ഇന്ത്യയടക്കം ചില ഏഷ്യൻ രാജ്യങ്ങളിൽ നിന്നും സഊദിയിലേക്കുള്ള ഗാർഹിക റിക്രൂട്ട്മെന്റ് ഫീസിൽ വൻ ഇളവ്
റിയാദ്: ഇന്ത്യയടക്കം ചില ഏഷ്യൻ രാജ്യങ്ങളിൽ നിന്നും സഊദിയിലേക്കുള്ള ഗാർഹിക റിക്രൂട്ട്മെന്റ് ഫീസിൽ വൻ ഇളവ് രേഖപ്പെടുത്തി. ഇന്ത്യയെ കൂടാതെ, ശ്രീലങ്ക, ഫിലിപ്പൈൻസ് എന്നിവിടങ്ങളിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റിൽ ഏകദേശം 3000 റിയാൽ (56912 രൂപ) വരെയാണ് കുറവ് രേഖപ്പെടുത്തിയത്. ഇന്ത്യയിൽ നിന്നുള്ള റിക്രൂട്ട്‌മെന്റിന് 19,000 റിയാലിൽ നിന്ന് 16,000 റിയാൽ ആയും ശ്രീലങ്കയിൽ നിന്ന് 15,000 ത്തിൽ നിന്ന് 14000 റിയാൽ ആയും ഫിലിപ്പൈൻസിൽ നിന്ന് 14,000 റിയാലിൽ ന്ന്‌ന് 13,900 റിയാലുമായാണ് റിക്രൂട്ട്മെന്റ് ഫീസിൽ കുറവ് വന്നിരിക്കുന്നത്. എന്നാൽ, ബംഗ്ലാദേശ് റിക്രൂട്ട്‌മെന്റ് 7000 റിയാലിൽ നിന്ന് 9800 റിയാലായി ഉയർന്നപ്പോൾ വിയറ്റ്‌നാമിൽ നിന്ന് 18,000 റിയാലിൽ മാറ്റവുമില്ലാതെ തന്നെയാണ് തുടരുന്നത്.
അതേസമയം, സഊദിയിലേക്ക് ഏറ്റവുമധികം ഗാർഹിക തൊഴിലാളികൾ എത്തുന്നത് ഫിലിപ്പൈൻസിൽ നിന്നാണ്. നിലവിലെ റിക്രൂട്ട്‌മെന്റ് ചാർജിന്റെ 50 ശതമാനം കുറവിൽ ഫിക്‌സഡ് ചാർജിൽ 45 ദിവസത്തിനുള്ളിൽ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് മന്ത്രാലയം ആവിഷ്‌കരിച്ച 'മഅ്‌റൂഫ' സേവനം നടപ്പാക്കിയതോടെയാണ് ഫിലിപ്പൈൻസിൽ നിന്നുള്ള റിക്രൂട്ട്‌മെന്റ് 23 ശതമാനമായാണ് ഉയർന്നത്. സ്വദേശികൾക്ക് തൊഴിലാളികളെ തെരഞ്ഞെടുക്കാൻ സാധിക്കുന്ന ഈ സേവനം മുസാനിദ് പോർട്ടൽ വഴിയാണ് ലഭ്യമാവുക. ബംഗ്ലാദേശിൽ നിന്നുള്ള റിക്രൂട്ട്മെന്റ് നേരത്തെ 17 ശതമാനമായിരുന്നത് 22 ശതമാനമായി ഉയർന്നു. എന്നാൽ, ഇന്ത്യയിൽ നിന്നും റിക്രൂട്ട്മെന്റ് കുറവാണ് രേഖപ്പെടുത്തിയത്. ഇന്ത്യയിൽ നിന്ന് 11 ൽ നിന്ന് 10 ശതമാനമായാണ് കുറവ് രേഖപ്പെടുത്തിയത്. ഉഗാണ്ടയിൽ നിന്നുള്ള റിക്രൂട്ട്‌മെന്റും 12 ൽ നിന്ന് 11 ശതമാനമായും കുറഞ്ഞിട്ടുണ്ട്. ഹൗസ് ഡ്രൈവർമാർ 28 ശതമാനം, വീട്ടുവേലക്കാരികൾ 16 ശതമാനം, മറ്റു ജോലിക്കാർ 54 ശതമാനം എന്നിങ്ങനെയാണ് സഊദിയിലേക്കുള്ള റിക്രൂട്ട്‌മെന്റ് തോത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."