'നിങ്ങള്‍ പാര്‍ട്ടി നേതാവ് മാത്രമല്ലെന്ന് അറിയണം'
കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരേ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള മഹാ റാലി തുടരുന്നു. റാലിയുടെ മൂന്നാം ദിനമായിരുന്ന ഇന്നലെ കേന്ദ്ര സര്‍ക്കാരിനെയും പ്രത്യേകിച്ച് ആഭ്യന്തര മന്ത്രി അമിത് ഷായെയും കടന്നാക്രമിച്ചായിരുന്നു മമതയുടെ റാലി കടന്നുപോയത്.
നിങ്ങളുടെ ജോലിയെന്തെന്നു നിങ്ങള്‍ മനസിലാക്കണമെന്നായിരുന്നു അമിത് ഷായോടു മമതയുടെ ഉപദേശം. നിങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയാണ്. ഒരു രാജ്യത്തെ ഒന്നിച്ചുകൊണ്ടുപോകേണ്ടതിന്റെ ഉത്തരവാദിത്തം നിങ്ങള്‍ക്കുണ്ട്. നിങ്ങള്‍ ബി.ജെ.പിയുടെ നേതാവ് മാത്രമല്ലെന്ന് ഇനിയെങ്കിലും അറിയണമെന്നും മമതാ ബാനര്‍ജി പറഞ്ഞു.
ഒരാള്‍ക്കും പൗരത്വം നഷ്ടമാകില്ലെന്നു പറയുന്ന നിങ്ങള്‍ ആധാറും തിരിച്ചറിയല്‍ കാര്‍ഡും പാന്‍ കാര്‍ഡുമൊന്നും പൗരത്വം തെളിയിക്കാനുള്ള രേഖകളല്ലെന്നു പറയുന്നതിനു പിന്നെന്താണ് കാരണമെന്നും അവര്‍ ചോദിച്ചു. രാജ്യത്തു സമാധാനം നിലനിര്‍ത്തുകയെന്നത് ആരെക്കാളും ആഭ്യന്തര മന്ത്രിയുടെ ചുമതലയാണെന്നും അവര്‍ ഓര്‍മിപ്പിച്ചു.
അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യവ്യാപക പ്രതിഷേധം ഇന്നലെയും തുടരുകയാണ്. ഇന്നലെ മദ്രാസ് സര്‍വകലാശാലയിലും തമിഴ്‌നാട്ടിലെ വിവിധ പ്രദേശങ്ങളിലും വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായിറങ്ങി. വിദ്യാര്‍ഥികള്‍ക്കെതിരായ പൊലിസ് അതിക്രമങ്ങളെ അപലപിക്കാന്‍ മദ്രാസ് ഐ.ഐ.ടിയിലെത്തിയ കമല്‍ഹാസനെ അകത്തു പ്രവേശിപ്പിക്കാത്തതിനെ തുടര്‍ന്ന് അദ്ദേഹം അടച്ചിട്ട ഗേറ്റിനു പുറത്തുനിന്നു വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തു.
സര്‍വകലാശാലാ പരിസരത്തുവച്ചുതന്നെ കമല്‍ഹാസനെ പൊലിസിന്റെ നേതൃത്വത്തില്‍ തടയുകയായിരുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരേ മദ്രാസ് സര്‍വകലാശാലയിലും വിദ്യാര്‍ഥി സമരം ശക്തിപ്രാപിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."