കോഴിക്കോട്ട് വിദ്യാര്‍ഥികളുടെ മഹാറാലി, പൗരത്വ ബില്ല് കത്തിച്ച് സാംസ്‌കാരിക നായകര്‍; ഐക്യദാര്‍ഢ്യവുമായി മാധ്യമപ്രവര്‍ത്തകര്‍
കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ വ്യാപക പ്രതിഷേധം. വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധ പരിപാടികള്‍ കോഴിക്കോട് നഗരത്തെ ഇളക്കിമറിച്ചു. സമരം ചെയ്ത ദേശീയ നേതാക്കളെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും കസ്റ്റഡിയില്‍ എടുത്തതിലും വിവിധ സ്ഥലങ്ങളിലെ പൊലിസ് അതിക്രമത്തിലും കടുത്ത അമര്‍ഷവും പ്രതിഷേധവുമാണ് ഉയര്‍ന്നത്.
വൈകിട്ടോടെ നഗരത്തില്‍ പ്രതിഷേധങ്ങളുടെ വേലിയേറ്റമായി. രാവിലെ കിഡ്‌സണ്‍ കോര്‍ണറില്‍ കലാകാരന്മാരുടെ പാട്ടു പാടി പ്രതിഷേധത്തോടെയാണ് പ്രക്ഷോഭപരമ്പരകള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് മാപ്പിളകലാരംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ചേര്‍ന്ന് നിയമം കത്തിച്ച് അറബിക്കടലിലൊഴുക്കി. ഉച്ചയ്ക്ക് ശേഷം കോഴിക്കോട്ടെ അഭിഭാഷകര്‍ പ്രകടനമായി നഗരത്തിലെത്തി.
[caption id="attachment_801163" align="aligncenter" width="630"] കിഡ്‌സണ്‍ കോര്‍ണറില്‍ നടന്ന സമൂഹചിത്രരചന[/caption]
വൈകിട്ട് ഐ.ഐ.എം, എന്‍.ഐ.ടി, മെഡിക്കല്‍ കോളജ്, ഫാറൂഖ് കോളജ് തുടങ്ങിയ കലാലയങ്ങളിലെ വിദ്യാര്‍ഥികള്‍ നടത്തിയ റാലിയോടെ പ്രതിഷേധം ആളിക്കത്തി. മാനാഞ്ചിറക്ക് മുന്നില്‍ ദേശീയപാത ഉപരോധിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാനുള്ള പൊലിസ് ശ്രമം സംഘര്‍ഷത്തിന് ഇടയാക്കി.
[caption id="attachment_801160" align="aligncenter" width="630"] ദേശീയ നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധറാലി[/caption]
സംസ്‌കാര സാഹിതിയുടെ ആഭിമുഖ്യത്തില്‍ കിഡ്‌സണ്‍ കോര്‍ണറില്‍ നടന്ന സാംസ്‌കാരിക പ്രതിഷേധം സാംസ്‌കാരിക പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി. എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി നഗരത്തില്‍ പ്രകടനവും മുതലക്കുളത്ത് പ്രതിഷേധ സംഗമവും നടത്തി.
കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ നടത്തിയ പ്രകടനത്തിലും പൗരത്വ നിയമത്തിനും പൊലിസ് അതിക്രമത്തിനുമെതിരേ പ്രതിഷേധമിരമ്പി. കാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ തടഞ്ഞു. പൗരത്വ നിയമത്തിനെതിരേ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന കൂട്ടായ്മ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശശികാന്ത് സെന്തില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന മഹിളാ കോണ്‍ഗ്രസ് പൗരത്വ ഭേദഗതി ബില്ല് കത്തിച്ചു. സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ് നേതൃത്വം നല്‍കി.
