ഇരുമ്പ-കാച്ചാണി റോഡ് നിര്‍മാണം പൂര്‍ത്തിയാകുന്നു; പുരോഗതി വിലയിരുത്തി എം.എല്‍.എ
നെടുമങ്ങാട്: അരുവിക്കര നിയോജകമണ്ഡലത്തെ നഗരവുമായി ബന്ധിപ്പിക്കുന്ന ഇരുമ്പ-കാച്ചാണി റോഡിന്റെ നിര്‍മാണം വേഗത്തില്‍ പുരോഗമിക്കുന്നു. നിര്‍മാണ പുരോഗതി വിലയിരുത്താന്‍ കഴിഞ്ഞ ദിവസം ശബരീനാഥന്‍ എം.എല്‍.എയെത്തി. 2.65 കോടി രൂപ മുടക്കിയാണ് ഇരുമ്പ-കാച്ചാണി റോഡ് ആധുനിക നിലവാരത്തില്‍ നിര്‍മിക്കുന്നത്. ഇരുമ്പ മുതല്‍ കാച്ചാണി വരെ ഓടയും സംരക്ഷണ ഭിത്തിയുടെയും നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായി. ടാറിങ്ങിന്റെ ഒന്നാം ഘട്ടവും പൂര്‍ത്തിയായിട്ടുണ്ട്. ഇപ്പോള്‍ രണ്ടാം ഘട്ട ടാറിങ് നടന്നു വരികയാണ്. ഇതു പൂര്‍ത്തിയാക്കിയ ശേഷം ചില ഭാഗങ്ങളില്‍ കൂടി സംരക്ഷണ ഭിത്തികള്‍ നിര്‍മിക്കും. ശേഷം റോഡില്‍ സ്റ്റഡുകളും രണ്ട് വശത്തും സൈന്‍ ബോര്‍ഡുകളും സ്ഥാപിക്കും. റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് കെ.എസ്.ശബരീനാഥന്‍ എംഎല്‍എ അറിയിച്ചു.
നേരത്തെ ജി. കാര്‍ത്തികേയന്‍ സ്പീക്കര്‍ ആയിരിക്കെ അരുവിക്കര പഞ്ചായത്തിലെ ആറു റോഡുകള്‍ 20 കോടി രൂപ മുടക്കി ആധുനിക നിലവാരത്തില്‍ നവീകരിച്ചിരുന്നു. ഇതില്‍ ഉള്‍പ്പെടാത്ത ഏക റോഡായ ഇരുമ്പ കാച്ചാണി റോഡിന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ തുക അനുവദിച്ചു ഭരണാനുമതി നല്‍കിയിരുന്നു. തുടര്‍ നടപടികള്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ മാര്‍ച്ചില്‍ മന്ത്രി ജി. സുധാകരനാണ് നിര്‍മാണോദ്ഘാടനം നടത്തിയത്. റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ആര്യനാട്, അരുവിക്കര ഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് ഗതാഗത കുരുക്കില്ലാതെ എളുപ്പത്തില്‍ നഗരത്തില്‍ എത്താന്‍ കഴിയും.
എം.എല്‍.എയെക്കൂടാതെ പൊതുമരാമത്തു വകുപ്പ് റോഡ് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ അജിത് കുമാര്‍, ഓവര്‍സിയര്‍ മീന, മുന്‍ പഞ്ചായത്ത് മെമ്പര്‍ കൃഷ്ണകുമാര്‍ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."