പ്രളയം: ചെറുകിട വ്യാപാര മേഖലയില്‍ ഉജ്ജീവന വായ്പാ പദ്ധതി
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയക്കെടുതിക്കിരയായ ചെറുകിട വ്യാപാര വ്യവസായ മേഖലയില്‍ ഉപജീവനം നടത്തുന്നവരെ ഉള്‍പ്പെടുത്തി ഉജ്ജീവന വായ്പാപദ്ധതി നടപ്പാക്കുന്ന കാര്യം സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കെ ആന്‍സലന്റെ ശ്രദ്ധക്ഷണിക്കലിന് നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
കാര്‍ഷിക മേഖലയില്‍ പണിയെടുക്കുന്നവരെയും, കന്നുകാലികളെയും പക്ഷിമൃഗാദികളെയും വളര്‍ത്തി ഉപജീവനം നടത്തുന്നവരെയും ഉജ്ജീവന വായ്പാപദ്ധതിയില്‍ ഉള്‍പ്പെടുത്താമോ എന്ന കാര്യവും പരിഗണിക്കും. ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള വ്യാപാരികള്‍ക്ക് വസ്തുവകകള്‍, സ്‌റ്റോക്കുകള്‍ തുടങ്ങിയ നാശനഷ്ടങ്ങള്‍ക്ക് ആയാസരഹിതമായി ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.
ചെറുകിടഇടത്തരം സംരംഭങ്ങള്‍ വീണ്ടെടുക്കുന്നതിനായി പുതുതായി ബാങ്കുകള്‍ വഴി വായ്പ ലഭ്യമാക്കാനും നിലവിലുള്ള വായ്പകള്‍ പുനഃക്രമീകരിക്കാനും കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റിയോട് സംസ്ഥാനം ആവശ്യപ്പെട്ടതനുസരിച്ച് ബാങ്കുകള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് .
ചെറുകിട കച്ചവടക്കാരുടെ വായ്പകള്‍ക്ക് മൊറട്ടോറിയവും, പുനഃക്രമീകരണത്തിലൂടെ അധിക തിരിച്ചടവ് കാലയളവും, അധിക വായ്പയും ലഭ്യമാക്കുന്ന പദ്ധതി സംസ്ഥാനതല ബാങ്കിങ് സമിതിയുടെ സഹകരണത്തോടുകൂടി ബാങ്കുകള്‍ വഴി നടപ്പിലാക്കിയിട്ടുണ്ട്. വ്യാപാരികള്‍ക്ക് 10 ലക്ഷംവരെ ബാങ്കുകള്‍ വഴി വായ്പ നല്‍കുന്നതിനുള്ള പരിപാടി ആവിഷ്‌കരിച്ചിട്ടുണ്ട്. ജീവനോപാധികളും ഗൃഹോപകരണങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് ഒരുലക്ഷം രൂപ വരെയുള്ള പലിശരഹിത വായ്പ കുടുംബശ്രീ മുഖേന ലഭ്യമാക്കി.
ഇതിനു പുറമെ കുറഞ്ഞ നിരക്കിലുള്ള വായ്പാ പദ്ധതികള്‍ കെ.എഫ്.സിയും നടപ്പിലാക്കിയിട്ടുണ്ട്. കെ.എസ്.ഐ.ഡി.സി പ്രഖ്യാപിച്ചിട്ടുള്ള പ്രത്യേക പാക്കേജ് പ്രകാരം ഒന്‍പത് ശതമാനം പലിശക്ക് മൂന്നുകോടി രൂപ ഹ്രസ്വകാല വായ്പ നല്‍കും. ഇതിന്റെ തിരിച്ചടവ് കാലാവധി മൂന്നുവര്‍ഷമായി ഉയര്‍ത്തിയിട്ടുണ്ട്. പുതിയ സംരംഭങ്ങള്‍ക്കും പദ്ധതികള്‍ക്കും നടപടികള്‍ക്കുള്ള ഫീസ് ഒഴിവാക്കിയിട്ടുണ്ട്. കൈത്തറി മേഖലയിലും സജീവമായിത്തന്നെ ഇടപെട്ടിട്ടുണ്ട്.
കേന്ദ്ര ദുരന്ത പ്രതിരോധ നിധിയുടെ മാര്‍ഗരേഖയനുസരിച്ച് പ്രളയക്കെടുതിക്കിരയായ ചെറുകിട വ്യാപാരികള്‍ക്ക് നഷ്ടപരിഹാരമോ ധനസഹായമോ അനുവദിക്കുവാന്‍ കഴിയില്ല. അതിനാല്‍ ഈ മേഖലയിലുണ്ടാകുന്ന നാശനഷ്ടങ്ങളെക്കുറിച്ചുള്ള കണക്കുപോലും ശേഖരിക്കാറില്ല. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ വ്യവസായ വകുപ്പ് വിവരശേഖരണം നടത്തുകയും ഇതനുസരിച്ച് 4,611 ചെറുകിടഇടത്തരം വാണിജ്യ സ്ഥാപനങ്ങള്‍ക്കും 12,486 കടകള്‍ക്കും നാശനഷ്ടമുണ്ടായതായി കണക്കാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."