സംസ്ഥാന നാടക മത്സരത്തില്‍ തിളങ്ങിയത് പൊലിസുകാരന്‍
വടകര: ആലപ്പുഴയില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ നാടക മത്സരത്തില്‍ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ പൊലിസുകാര്‍ക്കും അഭിമാനിക്കാം. വടകര ട്രാഫിക് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ പ്രേമന്‍ മുചുകുന്ന് സംവിധാനം ചെയ്ത ബായേന്‍ എന്ന നാടകത്തിനാണ് ഇത്തവണ ഒന്നാംസ്ഥാനം ലഭിച്ചത്.
മഹാശ്വേത ദേവിയുടെ കൃതിയെ അടിസ്ഥാനമാക്കി പ്രമുഖ നാടക പ്രവര്‍ത്തകന്‍ സുരേഷ്ബാബു ശ്രീസ്ഥ രചന നിര്‍വഹിച്ച നാടകം പ്രേമന്‍ മുചുകുന്നിന്റെ സംവിധാനമികവില്‍ മറ്റു നാടകങ്ങളെ പിന്നിലാക്കുകയായിരുന്നു. കാല്‍നൂറ്റാണ്ടായി നാടക രംഗത്ത് സജീവമാണ് കൊയിലാണ്ടി മുചുകുന്ന് സ്വദേശിയായ പ്രേമന്‍.
വിജയങ്ങളുടെ കൈയൊപ്പുമായാണ് ഈ കലാകാരന്റെ കുതിപ്പ്. വി.എച്ച്.എസ്.സി സംസ്ഥാന കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ നാടകം, സംസ്ഥാന കേരളോത്സവത്തില്‍ നാലു തവണ ഒന്നാം സ്ഥാനം നേടിയ നാടകങ്ങള്‍, കണ്ണൂര്‍, കോഴിക്കോട് സര്‍വകലാശാലകളില്‍ ഒന്നാം സ്ഥാനം നേടിയ മലയാളം, ഇംഗ്ലിഷ്, ഹിന്ദി നാടകങ്ങള്‍, സൗത്ത് ഇന്ത്യന്‍ യൂനിവേഴ്‌സിറ്റി ഫെസ്റ്റില്‍ സമ്മാനാര്‍ഹമായ നാടകം എന്നിവയുടെ സംവിധാനം പ്രേമനാണ് നിര്‍വഹിച്ചത്. 2012 ല്‍ ഇന്ത്യയിലെ മികച്ച നാടകത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച 'യയാതി' എന്ന നാടകത്തിന്റെ രചനയും സംവിധാനവും പ്രേമന്‍ നിര്‍വഹിച്ചതാണ്.
ഗ്രീന്‍ റൂം തിയറ്റര്‍ ഫ്രന്റ്‌സ് കേരളത്തിനകത്തും പുറത്തും അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന ആനന്ദിന്റെ 'ഗോവര്‍ധന്റെ യാത്രകള്‍' എന്ന നോവലിനെ ആസ്പദമാക്കി തയാറാക്കിയ 'മഹായാനം' എന്ന നാടകം സംവിധാനം ചെയ്തതും പ്രേമനാണ്. എ.കെ.ജി പുരസ്‌കാരം, സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം പുരസ്‌കാരം അടക്കം ഒട്ടേറെ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി. നാടകത്തോടൊപ്പം നിയമപാലക ജോലി ചെയ്യുന്ന പ്രേമന്‍ പൊലിസ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ പ്രസിഡന്റ് കൂടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."