ബി.ജെ.പിക്ക് 'എക്‌സിറ്റ് പോള്‍' ഭയം
ന്യൂഡല്‍ഹി: രാജ്യം കാതോര്‍ത്തിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ ജനവിധി നാളെയറിയാം. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ പോരാട്ടം കഴിഞ്ഞതു മുതല്‍ ഫലമറിയാന്‍ രാജ്യം കാത്തിരിക്കുകയാണ്.
രാജസ്ഥാന്‍, തെലങ്കാന, ഛത്തിസ്ഗഡ്, മിസോറാം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലമാണ് നാളെ പുറത്തുവരിക. കോണ്‍ഗ്രസിനു മുന്‍തൂക്കം നല്‍കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതു മുതല്‍ ബി.ജെ.പി കേന്ദ്രങ്ങളില്‍ മൂകതയാണ്. മധ്യപ്രദേശിലും ഛത്തിസ്ഗഡിലും കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുമ്പോള്‍, രാജസ്ഥാനില്‍ കോണ്‍ഗ്രസിനു വ്യക്തമായ ഭൂരിപക്ഷമാണ് പ്രവചിച്ചിരിക്കുന്നത്. തെലങ്കാനയില്‍ സഖ്യത്തിനു തയാറാണെന്ന ബി.ജെ.പിയുടെ നിര്‍ദേശം ടി.ആര്‍.എസ് തള്ളിയിട്ടുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലും ബി.ജെ.പിക്കു കേവല ഭൂരിപക്ഷം പ്രവചിക്കപ്പെട്ടിട്ടില്ല.
മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ വിജയം ബി.ജെ.പിക്ക് അനിവാര്യമാണ്. 2014ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തിലെത്തിച്ചതില്‍ പ്രധാന പങ്കുവഹിച്ചത് ഈ മൂന്നു സംസ്ഥാനങ്ങളിലെ വിജയമായിരുന്നു. ഉത്തര്‍പ്രദേശും ബിഹാറും കഴിഞ്ഞാല്‍ ബി.ജെ.പിയുടെ വിജയത്തില്‍ പ്രധാന പങ്കുവഹിക്കുന്നതും ഈ മൂന്നു സംസ്ഥാനങ്ങളാണ്.
അതേസമയം, എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ പൂര്‍ണ പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. എല്ലാ എക്‌സിസ്റ്റ് പോളുകളും കോണ്‍ഗ്രസിനു തന്നെയാണ് മുന്‍തൂക്കം പ്രവചിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇവയെ 100 ശതമാനം വിശ്വസിക്കാനാകില്ലെങ്കിലും ഇതില്‍നിന്നു വലിയ വ്യത്യാസമുണ്ടാകാന്‍ പോകുന്നില്ലെന്നാണ് സമീപകാല ഫലങ്ങള്‍ വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."