രാഷ്‌ട്രീയ നേതാക്കളുടെ അറസ്റ്റ് ആഭ്യന്തര ശിഥിലീകരണത്തിനുള്ള ആസൂത്രിത നീക്കം: ഇന്ത്യൻ സോഷ്യൽ ഫോറം
ദമാം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെങ്ങും പ്രക്ഷോഭങ്ങൾ കനക്കുമ്പോൾ രാഷ്‌ട്രീയ നേതാക്കളായ തസ്‌ലീം റഹ്മാനി, സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് തുടങ്ങിയ അനേകം രാഷ്‌ട്രീയ നേതാക്കളേയും, ജമാഅത്തെ ഇസ്‌ലാമി, പോപുലർ ഫ്രണ്ട് കാംപസ് ഫ്രണ്ട്, തുടങ്ങിയ സംഘടനകളുടെ നേതാക്കളെയും അറസ്‌റ്റ് ചെയ്‌ത നടപടി രാജ്യത്ത് ആഭ്യന്തര ശിഥിലീകരണത്തിനുള്ള ആസുത്രിത നീക്കമാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ദമാം കേരള സ്റ്റേറ്റ് കമ്മിറ്റി ആരോപിച്ചു. നേതാക്കൻമാരെ അറസ്റ്റ് ചെയ്‌തു തുറങ്കിലടച്ചാൽ ജനങ്ങളുടെ പ്രതിഷേധിക്കാനും ഒത്തുചേരാനുമുള്ള അവകാശത്തെ തകർക്കാൻ കഴിയുമെന്ന് കരുതുന്ന കേന്ദ്ര സർക്കാർ മൂഢൻമാരുടെ സ്വർഗ്ഗത്തിലാണെന്നും ഇത് അപലപനീയമാണെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. രാജ്യവ്യാപകമായി പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുന്നവരെ അറസ്റ്റ് ചെയ്യുന്നതിൽ പ്രതിഷേധിക്കാൻ ജനം കൂട്ടമായി തെരുവിലിറങ്ങണമെന്നും, പ്രവാസലോകത്ത് കൂട്ടായ പ്രതിഷേധങ്ങൾ ഉണ്ടാകണമെന്നും നസോഷ്യൽ ഫോറം ആവശ്യപ്പെട്ടു.
രാജ്യത്ത് മൊബൈൽ നെറ്റ് വർക്കുകൾ കട്ട് ചെയ്‌തും, പരസ്പരം ബന്ധപ്പെടാനുള്ള മാർഗ്ഗങ്ങൾ ഇല്ലാതാക്കിയും ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് സർക്കാർ സൃഷ്‌ടിക്കുന്നത്. ഇന്റർനെറ്റും മൊബൈലും ഒന്നും ഇല്ലാതിരുന്ന കാലത്താണ് സമ്രാജ്യത്വ ശക്തികൾക്കെതിരിൽ രാജ്യത്തെ ജനങ്ങൾ തെരുവിൽ സമരം ചെയ്തതെന്ന് ഫാഷിസ്റ്റുകൾ ഓർക്കുന്നത് നന്നാവും എന്നും കമ്മിറ്റി ഓർമ്മിപ്പിച്ചു. സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് നാസർ കൊടുവള്ളി, ജനറൽ സെക്രട്ടറി മുബാറക് പൊയിൽത്തൊടി, അബ്‌ദുറഹീം വടകര, നാസർ ഒടുങ്ങാട്, അഹ് മദ് യൂസുഫ്, അൻസാർ പായിപ്പാട് തുടങ്ങിയവർ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."