ഈ കര്‍ഷകന്റെ കൈക്കരുത്തില്‍ മലയും 'കീഴടങ്ങി'
ബദിയഡുക്ക: തന്റെ കൃഷിയിടത്തിലേക്ക് തുരങ്കം നിര്‍മിച്ച് ശങ്കരനാരായണ ഭട്ട് ശ്രദ്ധേയനാവുന്നു. തന്റെ വീട്ടില്‍ നിന്നും ഒരു വലിയ കുന്നുകയറി വേണം കൃഷിയിടത്തിലെത്താന്‍. 600മീറ്റര്‍ ദൂരം കുന്നു കയറി ഇറങ്ങുന്നത് കാരണം അടയ്ക്ക, തേങ്ങയടക്കമുള്ള ഉല്‍പ്പന്നങ്ങള്‍ വീട്ടില്‍ എത്തിക്കാന്‍ കഴിയാതെ വന്നതോടെയാണ് ശങ്കരനാരായണ ഭട്ട് വേറിട്ട് ചിന്തിച്ചത്. വീട്ടില്‍ നിന്നും കുന്നിന് അടിയില്‍കൂടി തുരങ്കം നിര്‍മിച്ച് കൃഷിയിടത്തിലേക്ക് എത്തിച്ചേരുകയെന്ന ആശയം മനസ്സില്‍ ഉദിച്ചതോടെ ഇത് യാഥാര്‍ഥ്യമാക്കി. മൂന്നു ജോലിക്കാരുടെ സഹായത്തോടെ ഒരു മാസം കൊണ്ടാണ് തുരങ്ക നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇതോടെ 600 മീറ്റര്‍ ദൂരം 38 മീറ്ററായി കുറഞ്ഞു. വീട്ടില്‍ നിന്ന് കൃഷിയിടത്തിലേക്ക് എത്താനുള്ള പ്രയാസം കാരണം കൃഷിപോലും ഉപേക്ഷിക്കാന്‍ തീരുമാനിച്ച സമയത്താണ് ഭട്ടിന് തുരങ്കം രക്ഷയായത്.
ചെങ്കുത്തായ കയറ്റമായതിനാല്‍ തോട്ടത്തിലേക്ക് എത്തിചേരാന്‍ ബുദ്ധിമുട്ടായിരുന്നു. വീടിന്റെ മുറ്റത്ത് നിന്നും നേരിട്ട് തോട്ടത്തിലേക്കാണ് തുരങ്കം നിര്‍മിച്ചത്. വീട് പെരുമുണ്ടയിലും തോട്ടം 600 മീറ്റര്‍ ദൂരമുള്ള പള്ളത്തടുക്ക പുഴയോരത്തുമാണ്. 42 ഏക്കര്‍ വ്യാപിച്ചു കിടക്കുന്ന കൃഷിയിടത്തില്‍ കവുങ്ങ്, നെല്ല്, കൊക്കോ, തെങ്ങ്,കുരുമുളക് തുടങ്ങി വീട്ടാവശ്യത്തിനുള്ള പച്ചക്കറിയുമുണ്ട്. ആദ്യ ഘട്ടത്തില്‍ നേര്‍രേഖയായാണ് തുരങ്കം നിര്‍മിച്ചത്. തോട്ടത്തില്‍ എത്താന്‍ 35മീറ്റര്‍ സഞ്ചരിച്ചാല്‍ മതിയായിരുന്നു. മഴക്കാലത്ത് മണ്ണിടിച്ചില്‍ ഉണ്ടായതിനാല്‍ ഉറപ്പുള്ള ഭാഗത്ത് കൂടി തുരങ്കത്തിന്റെ മധ്യഭാഗത്ത് നിന്നും മറ്റൊരു വശത്ത് കൂടി തുരങ്കം മാറ്റിയതോടെ തുരങ്കത്തിന്റെ നീളം 38 മീറ്ററായി കുറയുകയായിരുന്നു.
സാധാരണയായി കുടിവെള്ളത്തിനും മറ്റുമുണ്ടാക്കുന്ന പരമ്പരാഗത തുരങ്കത്തിനെക്കാളും നീളവും ഉയരവും ഇതിനു കൂടുതലായുണ്ട്. തലയില്‍ ചുമന്നും ചെറിയ ഉന്തു വണ്ടിയിലും കാര്‍ഷിക ഉല്‍പന്നങ്ങള്‍ കൊണ്ടുവരാനാണ് തുരങ്കത്തിന്റെ വീതിയും ഉയരവും കൂട്ടിയത്. തുരങ്കമുഖത്തിനടുത്തെ ഇരുട്ട് മാറ്റുന്നതിന് വെളിച്ചവും സ്ഥാപിച്ചിട്ടുണ്ട്.
ശങ്കരനാരായണ ഭട്ടിന്റെ തുരങ്കവും കൃഷി രീതികളും കര്‍ണാടകയിലും വാര്‍ത്താ പ്രാധാന്യം നേടിയിട്ടുണ്ട്. അഞ്ച് ടണ്‍ അരി പൊതു മാര്‍ക്കറ്റില്‍ വില്‍പ്പന നടത്തി വരുന്നു. ഇടനിലക്കാരുടെ ചൂഷണം കാരണം നെല്‍ക്കൃഷിയില്‍ നഷ്ടം സംഭവിച്ചതോടെ വീട്ടില്‍ തന്നെ നെല്ല് വേവിച്ചു പരമ്പരാഗതമായി കുത്തിയെടുത്ത് പാക്കറ്റുകളിലാക്കി നേരിട്ട് വില്‍പ്പന നടത്തി വരുകയാണ്.
ജൈവകൃഷി രീതിയായതിനാല്‍ ആളുകള്‍ നേരിട്ടെത്തി അരി വാങ്ങുന്ന സംഭവങ്ങളും ഉണ്ട്. വാഴക്കുലയിലും ഇളനീരിലുമൊക്കെ ഇടനിലക്കാരുടെ ചൂഷണമാണ് കൃഷിക്കാര്‍ക്ക് നഷ്ടം സംഭവിക്കാന്‍ കൂടുതല്‍ ഇടയാകുന്നതെന്നാണ് ഇയാള്‍ പറയുന്നു. കൃഷിയിടത്തില്‍ നിന്നും ഉല്‍പന്നങ്ങള്‍ തുരങ്കം വഴി വീട്ടിലെത്തിക്കാനുള്ള വാഹനത്തിന് ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുകയാണ് ശങ്കരനാരായണ ഭട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."