പ്രതീക്ഷയുടെ വെളിച്ചം പകരാന്‍ നമുക്കാവണം
സുന്നി മഹല്ല് ഫെഡറേഷന് (എസ്.എം.എഫ്) സംസ്ഥാന കമ്മിറ്റി ജില്ലകള്‍ തോറും ആരംഭിക്കുന്ന പുതിയ പ്രവര്‍ത്തന പദ്ധതിയാണ് കമ്മ്യൂണിറ്റി സെന്റര്‍. കൗണ്‍സലിങ്, മസ്ലഹത്ത്, ഗൈഡന്‍സ്, ട്രെയിനിങ് തുടങ്ങിയ മേഖലകളില്‍ പ്രത്യേക പരിശീലനവും സഹായവും നല്‍കുകയെന്നതാണ് ഈ സെന്ററിന്റെ ലക്ഷ്യം. അസ്വസ്ഥജനകമായ വാര്‍ത്തയുടെ ലോകത്ത് നിന്ന് സമൂഹത്തിന് പ്രതീക്ഷയുടെ വെളിച്ചം പകരാന്‍ നമുക്കാവണം.
ചെറുതും വലുതുമായ മാനസിക പ്രശ്നങ്ങള്‍ കൊണ്ട് പ്രയാസപ്പെടുന്നവര്‍ക്ക് ഒരു സഹായകമേകാന്‍ നമുക്ക് സാധിക്കും, പഠന പ്രശ്നങ്ങള്‍ കൊണ്ടും മറ്റും വേദനിക്കുന്ന വിദ്യാര്‍ഥികള്‍ക്കും പിന്തുണ നല്‍കേണ്ടതുണ്ട്. കുഞ്ഞു പ്രശ്നങ്ങളുടെ പേരില്‍ രണ്ടായി പിരിയുന്ന കുടുംബങ്ങളെ ചേര്‍ത്തുപിടിച്ച് ഒരുമയുടെ തീരത്തേക്ക് അടുപ്പിക്കാന്‍ ചെറുവാക്കുകളാല്‍ പോലും സാധ്യമാവും. മഹല്ലുകളിലുണ്ടാവുന്ന തര്‍ക്കങ്ങള്‍ പോലും പറഞ്ഞ് തീര്‍ക്കേണ്ടതുണ്ട്. ദിശാബോധമുള്ള വിദ്യാര്‍ഥികളെ വാര്‍ത്തെടുക്കേണ്ടതും ഇന്നത്തെ മഹല്ല് കൂട്ടായ്മകളുടെ അജണ്ടകളാവണം. തുടര്‍ പഠന രംഗത്തുള്ള എല്ലാ സാധ്യതകളും വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തണം. അവര്‍ക്കുള്ള ആനുകൂല്യങ്ങളെ കുറിച്ചും സഹായ പദ്ധതികളെ കുറിച്ചും അവരെ ബോധവാന്മാരാക്കണം.
ഉത്തമ സമുദായത്തിന്റെ പുന:സൃഷ്ടിക്ക് വിവിധ ജീവിത പരിശീലന കോഴ്സുകളും നാം ആരംഭിക്കണം. വിവാഹ മുന്നൊരുക്ക കോഴ്സുകളും വിവാഹിതരായ ദമ്പതികള്‍ക്കുള്ള പഠന കോഴ്സുകളും നല്കപ്പെടണം. ഒരു മികച്ച രക്ഷിതാവിനെ വാര്‍ത്തെടുക്കുന്നതിന് പാരന്റിങ് കോഴ്സുകളും ഏര്‍പ്പെടുത്തണം. ഈ ആവശ്യങ്ങള്‍ക്കെല്ലാം സാധ്യമാകുന്ന വിധത്തില്‍ മികച്ച സൗകര്യങ്ങളുള്ള ഒരു കേന്ദ്രമാണ് ജില്ലകള്‍തോറും ആരംഭിക്കുന്ന എസ്.എം.എഫ് കമ്മ്യൂണിറ്റി സെന്റര്‍. ആദ്യ കമ്മ്യൂണിറ്റി സെന്റര്‍ ഇന്ന് കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂരില്‍ ഉദ്ഘാടനം ചെയ്യപ്പെടുകയാണ്.
സുന്നി മഹല്ല് ഫെഡറേഷന് സംസ്ഥാന കമ്മിറ്റിയുടെ പദ്ധതികളുടെ നടത്തിപ്പ് കേന്ദ്രം കൂടിയാണീ സെന്റര്‍. രണ്ട് വര്‍ഷം മുന്‍പ് നടത്തപ്പെട്ട ലൈറ്റ് ഓഫ് മദീനയില്‍ നിന്ന് രൂപപ്പെട്ട വ്യത്യസ്ത പദ്ധതികള്‍ ജില്ലാ നേതൃത്വം നേരിട്ട് ഏറ്റെടുത്ത് നടത്തുകയാണ്. പ്രീമാരിറ്റല്‍ കോഴ്സിന്റെ ക്രാഷ് കോഴ്സും, പാരന്റിങ് കോഴ്സുകളും, വിദ്യാര്‍ഥികള്‍ക്കുള്ള വ്യത്യസ്ത പരിശീലന കോഴ്സുകളും ഇവിടെ നല്‍കും. മഹല്ലിലെ വിദ്യാസമ്പന്നരായ അംഗങ്ങള്‍ക്ക് സാധ്യമാകുന്ന ഗവണ്മെന്റ് തൊഴില്‍ ലഭിക്കാനാവശ്യമായ ബോധവല്‍ക്കരണങ്ങള്‍ക്കും പരിശീലനങ്ങള്‍ക്കും ഇത് വേദിയാകും.
പലിശരഹിത വായ്പാ പദ്ധതിയായ സുന്ദൂഖ്, സ്വദേശി ദര്‍സ്, ആശ്വാസ്, വഖ്ഫ് അദാലത്തുകളടക്കം ഏറ്റെടുക്കാനും നടപ്പിലാക്കുന്നതിനും മഹല്ല് ഭാരവാഹികള്‍ക്ക് പരിശീലനം നല്കുന്ന നേതൃശില്പശാലകള്ക്കും സെന്റര്‍ നേതൃത്വം നല്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."