ജനങ്ങളുടെ ശബ്ദം സേനയെ കൊണ്ട് ഇല്ലാതാക്കാനാവില്ല, ഓരോ തവണ നിങ്ങള്‍ അടിച്ചമര്‍ത്തുമ്പോഴും കൂടുതല്‍ കരുത്തോടെ അവര്‍ എഴുന്നേറ്റ് നില്ക്കും - ആഞ്ഞടിച്ച് പ്രിയങ്ക
ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരായുള്ള സമരങ്ങള്‍ അടിച്ചമര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ജനങ്ങളുടെ ശബ്ദം സേനയെ ഉപയോഗിച്ച് ഇല്ലാതാക്കാനാവില്ല- പ്രിയങ്ക പറഞ്ഞു.
'ജനങ്ങളുടെ ശബ്ദം സേനയെ ഉപയോഗിച്ച് ഇല്ലാതാക്കാനാവില്ല. അധികാരം ഉറപ്പിക്കുന്നതിനും ഭരിക്കുന്നതിനും ഓരോ തവണയും സേനയെ ഉപയോഗിക്കുമ്പോള്‍, ഓരോ തവണയും അടിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുമ്പോള്‍, ഓരോ തവണയും ജനങ്ങളെ ചുമരിലേക്ക് തള്ളുമ്പോള്‍, അവര്‍ കൂടുതല്‍ ശക്തരാവുന്നു, അവര്‍ ശക്തിനേടുകയും അവരുടെ വാക്കുകള്‍ക്ക് ശബ്ദം കൂടുകയും ചെയ്യും ' ട്വിറ്ററില്‍ പ്രിയങ്ക കുറിച്ചു.
നമ്മുടെ സ്വാതന്ത്ര്യ സമരം ഇതിന് തെളിവാണ്. നമ്മുടെ ഭരണഘടന ഇതിന് ഗ്യാരണ്ടിയാണ്. നമ്മുടെ ജനങ്ങളാണ് അതിന്റെ ആത്മാവ്- അവര്‍ കൂട്ടിച്ചേര്‍ത്തു.
പൗരത്വ നിയമത്തിനെതിരെ രാജ്യമെങ്ങും ശക്തമായ പ്രതിഷേധം നടക്കുകയാണ്. ഡല്‍ഹി ചെങ്കോട്ടക്ക് സമീപം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവിടെ വന്‍ജനാവലിയാണ് പ്രതിഷേധത്തിനായി എത്തിയത്. പ്രദേശത്ത് കൂട്ട അറസ്റ്റ് നടക്കുകയാണ്. ഉത്തര്‍പ്രദേശിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഹൈദരാബാദില്‍ നൂറോളം വിദ്യാര്‍ഥികളെ പൊലിസ് അറസ്റ്റ് ചെയ്തു. പ്രതിഷേധത്തിനായി വിദ്യാര്‍ഥികള്‍ പോകുന്ന ബസില്‍ പൊലിസ് കയറി. അറസ്റ്റിലായ വിദ്യാര്‍ഥികളെ മൊയിനുദ്ദീന്‍ പൊലിസ് സ്റ്റേഷനിലേക്ക് മാറ്റി. തമിഴ്നാട്ടിലും വിവിധയിടങ്ങളിലായി വിദ്യാര്‍ഥി പ്രക്ഷോഭം നടക്കുകയാണ്. ബംഗളൂരുവില്‍ നാഷനല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യയിലെ വിദ്യാര്‍ഥികളെ തടവിലാക്കി. മുംബൈ ക്രന്തി മൈതാനിയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം നടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."