ബില്‍ കത്തിച്ച് പ്രതിഷേധിച്ച് സാംസ്‌കാരിക ലോകം
രാജ്യത്തെ ജനങ്ങളെ അനാഥരാക്കുന്ന ഫാസിസ്റ്റ് ചിന്തയില്‍ നിന്നാണ് പൗരത്വ ബില്‍ ഉടലെടുത്തതെന്ന് പ്രമുഖ കഥാകൃത്ത് യു.എ ഖാദര്‍. മതം നോക്കി പൗരത്വം നിര്‍ണയിക്കുന്ന പൗരത്വബില്ലിനെതിരേ സംസ്‌കാര സാഹിതിയുടെ 'ഞാന്‍ പൗരന്‍ പേര് ഭാരതീയന്‍' സംസ്‌കാര പ്രതിഷേധ കാംപയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം മാനാഞ്ചിറ സ്‌ക്വയറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
[caption id="attachment_801162" align="aligncenter" width="630"] കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറില്‍ നടന്ന സാംസ്‌കാരിക കൂട്ടായ്മ യു.എ ഖാദര്‍ ഉദ്ഘാടനം ചെയ്യുന്നു[/caption]സംസ്‌കാര സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് അധ്യക്ഷനായി. പൗരത്വബില്‍ കത്തിച്ച് സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രതിഷേധം രേഖപ്പെടുത്തി. പൗരത്വബില്ല് പൗരത്വം ഇല്ലാതാക്കുന്ന ബില്ലാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഡോ.എം.ജി.എസ് നാരായണന്‍ അഭിപ്രായപ്പെട്ടു. പൗരത്വബില്ലിലൂടെ നവഫാസിസമാണ് ബി.ജെ.പി നടപ്പാക്കുന്നതെന്ന് കെ.ഇ.എന്‍ കുഞ്ഞഹമ്മദ് പറഞ്ഞു. ഗാന്ധിജി ഉയര്‍ത്തിപ്പിടിച്ച ഇന്ത്യയുടെ ആത്മാവായ സഹിഷ്ണുതയെയും മതേതരത്വത്തെയും ഇല്ലാതാക്കുകയാണ് പൗരത്വബില്ലിലൂടെ കേന്ദ്ര സര്‍ക്കാരെന്ന് കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു. അനീതിക്കെതിരെ രാജ്യത്ത് അലയടിക്കുന്ന പ്രതിഷേധം അടിച്ചമര്‍ത്താന്‍ കഴിയില്ലെന്ന് യു.കെ കുമാരന്‍ അഭിപ്രായപ്പെട്ടു.
പൗരത്വബില്‍ മനുഷ്യത്വമില്ലായ്മയാണെന്ന് നടന്‍ മാമുക്കോയ പറഞ്ഞു. സ്വാതന്ത്ര്യസമരസേനാനി വാസു, ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദിഖ്, പ്രദീപ് പയ്യന്നൂര്‍, പ്രദീപന്‍, സുനില്‍ മടപ്പള്ളി, പ്രണവം പ്രസാദ് സംസാരിച്ചു.
ഐക്യദാര്‍ഢ്യവുമായി മാധ്യമപ്രവര്‍ത്തകര്‍
പൗരത്വ നിയമത്തിനെതിരേ പൊരുതുന്ന ഇന്ത്യക്കൊപ്പം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ നഗരത്തില്‍ പ്രകടനം നടത്തി. പ്രസ്‌ക്ലബിന് മുമ്പില്‍ നിന്നാരംഭിച്ച പ്രകടനം പാളയത്ത് നിന്നും കിഡ്‌സണ്‍ കോര്‍ണറില്‍ സമാപിച്ചു. മാധ്യമ പ്രവര്‍ത്തകരായ കെ. പ്രേമനാഥ്, പി.എ അബ്ദുല്‍ഗഫൂര്‍, പി.എസ് രാകേഷ്, പി.വി കുട്ടന്‍, ഇ.പി മുഹമ്മദ്, പി.വി ജീജോ, എന്‍.പി ശക്കീര്‍, ദീപക്ക് ധര്‍മടം, ഉമര്‍ പുതിയോട്ടില്‍, ഷൈബിന്‍ നന്മണ്ട, മുസ്തഫ പി. എറയ്ക്കല്‍, കെ.എ സൈഫുദ്ദീന്‍, മനില സി. മോഹന്‍, എം.പി ബഷീര്‍, പ്രദീപ് ഉഷസ്, ടി. മുംതസ്, എം. ജഷീന, വന്ദന കൃഷ്ണ, സി. പ്രജോഷ്, കെ.പി സജീവന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
[caption id="attachment_801158" align="aligncenter" width="630"] കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം[/caption]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."