ഭീഷണിയുയര്‍ത്തി അപകട വളവ്
എടച്ചേരി: വടകര-കുറ്റ്യാടി സംസ്ഥാന പാതയില്‍ ചേലക്കാട്ടെ ജങ്ഷനിലെ കുത്തനെയുള്ള കയറ്റം അപകടം ക്ഷണിച്ചു വരുത്തുന്ന നിലയില്‍ തുടരുകയാണ്. ചേലക്കാട് തണ്ണീര്‍ പന്തല്‍ റോഡിനടുത്തായി എല്‍.പി സ്‌കൂളിനോട് ചേര്‍ന്നുള്ള വളവിലാണ് വന്‍ അപകടം പതിയിരിക്കുന്നത്.
ഇവിടെയുള്ള ചേലക്കാട്-തച്ചകുന്നത്ത് റോഡില്‍ നിന്ന് മെയിന്‍ റോഡിലേക്ക് കയറുന്ന സ്ഥലത്തെ കൊടുംവളവിന് പുറമെ കുത്തനെയുള്ള കയറ്റവുമാണ്. ഇതു കാരണം തിരക്കേറിയ മെയിന്‍ റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ ശ്രദ്ധയില്‍പെടുകയുമില്ല. കുത്തനെയുള്ള റോഡിലൂടെ കയറി വാഹനങ്ങള്‍ മെയിന്‍ റോഡിനോട് ചേര്‍ന്നുള്ള കയറ്റത്തിലെത്തിയാല്‍ മാത്രമാണ് ഇരുവശങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ശ്രദ്ധയില്‍പെടുന്നത്. ഇതു കാരണം പലപ്പോഴും ഇവിടെ അപകടങ്ങള്‍ സംഭവിച്ചിട്ടുമുണ്ട്.
വളവ് കഴിഞ്ഞ ഉടനെയുള്ള കുത്തനെയുള്ള കയറ്റം മണ്ണിട്ട് നിരപ്പാക്കിയാല്‍ ഈ പ്രശ്‌നം പരിഹരിക്കാവുന്നതാണ്. ഈ ആവശ്യത്തിനായി നാട്ടുകാര്‍ പലതവണ പൊതുമരാമത്ത് അധികൃതര്‍ക്കും പഞ്ചായത്തിനും നിവേദനം കൊടുത്തിരുന്നുവെങ്കിലും ഇതുവരെ ഫലമൊന്നും കണ്ടിട്ടില്ല. കുറ്റ്യാടി-നാദാപുരം റോഡ് വീതി കൂട്ടി വികസിപ്പിച്ചതോടെ ഈ റോഡിലൂടെ പലപ്പോഴും വാഹനങ്ങള്‍ അമിതവേഗതയിലാണ് വരുന്നത്.
തച്ചകുന്നത്ത് റോഡ് മെയിന്‍ റോഡില്‍ സന്ധിക്കുന്നതിന്റെ ഇരുവശങ്ങളിലും നേരത്തെ ഉണ്ടായിരുന്ന വരമ്പും ഇപ്പോള്‍ നശിച്ചുപോയ നിലയിലാണ്. ഇതോടെ ഇവിടം വാഹനങ്ങള്‍ വേഗത കുറക്കുന്ന പതിവും ഇല്ലാതായി. ഇത് അപകടത്തിന്റെ ആക്കം കൂട്ടുകയാണ്.
ഇവിടെയുള്ള കുത്തനെയുള്ള കയറ്റം നേരെയാക്കിയാല്‍ മാത്രമാണ് വാഹനങ്ങള്‍ക്ക് അപകട സാധ്യതയില്ലാതെ മെയിന്‍ റോഡിലേക്ക് പ്രവേശിക്കാനാവുക. ഇക്കാര്യത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെയും നാദാപുരം പഞ്ചായത്തിന്റെയും അടിയന്തര ശ്രദ്ധ പതിയണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."