അഞ്ചുസംസ്ഥാനങ്ങളിലായി 678 മണ്ഡലങ്ങള്‍; വിജയികളായവരില്‍ മുസ്ലിംകള് 18 പേര് മാത്രം
ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കു നടന്ന വോട്ടെടുപ്പില്‍ വിജയിച്ച 678 പേരില്‍ തെരഞ്ഞെടുക്കപ്പെട്ടത് 18 മുസ്ലിം സ്ഥാനാര്‍ഥികള്‍ മാത്രം. തെലങ്കാനയില്‍ എട്ടു മുസ്ലിം സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ രാജസ്ഥാനില്‍ ഏഴും മധ്യപ്രദേശില്‍ രണ്ടും ഛത്തിസ്ഗഡില്‍ ഒരാളും വിജയിച്ചു. മിസോറമില്‍ പ്രധാന കക്ഷികളൊന്നും മുസ്്ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തിയതുമില്ല.
രാജസ്ഥാനില്‍ ജനസംഖ്യയുടെ 10 ശതമാനം മുസ്ലിംകളുണ്ട്. 200 അംഗ നിയമസഭയില്‍ ജനസംഖ്യാപ്രാതിനിധ്യമനുസരിച്ച് 20 മുസ്ലിംകള് എങ്കിലും ഉണ്ടാകേണ്ടതാണ്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് 15 മുസ്ലിംകളെയും ബി.ജെ.പി ഒരു മുസ്ലിമിനെയുമാണ് സ്ഥാനാര്‍ഥികളാക്കിയത്. കോണ്‍ഗ്രസിന് ഏഴു മുസ്ലിംസ്ഥാനാര്‍ഥികളെ വിജയിപ്പിച്ചെടുക്കാനായി. ബി.ജെ.പിയുടെ ഏക മുസ്ലിം സ്ഥാനാര്‍ഥിയായിരുന്ന യൂനുസ് ഖാനെ കോണ്‍ഗ്രസ് നേതാവ് സച്ചിന് പൈലറ്റാണ് പരാജയപ്പെടുത്തിയത്. ടൊങ്ക് മണ്ഡലത്തില്‍ അരലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് സച്ചിന് പൈലറ്റ് വിജയിച്ചത്.
ദാനിഷ് അബ്റാര്‍ (സ്വാമി മധ്പൊര്), അമീന് ഖാന് (ഷിയോ), സാലിഹ് മുഹമ്മദ് (പൊക്രാന്‍), റഫീഖ് ഖാന് (ആദര്‍ശ് നഗര്‍), സാഹിദാ ഖാന് (കമന്), ഹകം അലി ഖാന് (ഫതഹ്പൂര്), അമീന് ഖാസി (കിഷാന് പൊലെ) എന്നിവരാണ് രാജസ്ഥാനില്‍ വിജയിച്ച മുസ്ലിം സ്ഥാനാര്‍ഥികള്‍.
മധ്യപ്രദേശിലെ 78 ദശലക്ഷം ജനങ്ങളില്‍ ഒന്‍പതു ശതമാനത്തോളമാണ് മുസ്ലിം ജനസംഖ്യ. ജനസംഖ്യാടിസ്ഥാനത്തില്‍ 230 അംഗ നിയമസഭയില്‍ 20 മുസ്ലിം എം.എല്‍.എമാര്‍ എങ്കിലും ഉണ്ടാകേണ്ടതാണ്. മുസ്ലിം ജനസംഖ്യ പകുതിയോളമുള്ള പത്തു മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്. എന്നാല്‍, ബി.ജെ.പി ഒരു മുസ്ലിം സ്ഥാനാര്‍ഥിയെയും കോണ്‍ഗ്രസ് മൂന്നുപേരെയുമാണ് മത്സരിപ്പിച്ചത്.
