പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചു; സിദ്ധാര്‍ത്ഥിനും തിരുമാളവനുമടക്കം 600 പേര്‍ക്കെതിരെ കേസ്
ചെന്നൈ: തമിഴ്‌നാട്ടില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച നടന്‍ സിദ്ധാര്‍ത്ഥിനെതിരെ കേസ്. ലോക്‌സഭാംഗമായ തോള്‍ തിരുമാളവന്‍, ഗായകന്‍ ടി.എം കൃഷ്ണ, നിത്യാനന്ദ് ജയറാം തുടങ്ങിയവര്‍ക്കെതിരെയും പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ചെന്നൈയിലെ വള്ളുവര്‍കോട്ടയില്‍ വ്യാഴാഴ്ച നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്ത 600 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
പൊലിസിന്റെ വിലക്ക് ലംഘിച്ച് പ്രതിഷേധം സംഘടിപ്പിച്ചെന്ന് ആരോപിച്ചാണ് കേസ്. മദ്രാസ് ഐഐടി, മദ്രാസ് സര്‍വകലാശാല വിദ്യാര്‍ത്ഥികളും കേസ് ചുമത്തപ്പെട്ടവരില്‍ ഉള്‍പെടുന്നു.
വിവിധ വിദ്യാര്‍ത്ഥി സംഘടനകളും സാംസ്‌കാരിക പ്രവര്‍ത്തകരും ആഹ്വാനം ചെയ്ത പ്രതിഷേധം ഇന്ന് നടക്കാനിരിക്കെയാണ് പൊലിസിന്റെ നടപടി.
നടപടിയെ വിമര്‍ശിച്ച് പ്രമുഖര്‍ രംഗത്തെത്തി. കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിഷേധം അണയ്ക്കാന്‍ ശ്രമിക്കേണ്ടെന്ന് ഡി.എം.കെ അധ്യക്ഷന്‍ സ്റ്റാലിന്‍ പറഞ്ഞു. വിമത ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമമാണെന്ന് കമല്‍ ഹസനും പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."