പുനരധിവാസ കേന്ദ്രങ്ങളുയരണം
നാട്ടുനടപ്പുപ്രകാരം പരസ്പരം കണ്ടും അറിഞ്ഞും അന്വേഷിച്ചുമുള്ള ഒരു വിവാഹത്തിനിറങ്ങിയാല്‍ തനിക്ക് ഒരു ഇണയെ ലഭിക്കുകയില്ലെന്ന് തികച്ചും ബോധ്യമുള്ള മദ്യപാനികളോ മറ്റു പലതിന്മകളുടെയും അടിമകളോ ആയി സമൂഹത്തില്‍ മുദ്ര ചാര്‍ത്തപ്പെട്ട ചിലര്‍ കണ്ടെത്തുന്ന അടവു തന്ത്രമാണ് പ്രണയത്തിലൂടെ ഇണയെ കണ്ടെത്തുക എന്നത്. ബാല്യത്തിന്റെ ചാപല്യം മാറാത്ത പെണ്‍കുട്ടികള്‍ ആഴത്തിലുള്ള ചിന്തയോ അന്വേഷണമോ ഇല്ലാതെ ഇത്തരം കെണികളിലകപ്പെടുന്നു.
താന്‍ ചെന്നു ചാടിയത് ദുരിതങ്ങളുടെ നിലയില്ലാ കയത്തിലാണെന്ന് അവള്‍ തിരിച്ചറിയുമെങ്കിലും അപ്പോഴേക്കും മാറി ചിന്തിക്കാന്‍ ഒരവസരവുമില്ലാത്ത വിധം അവള്‍ വെറുക്കപ്പെട്ടവളായി മുദ്രകുത്തപ്പെട്ട് താഴെ ഭൂമിയും മേലെ ആകാശവും എന്നതിനപ്പുറം ഒരു അവലംബവും ആശ്രയവുമില്ലാതെ ഒറ്റപ്പെട്ട് കഴിഞ്ഞിട്ടുണ്ടാകും.
ഇവളെ എന്ത് ചെയ്താലും ചോദിക്കാനും പറയാനും ആളില്ലെന്ന ഈ ദയനീയാവസ്ഥ അവന്റെ മുഴുവന്‍ ക്രൂരതകളും പുറത്തെടുക്കാന്‍ പ്രചോദനമാകുകയും ചെയ്യും.
അതോടെഅവന്റെ മദ്യാസക്തിയിലും മറ്റുമുള്ള അടിയും തൊഴിയുമേറ്റ് അരപട്ടിണിയും മുഴു പട്ടിണിയുമായി ആശയും ആശ്രയവുമറ്റ അവള്‍ തന്റെ നരകജീവിതം തള്ളിനീക്കുകയാണ്.
അറ്റകൈക്ക് ആത്മഹത്യയില്‍ അഭയം തേടുന്നവരും കുറവല്ല.
ഇത്തരം സംഭവങ്ങളില്‍ ചിലരെങ്കിലും താന്‍ ഭര്‍ത്താവിനൊപ്പം സുഖജീവിതം നയിക്കുന്നുവെന്ന് തോന്നുംവിധം കാട്ടിക്കൂട്ടുന്നതായി കാണാം. എന്നാല്‍, മറ്റൊരു അത്താണിയുമില്ലാത്തതിനാലും സമൂഹത്തിന്റെ പരിഹാസം ഭയന്നും നീറിപ്പുകയുന്ന മനസുമായാണ് അവര്‍ പോലും സുഖജീവിതം അഭിനയിക്കുന്നതെന്നതാണ് യാഥാര്‍ഥ്യം.
ഇത്തരം സംഭവങ്ങളിലെ ഇരകള്‍ക്ക് ആരുടെയും പുച്ഛവും പരിഹാസവുമേല്‍ക്കാതെ കയറി വരാന്‍ പറ്റിയ പുനരധിവാസ കേന്ദ്രങ്ങള്‍ ഉയര്‍ന്നുവന്നാല്‍ അതിലേക്ക് വരുന്നവരുടെ ആധിക്യം നമ്മെ അല്‍ഭുതപ്പെടുത്താതിരിക്കില്ല. അതിനെ കുറിച്ചും പഠനവിധേയമാക്കണം. മാത്രമല്ല അവര്‍ അനുഭവിച്ച ദുരിത ജീവിത കഥകള്‍ സമൂഹം മനസിലാക്കാന്‍ അവസരമുണ്ടാകുകയും അത് വഴി തെറ്റി സഞ്ചരിക്കുന്നവര്‍ക്ക് വലിയ ഗുണപാഠം നല്‍കുകയും ചെയ്യും. ഇന്ന് സമുദായത്തിന്റെ കെട്ടുറപ്പിനെ ചോദ്യം ചെയ്തു കൊണ്ടിരിക്കുന്ന ഒളിച്ചോട്ട വിഷയത്തില്‍ നമുക്ക് നടത്താവുന്ന ഏറ്റവും ഫലപ്രദമായ പ്രബോധന രീതിയായിരിക്കും ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."