം മൂന്നിന് സയാനാ പൊലിസ് സ്റ്റേഷനു മുന്നില്‍ തടിച്ചുകൂയി 400ഓളം പേരെ അക്രമാസക്തരാക്കിയത് ജിതേന്ദ്രമല്ലിക് ആണെന്നതിനു തെളിവായി നിരവധി വീഡിയോകളും ഫോട്ടോകളുമാണ് പൊലിസിനു ലഭിച്ചത്. മിക്ക ഫോട്ടോകളിലും വീഡിയോകളിലും ജിതേന്ദ്രമല്ലിക്ക് ആള്‍ക്കൂട്ടത്തിന്റെ മധ്യത്തിലാണ്. ചിലതില്‍ യോഗേഷ് രാജും ജിതേന്ദ്രമല്ലിക്കും ഒന്നിച്ചുനില്‍ക്കുന്നുമുണ്ട്.
ജമ്മു യൂനിറ്റ് രാഷ്ട്രീയ റൈഫില്‍സ് ആണ് വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്ത ജിതേന്ദ്രമല്ലിക്കിനെ ഇന്നലെയാണ് കസന്വേഷിക്കുന്ന പ്രത്യേക ദൗത്യസംഘം (എസ്.ടി.എഫി)ന് കൈമാറിയത്. തുടര്‍ന്ന് ഇന്നലെ വൈകീട്ടോടെ പ്രതിയെയും കൊണ്ട് പൊലിസ് ബുലന്ദ്ഷഹറിലെത്തിച്ചു. പ്രാഥമിക ചോദ്യംചെയ്യലിനു ശേഷം അയാളെ ഇന്നു കോടതിയില്‍ ഹാജരാക്കും.
സയാനാ പൊലിസ് ഇന്‍സപെക്ടര്‍ സുബോദ്കുമാറിനെ വെടിവച്ചത് ജിതേന്ദ്രമല്ലിക്കാണെന്ന് കഴിഞ്ഞദിവസം പൊലിസ് അറിയിച്ചിരുന്നു. കേസില്‍ പ്രഥമദൃഷ്ട്യാ തന്നെ ഇയാള്‍ പ്രതിയാണെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."