അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെ, വിശദീകരണവുമായി സി.പി.എം, പൊലിസ് തെളിവുകള്‍ സൃഷ്ടിച്ചിട്ടില്ല, കാനത്തെനിതിരേ ആഞ്ഞടിച്ചും നേതൃത്വം
കോഴിക്കോട്: പന്തീരാങ്കാവില്‍ യു.എ.പി.എ കേസ് ചുമത്തി അറസ്റ്റ് ചെയ്ത സി.പി.എം അംഗങ്ങളായിരുന്ന അലന്‍ ഷുഹൈബും താഹ ഫസലും മാവോയിസ്റ്റുകളുമായി ബന്ധം പുലര്‍ത്തുന്നവരാണെന്നതിന് പാര്‍ട്ടിയുടെ പക്കല്‍ തന്നെ തെളിവുകളുണ്ടെന്നു സി.പി.എം ജില്ലാ നേതൃത്വം. പന്നിയങ്കരയില്‍ നടന്ന രാഷ്ട്രീയ വിശദീകരണയോഗത്തില്‍ സി.പി.എം ജില്ലാ കമ്മിറ്റി അംഗം പ്രേംനാഥാണ് കാര്യങ്ങള്‍ വിശദീകരിക്കുന്നത്.
പന്നിയങ്കരയില്‍ സംഘടിപ്പിച്ച പൊതുയോഗത്തിലാണ് സി.പി.എം നേതൃത്വത്തിന്റെ വിശദീകരണം. പൊലിസ് താഹയെ നിര്‍ബന്ധിച്ച് മുദ്രാവാക്യം വിളിപ്പിച്ചിട്ടില്ല. അയാള്‍ സ്വയം വിളിച്ചതാണ്. പാര്‍ട്ടി പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലായിരുന്നു അവരുടെ വീടുകളില്‍ പൊലിസ് റെയ്ഡുകള്‍ നടത്തിയത്. ഇതൊന്നും പൊലിസ് സൃഷ്ടിച്ചതല്ലെന്നും എല്ലാം അവരുടെ മാവോയിസ്റ്റ് ബന്ധത്തിനു വ്യക്തമായ തെളിവാണെന്നും സി.പി.എം പൊതുയോഗത്തില്‍ വിശദീകരിക്കുന്നു.
യോഗത്തില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ കടുത്ത വിമര്‍ശനും ഉന്നയിക്കുന്നുണ്ട്. പിണറായി വിജയനെ വിമര്‍ശിക്കാന്‍ കാനം രാജേന്ദ്രന് എന്ത് അര്‍ഹതയാണുള്ളത്. നല്ലതിന്റെയെല്ലാം പിതൃത്വം കാനത്തിനും തെറ്റിന്റെ ഉത്തരവാദി പിണറായിക്കുമെന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. രാജന്‍ കേസില്‍ ഈച്ചരവാരിയരോട് കടുത്ത അനീതി കാട്ടിയവരാണ് സി.പി.ഐയെന്ന കുറ്റപ്പെടുത്തലും യോഗം നടത്തുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് സി.പി.എമ്മില്‍ എത്ര മാവോയിസ്റ്റുകള്‍ ഉണ്ടെന്ന് അവരുടെ പാര്‍ട്ടി പറയട്ടെയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടത്. അലനും താഹയും നിരപരാധികള്‍ ആണോ എന്ന് പൊലിസാണ് പറയേണ്ടതെന്നും കാനം പറഞ്ഞിരുന്നു. അതിനുള്ള മറുപടിയെന്നോണമാണ് സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ വിശദീകരണവും ചുട്ട മറുപടിയും.
യു.എ.പി.എ കരിനിയമം തന്നെയാണ്. അത് കുറ്റവാളിയായാലും നിരപരാധി ആയാലും അവര്‍ക്കെതിരെ പ്രയോഗിക്കരുതെന്ന നിലപാടില്‍ മാറ്റമില്ലെന്നും കാനം ചൂണ്ടിക്കാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."