ഓണത്തിന് ഒരു മുറം പച്ചക്കറി: നടപ്പാക്കുന്നതിലെ കാലതാമസം തിരിച്ചടിയായേക്കും
തലശ്ശേരി: സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ വിഷരഹിത പച്ചക്കറിയുടെ ഉത്പാദനവും വ്യാപനവും വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി തുടക്കത്തിലേ പാളിയതായി വിമര്‍ശനം. പച്ചക്കറി ഉത്പാദനം ഗ്രാമീണ മേഖലയില്‍ വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതി മികച്ചതാണെങ്കിലും ആസൂത്രണത്തിലെ ദീര്‍ഘവീക്ഷണമില്ലായ്മയാണ് തിരിച്ചടിയായത്. പച്ചക്കറി വിത്തുകള്‍ നട്ടുകഴിഞ്ഞാല്‍ വിളവെടുക്കുന്നതിന് ചുരുങ്ങിയത് 45 ദിവസമെങ്കിലും ആവശ്യമാണ്. എന്നാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്തുകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍ വഴി ഗ്രാമീണ മേഖലയിലേക്ക് വിതരണം നല്‍കുന്നതിന് വിത്തുകള്‍ ശേഖരിക്കുന്നതില്‍ ഉണ്ടായ കാലതാമസമാണ് പദ്ധതിയെ ലക്ഷ്യം കാണുന്നതിന് തടസമായത്. മിക്ക പഞ്ചായത്തുകളിലും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വിത്തുകള്‍ വിതരണത്തിനായി നല്‍കിയത്. ഇതിന്റെ ഫലമായി വിത്തുകള്‍ സ്വന്തം പുരയിടത്തിലോ തുണ്ടുഭൂമിയിലോ നടുന്നതിന് ആവശ്യമായ ക്രമീകരണം ഉണ്ടാക്കുന്നതിന് പോലും വിത്തുകള്‍ വാങ്ങിയവര്‍ക്ക് സാധ്യമായില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. തലശ്ശേരി ബ്ലോക്ക് പഞ്ചായത്തില്‍ ഉദ്ദേശം നാലു ഹെക്ടറോളം സ്ഥലത്താണ് പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തത്. ഇവ യഥാര്‍ഥത്തില്‍ വിളവെടുക്കുകയാണെങ്കില്‍ ഉദ്ദേശം പത്ത് ടണ്ണോളം പച്ചക്കറി ലഭ്യമാവുമെന്നാണ് ഔദ്യോഗിക കണക്കുകള്‍. എന്നാല്‍ വിത്തു വിതരണത്തില്‍ കാലതാമസം സംഭവിച്ചതോടെ പ്രതീക്ഷിച്ച വിളയുടെ പകുതി പോലും ലഭിക്കില്ലെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."