ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് വിദേശ രാജ്യങ്ങള്‍
ലണ്ടന്‍: വിവാദ പൗരത്വ ഭേദഗതി നിയമം ഇരു സഭകളിലും പാസായി നിയമമായതോടെ രാജ്യമെങ്ങും കനത്ത പ്രതിഷേധമുയരുകയും ചിലയിടങ്ങളില്‍ രക്തച്ചൊരിച്ചിലുണ്ടാവുകയും ചെയ്തതോടെ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി വിദേശരാജ്യങ്ങള്‍. ഇന്ത്യയിലേക്കുള്ള യാത്ര കഴിവതും ഒഴിവാക്കണമെന്നും അനിവാര്യമെങ്കില്‍ കനത്ത ജാഗ്രത കാണിക്കണമെന്നും യു.എസ്, കാനഡ, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് നിര്‍ദേശം നല്‍കിയത്.
അസം, ബംഗാള്‍, ത്രിപുര ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് വിവാദ നിയമത്തിനെതിരേ പ്രക്ഷോഭം ശക്തമായത്. അസമില്‍ പൊലിസ് വെടിവയ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും ചിലയിടങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇവിടെ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ത്രിപുരയിലും കനത്ത പ്രതിഷേധമാണ് നടക്കുന്നത്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നുണ്ടെങ്കില്‍ പ്രാദേശിക മാധ്യമങ്ങള്‍ ശ്രദ്ധിച്ച് പുതിയ വാര്‍ത്തകള്‍ മനസ്സിലാക്കുക, പ്രാദേശിക ഭരണകൂടങ്ങളുടെ നിര്‍ദേശങ്ങള്‍ പാലിക്കുകയും യാത്രയ്ക്ക് കൂടുതല്‍ സമയം കണ്ടെത്തുകയും വേണമെന്നും ബ്രിട്ടിഷ് വിദേശമന്ത്രാലയം പൗരന്മാര്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു.
സമാന നിര്‍ദേശമാണ് മറ്റു രാജ്യങ്ങളും നല്‍കിയിരിക്കുന്നത്. അക്രമം നടക്കുന്നതിനാല്‍ ഇന്ത്യയിലുള്ള യു.എസ് പൗരന്മാര്‍ ജാഗ്രത പുലര്‍ത്തണമെന്നും അസമിലേക്കുള്ള ഔദ്യോഗിക യാത്രസര്‍ക്കാര്‍ റദ്ദാക്കിയതായും യു.എസ് എംബസി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."