ഭോപ്പാല്‍ നോര്‍ത്തില്‍ കോണ്‍ഗ്രസിന്റെ ആരിഫ് അഖീല്‍ 34,557 വോട്ടുകള്‍ക്ക് ബി.ജെ.പിയുടെ ഏക മുസ്ലിം സ്ഥാനാര്‍ഥി ഫാത്വിമ സിദ്ദീഖിയെ പരാജയപ്പെടുത്തി. കോണ്‍ഗ്രസിന്റെ മുന്‍ മന്ത്രിയായിരുന്ന റസൂല്‍ അഹമദ് സിദ്ദീഖിയുടെ മകളാണ് ഫാത്വിമ. കോണ്‍ഗ്രസിന്റെ മറ്റൊരു മുസ്ലിം സ്ഥാനാര്‍ഥിയും അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് നിര്‍വാഹകസമിതി അംഗവുമായ ആരിഫ് മസൂദ് 14,757 വോട്ടുകള്‍ക്കാണ് വിജയിച്ചത്. കോണ്‍ഗ്രസിന്റെ മറ്റൊരു മുസ്ലിം സ്ഥാനാര്‍ഥി മഷാറത്ത് ഷാഹിദ് (സിറോഞ്ച്) 35,000 ഓളം വോട്ടുകള്‍ക്ക് ബി.ജെ.പിയുടെ ഉമാകാന്ത് ശര്‍മയോടു പരാജയപ്പെട്ടു.
119 നിയമസഭാ സീറ്റുകളുള്ള തെലങ്കാനയില്‍ എട്ടു മുസ്്ലിം സ്ഥാനാര്‍ഥികളാണ് വിജയിച്ചത്. കോണ്‍ഗ്രസ് ഏഴും, ടി.ആര്.എസും ബി.ജെ.പിയും രണ്ടുവീതവും മുസ്ലിം സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ചിരുന്നു. വിജയിച്ച എട്ടുപേരില്‍ ഏഴും മജ്ലിസേ ഇത്തിഹാദുല്‍ മുസ്ലിമീന്റെ അംഗങ്ങളാണ്.
ബഹദൂര്പൂരയിലെ മുഹമ്മദ് മുഅ്സം ഖാന്റെ (മജ്ലിസ്) വിജയമാണ് ഇവിടെ ശ്രദ്ധേയം. 82,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം വിജയിച്ചത്. എതിര്‍സ്ഥാനാര്‍ഥി ടി.ആര്.എസിന്റെ ഇനായത്ത് ആലിക്ക് 14,475 വോട്ടുകളാണ് ലഭിച്ചത്. ഇവിടെ മത്സരിച്ച ഒന്പതുസ്ഥാനാര്ഥികളും മുസ്ലിംകളായിരുന്നു. ഷക്കീല്‍ ആമിര്‍ മുഹമ്മദ് (ബോധന്- ടി.ആര്.എസ്), അക്ബറുദ്ദീന്‍ ഉവൈസി (ചന്ദ്രയാന്‍ഗുട്ട- മജ്ലിസ്), മുംതാസ് അഹമ്മദ് ഖാന് (ചാര്‍മിനാര്‍- മജ്ലിസ്), അഹമ്മദ് ബിന്‍ അബ്ദുല്ല ബലാല (മലക്പേട്ട്- മജ്ലിസ്), ജാഫര്‍ ഹുസൈന് (നംപള്ളി- മജ്ലിസ്), കൗസര്‍ മുഹ്യിദ്ദീന് (കര്വാന്- മജ്ലിസ്), സയ്യിദ് അഹമ്മദ് പാഷ ഖാദിരി (യാകൂത് പുര- മജ്ലിസ്) എന്നിവരാണ് സംസ്ഥാനത്ത് വിജയിച്ച മറ്റു മുസ്ലിം സ്ഥാനാര്‍ഥികള്‍.
ഛത്തിസ്ഗഡില്‍ കോണ്‍ഗ്രസ് രണ്ടുസ്ഥാനാര്‍ഥികളെ നിര്‍ത്തിയപ്പോള്‍ ഒരാള്‍ ജയിച്ചു. മുതിര്‍ന്ന നേതാവ് മുഹമ്മദ് അക്ബര്‍ അരലക്ഷത്തിലേറെ ഭൂരിപക്ഷവുമായി റെക്കോര്‍ഡ് വിജയം സ്വന്തമാക്കിയപ്പോള്‍ വൈശാലിനഗറില് ബദറുദ്ദീന്‍ ഖുറേശി 18,000 ഓളം വോട്ടുകള്‍ക്ക് ബി.ജെ.പിയുടെ വിദ്യരത്തന് ഭസിനോട് പരാജയപ്പെട്ടു.
അഞ്ചുശതമാനത്തിലും താഴെ മുസ്്ലിം ജനസംഖ്യയുള്ള മണ്ഡലത്തിലാണ് അക്ബറിന്റെ ഉജ്ജ്വലവിജയം. സംസ്ഥാനത്തെ മുസ്ലിം ജനസംഖ്യ രണ്ടുശതമാനം മാത്രമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."