ആശങ്കയോടെ ശ്രീലങ്കന്‍ അഭയാര്‍ഥികള്‍
കോയമ്പത്തൂര്‍: ദേശീയ പൗരത്വഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലും കേരളത്തിലുമായി കഴിയുന്ന മൂന്നു ലക്ഷത്തോളം ശ്രീലങ്കന്‍ തമിഴ് അഭയാര്‍ഥികള്‍ ഭീതിയില്‍. ഇവരില്‍ 90 ശതമാനവും ഹിന്ദു വിഭാഗവും 10 ശതമാനം മുസ്‌ലിംകളുമാണ്.
ഇവര്‍ക്കായി തമിഴ്‌നാട്ടില്‍ വ്യാപകമായി പ്രക്ഷോഭമുണ്ടാകാന്‍ സാധ്യതയുണ്ടെന്നു രഹസ്യാന്വേഷണ വിഭാഗങ്ങള്‍ സര്‍ക്കാരുകള്‍ക്കു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തര മന്ത്രി അമിത്ഷായുടെയും കോലം കത്തിച്ചുള്ള പ്രതിഷേധങ്ങള്‍ തമിഴ്‌നാട്ടില്‍ നടക്കുകയാണ്. പുതിയ ബില്ലിലെ വ്യവസ്ഥകള്‍ പ്രകാരം ശ്രീലങ്കയില്‍നിന്നുള്ള അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കില്ല.
കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരേ മക്കള്‍ നീതി മയ്യം കക്ഷി നേതാവ് കമല്‍ഹാസന്‍, ശ്രീശ്രീ രവിശങ്കര്‍, പ്രശസ്ത തമിഴ് കവി വൈരമുത്തു, ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍, എം.ഡി.എം.കെ നേതാവ് വൈക്കോ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തിറങ്ങിയിട്ടുണ്ട്.
അണ്ണാ ഡി.എം.കെ.യുടെ 13 രാജ്യസഭാംഗങ്ങള്‍ ബില്ലിനെ പിന്തുണച്ച് വോട്ട്‌ചെയ്തതാണ് ബില്‍ രാജ്യസഭയില്‍ പാസാകാന്‍ സഹായകമായത്. എന്നാല്‍, ഡി.എം.കെ സഭയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുകയും ഇറങ്ങിപ്പോക്ക് നടത്തുകയും ചെയ്തിരുന്നു.
ശ്രീലങ്കയില്‍നിന്നെത്തിയ മുഴുവന്‍ അഭയാര്‍ഥികള്‍ക്കും പൗരത്വം നല്‍കണമെന്നാവശ്യപ്പെട്ടു ശ്രീശ്രീ രവിശങ്കര്‍ പ്രധാനമന്ത്രിക്കു കത്തെഴുതിയിരുന്നു. ബില്ലിനെ പിന്തുണച്ച മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ നിലപാടിനെ പരിഹസിച്ച് നടന്‍ സിദ്ധാര്‍ഥും രംഗത്തെത്തിയിരുന്നു. 1980ല്‍ ശ്രീലങ്കന്‍ തമിഴ്പുലികളുമായി നടത്തിയ ആഭ്യന്തര യുദ്ധത്തിനിടയിലാണ് മൂന്നു ലക്ഷത്തോളം വരുന്ന അഭയാര്‍ഥികളുടെ പ്രവാഹം തമിഴ്‌നാട്ടിലുണ്ടായത്.
ചെന്നൈ, കോയമ്പത്തൂര്‍, തൃശ്‌നാപള്ളി, കന്യാകുമാരി, രാമനാഥപുരം, മധുര ജില്ലകളില്‍ അഭയാര്‍ഥി ക്യാപുകളുണ്ടാക്കിയാണ് ഇവരെ താമസിപ്പിച്ചത്. കുറച്ചുപേരെ തിരുവനന്തപുരത്തും പുനലൂരിലും താമസിപ്പിച്ചു. അഭയാര്‍ഥികളില്‍ 75 ശതമാനം പേര്‍ പുറത്തു കഴിയുമ്പോള്‍ 25 ശതമാനം പേര്‍ ക്യാംപുകളില്‍ തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."