ഹജ്ജ്: കൂടുതല്‍ തീര്‍ഥാടകര്‍ യാത്രയാകുന്നത് സഊദി എയര്‍ലൈന്‍സില്‍
കൊണ്ടോട്ടി: ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം കൂടുതല്‍ തീര്‍ഥാടകര്‍ ഹജ്ജിന് പോകുന്നത് സഊദി എയര്‍ലൈന്‍സ് വഴി. കഴിഞ്ഞവര്‍ഷം വരെ എയര്‍ ഇന്ത്യയാണ് കൂടുതല്‍ തീര്‍ഥാടകരെ കൊണ്ടുപോയിരുന്നത്.
ഇത്തവണ വലിയ വിമാനങ്ങള്‍ ലഭ്യമാവാത്തതിനാല്‍ ചെറിയ വിമാനങ്ങള്‍ പ്രയോജനപ്പെടുത്തിയാണ് എയര്‍ ഇന്ത്യ ഹജ്ജ് സര്‍വിസ് നടത്തുന്നത്. ഇന്ത്യയിലെ 21 ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നായി 1,25,025 പേരെയാണ് ഹജ്ജിന് കൊണ്ടുപോകേണ്ടത്. ഇതില്‍ 12 എണ്ണത്തില്‍ നിന്നായി എയര്‍ ഇന്ത്യ 49,975 തീര്‍ഥാടകരെയാണ് കൊണ്ടുപോകുന്നത്. എന്നാല്‍, നെടുമ്പാശ്ശേരി ഉള്‍പ്പെടെ ഏഴ് എമ്പാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്ന് മാത്രം സഊദി എയര്‍ലൈന്‍സ് 67,200 പേരെയാണ് ഹജ്ജിന് കൊണ്ടുപോകുന്നത്. രണ്ടിടങ്ങളില്‍ നിന്ന് മാത്രം സര്‍വിസിന് അനുമതി ലഭിച്ച ഫ്ളൈ നാസ് വിമാന കമ്പനി 7,850 തീര്‍ഥാടകരേയും കൊണ്ടുപോകും.
ഹജ്ജ് വിമാന സര്‍വിസുകള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് വിമാന കമ്പനികളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചിരുന്നത്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെയും സഊദി വ്യോമയാന മന്ത്രാലയത്തിന്റെയും നിബന്ധനകള്‍ പാലിക്കുന്ന വിമാന കമ്പനികള്‍ക്കാണ് ഹജ്ജ് സര്‍വിസ് അനുവദിക്കുക. ഈ വര്‍ഷം എയര്‍ ഇന്ത്യ, സഊദി എയര്‍ലൈന്‍സ്, ഫ്ളൈ നാസ് എന്നിവക്കാണ് ഹജ്ജ് സര്‍വിസുകള്‍ ലഭിച്ചത്.
ഹജ്ജ് സര്‍വിസുകള്‍ നടത്താന്‍ സാധാരണയായി എയര്‍ ഇന്ത്യ വിമാനങ്ങള്‍ വാടകയ്ക്ക് എടുക്കാറാണ് പതിവ്. ഇത്തവണ ഇതിനു മുതിരാതെ ചെറിയ വിമാനങ്ങള്‍ ഉള്‍പ്പെടുത്തി ജിദ്ദയിലേക്കും മദീനയിലേക്കും നേരിട്ട് പറക്കാതെ ഷാര്‍ജ വഴി കണക്ഷന് സര്‍വിസിനാണ് എയര്‍ ഇന്ത്യ മുതിര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."