ഹോട്ടല്‍ ജീവനക്കാരെ കൊല്ലാന്‍ ശ്രമിച്ച കേസ്; യുവാക്കള്‍ പിടിയില്‍
കാക്കനാട്: സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ കലക്ടറേറ്റ് സിഗ്‌നല്‍ ജങ്ഷനു സമീപത്തെ ബിയര്‍ പാര്‍ലര്‍ ഹോട്ടലില്‍ അതിക്രമിച്ച് കയറി വടിവാള്‍ വീശി ഹോട്ടല്‍ ജീവനക്കാരെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ രണ്ട് യുവാക്കളെ ഇന്‍ഫൊപാര്‍ക്ക് പൊലിസ് പിടികൂടി. ആലുവ തായിക്കാട്ടുകര മുക്കത്ത പ്ലാസ വീട്ടില്‍ ശ്രീജിത്(21), നോര്‍ത്ത് പറവൂര്‍ ഏഴിക്കര തട്ടകത്ത് താന്നിപ്പാടം വീട്ടില്‍ മിഥുന്‍(21) എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.
കഴിഞ്ഞ ആറിന് വൈകിട്ട് നാലിന് നടന്ന സംഭവത്തെ കുറിച്ച് പൊലിസ് പറയുന്നത് ഇങ്ങനെ. ശ്രീജിത്തും കാമുകിയും കൂടി കലക്ടറേറ്റ് സിഗ്‌നല്‍ ജങ്ഷനു സമീപത്തെ ഹോട്ടലിന് താഴെ പാര്‍ക്കിങ് ഏരിയയില്‍ ഏറെനേരം സംസാരിച്ച് നിന്ന് വാക്ക് തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ കമിതാക്കളെ ശകാരിച്ച് പറഞ്ഞയച്ചു. ഇതിലുള്ള വിരോധമാണ് പ്രതികളെ ആക്രമണത്തിന് പ്രേരിപ്പിച്ചത്. കാമുകിയുടെ മുന്നില്‍ ഹോട്ടല്‍ ജീവനക്കാര്‍ ആക്ഷേപിച്ചതില്‍ പ്രകോപിതനായ പ്രതി ബൈക്കില്‍ ആലുവയിലെത്തി സുഹൃത്ത് മിഥുനിനെ കൂട്ടിക്കൊണ്ട് വന്നായിരുന്നു ഹോട്ടലിലെ ജീവനക്കാര്‍ക്ക് നേരെ അക്രമത്തിന് ശ്രമിച്ചത്. മിഥുന്‍ നേരത്തെ ജോലി ചെയ്തിരുന്ന മീന്‍ വില്‍ക്കുന്ന തട്ടുകടയില്‍ നിന്ന് ഒന്നര അടിയോളം നീളമുള്ള രണ്ട് വടി വാളുകളും സംഘടിപ്പിച്ച് ഇവര്‍ തിരിച്ചെത്തുകയായിരുന്നു. ബൈക്കിലെത്തിയ സംഘം ഹോട്ടലിലെ ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറിലെ ജീവനക്കാര്‍ക്ക് നേരെ വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ജീവനക്കാര്‍ ഓടിമാറിയതിനാല്‍ വെട്ടേല്‍ക്കാതെ രക്ഷപ്പെട്ടു.
അക്രമസംഭവത്തെപ്പറ്റി ഹോട്ടല്‍ ഉടമ കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചതനുസരിച്ച് സിറ്റി പൊലിസ് കമ്മിഷണര്‍ എം.പി ദിനേശന്റെ നിര്‍ദേശ പ്രകാരം ഇന്‍ഫൊപാര്‍ക്ക് പൊലിസ്, ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് അക്രമി സംഘം സഞ്ചരിച്ചിരുന്ന ബൈക്കിന്റെ രജിസ്‌ടേഷന്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. അക്രമി സംഘം ഉപയോഗിച്ച രണ്ട് വടിവാളുകളും മോട്ടോര്‍സൈക്കിളും പൊലിസ് കസ്റ്റഡിയിലെടുത്തു.
ശ്രീജിത് ആലുവ ഹണി വധക്കേസ്സിലെ പ്രതിയാണ്. ഈ കേസില്‍ തൃക്കാക്കര ജുവനൈല്‍ ഹോമില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ചതിന് തൃക്കാക്കര സ്റ്റേഷനിലും മോഷണത്തിനും അടിപിടിക്കും ആലുവ സ്റ്റേഷനില്‍ കവര്‍ച്ചക്കും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തൃക്കാക്കര അസി. കമ്മിഷണര്‍ ബിനോയിയുടെ നേതൃത്വത്തില്‍ ഇന്‍ഫൊപാര്‍ക്ക് സി.ഐ വൈ നിസാമുദ്ദീന്‍, എസ്.ഐമാരായ തൃദീപ് ചന്ദ്രന്‍, ആര്‍. മധു, പൊലിസുകാരായ വേണു, ബേബി, അനില്‍ കുമാര്‍, റഷീദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."