റിട്ട. ഡെപ്യൂട്ടി സഹ. രജിസ്ട്രാറുടെ ദുരൂഹമരണം; അഭിഭാഷക തട്ടിയെടുത്ത ആറേക്കര്‍ ഭൂമി കണ്ടെത്തി
പയ്യന്നൂര്‍: തൃച്ഛംബരത്തെ റിട്ട. ഡെപ്യൂട്ടി സഹകരണ രജിസ്ട്രാര്‍ പി. ബാലകൃഷ്ണന്റെ ദുരൂഹ മരണവും ബാലകൃഷ്ണന്റെ സ്വത്ത് തട്ടിയെടുക്കല്‍ കേസും അന്വേഷിക്കുന്ന പൊലിസ് സംഘം കേസിലെ ഒന്നാം പ്രതി അഭിഭാഷക കെ.വി ശൈലജ തട്ടിയെടുത്തുവെന്നാരോപിക്കുന്ന ആറേക്കര്‍ ഭൂമി കണ്ടെത്തി. പരിയാരം വില്ലേജില്‍ ഉള്‍പ്പെട്ട ഡോ. കുഞ്ഞമ്പുനായരുടെ അമ്മാനപാറയിലെ സ്ഥലങ്ങളിലെത്തിയാണ് ഇവര്‍ പരിശോധന നടത്തിയത്. തളിപ്പറമ്പ് സബ് രജിസ്ട്രാര്‍ ഓഫിസില്‍ നിന്ന് അഡ്വ. കെ.വി ശൈലജയുടെ സഹോദരി കെ.വി ജാനകി ബാലകൃഷ്ണന്റെ ഭാര്യയെന്ന പേരില്‍ വ്യാജരേഖയുണ്ടാക്കി അമ്മാനപ്പാറയിലെ ആറേക്കര്‍ സ്ഥലം സ്വന്തം പേരിലാക്കിയ രേഖകളും ജാനകി ശൈലജയ്ക്ക് ഈ സ്ഥലം ദാനാധാരം നല്‍കിയ രേഖകളും അന്വേഷണ സംഘം കണ്ടെത്തി.
ആധാരത്തില്‍ സ്ഥലത്തിന് 40 ലക്ഷം രൂപയാണ് കാണിച്ചിട്ടുള്ളത്. എന്നാല്‍ സ്ഥലത്തിന്റെ മതിപ്പുവില ഇന്ന് നാലുകോടിയോളം വരുമെന്നാണ് അന്വേഷണ സംഘം പറയുന്നത്. അമ്മാനപ്പാറയിലെ ദാനാധാരം കിട്ടിയ ആറേക്കര്‍ സ്ഥലത്ത് നിന്ന് ചെങ്കല്ല് ഖനനം ചെയ്യുന്നതിനായി അഡ്വ. കെ.വി ശൈലജ പരിയാരം സ്വദേശിക്ക് രണ്ടരലക്ഷം രൂപയ്ക്ക് വിട്ടുനല്‍കിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇയാളോട് രേഖകളുമായി ഇന്ന് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. തൃച്ഛംബരത്ത് ഡോ. കുഞ്ഞമ്പുനായരുടെ സ്ഥലത്ത് കൈയേറ്റം നടത്തി താമസിക്കുകയും വ്യവഹാരം നടത്തുകയും ചെയ്യുന്നവരെ ഒഴിപ്പിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനും ബാലകൃഷ്ണന്റെ സഹോദരി ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കും. അന്വേഷണ സംഘം ഇന്ന് പയ്യന്നൂര്‍ നഗരസഭയില്‍ നിന്നു കെ.വി ജാനകി കൈപ്പറ്റി വരുന്ന വാര്‍ധക്യ പെന്‍ഷന്റെ രേഖകളും പയ്യന്നൂരില്‍ താമസിച്ചുവെന്നുള്ളതിന്റെ റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റിന്റെ രേഖകളും പരിശോധിക്കും.
സ്വത്തുതട്ടിയെടുക്കല്‍ കേസില്‍ ഒന്നാം പ്രതിയായ അഡ്വ. കെ.വി ശൈലജയും ഭര്‍ത്താവ് പി. കൃഷ്ണകുമാറും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ജാമ്യാപേക്ഷ കോടതി അടുത്തയാഴ്ച പരിഗണിച്ചേക്കും. അന്വേഷണ ഉദ്യോഗസ്ഥനായ പയ്യന്നൂര്‍ സി.ഐ എം.പി ആസാദിനോട് കേസ് സംബന്ധിച്ച റിപ്പോര്‍ട്ടുകളുമായി വരുന്ന തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഹൈക്കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."